ട്രെയിലറും പിക്-അപ് വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
text_fieldsചാത്തന്നൂർ: ദേശീയപാതയിൽ ട്രെയിലർ ലോറിയും പിക്-അപ് വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. പിക്-അപ് വാൻ ഡ്രൈവർ ഇത്തിക്കര ദിനേശ് മന്ദിരത്തിൽ ദിനേശിനും (28) അന്തർസംസ്ഥാന തൊഴിലാളികളായ മൂന്ന് പേർക്കുമാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ പൊലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലാക്കി.
പിക്-അപ് വാൻ ഡ്രൈവറുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ എട്ടോടെ ദേശിയപാതയിൽ ചാത്തന്നൂർ ജെ.എസ്.എം ജങ്ഷന് സമീപമാണ് അപകടം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിലർ തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന പിക്-അപ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്-അപ് വാൻ പൂർണമായും തകർന്നു.
വാനിെൻറ പിറകിലാണ് അന്തർസംസ്ഥാനക്കാരായ നിർമാണ തൊഴിലാളികൾ നിന്നിരുന്നത്. ഇടിയുടെ ആഘാതത്തിൽ രണ്ട് പേർ വാഹനത്തിൽ നിന്നും തെറിച്ചുപോയി.
പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു.