കൊല്ലം-തിരുപ്പതി എക്സ്പ്രസ് ഇന്നു മുതല്‍
text_fieldsതിരുവനന്തപുരം: കൊല്ലം-തിരുപ്പതി എക്സ്പ്രസ് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം-കാസർകോട് രണ്ടാം വന്ദേഭാരതിന്റെ സർവിസ് മംഗളൂരുവിലേക്ക് നീട്ടിയതിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. രാവിലെ 9.15നാണ് ഉദ്ഘാടനയാത്ര. ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് സ്റ്റേഷനുകളിലും ചടങ്ങ് സംഘടിപ്പിക്കുമെന്നും തിരുവനന്തപുരം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ മനീഷ് തപ്യാല്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൊല്ലം-തിരുപ്പതി എക്സ്പ്രസ് രാവിലെ 9.15ന് യാത്ര തിരിക്കും. അടുത്ത ദിവസം രാവിലെ 4.10ന് തിരുപ്പതിയില്‍ എത്തുന്ന വിധത്തിലാണ് ഉദ്ഘാടന ദിവസത്തെ യാത്ര. വള്ളിയൂര്‍ ഗുഡ് ഷെഡ് ഉദ്ഘാടനവും ചൊവ്വാഴ്ച നടക്കും. മേലേപ്പാളയം - നാഗര്‍കോവില്‍ ഇരട്ടപ്പാതയും നാടിന് സമർപ്പിക്കും. സംസ്ഥാനത്തെ 17 സ്റ്റേഷനുകളില്‍ പ്രാദേശിക ഉൽപന്നങ്ങള്ക്ക് വിപണി കണ്ടെത്തുന്നതിനുള്ള പദ്ധതി വിജയകരമായി നടപ്പാക്കിയതായി ഡിവിഷനല്‍ മാനേജര്‍ അറിയിച്ചു. വേഗം കൂട്ടല്‍ ഉള്‍പ്പെടെ പാളത്തില്‍ നടത്തേണ്ട അറ്റകുറ്റപ്പണിക്ക് ട്രെയിനുകളുടെ ബാഹുല്യം തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു. ട്രാക്കുകള്‍ ബലപ്പെടുത്തി വേഗം കൂട്ടൽ നടപടി പുരോഗമിക്കുകയാണ്. വളവുകള്‍ നിവര്‍ത്തിയും സിഗ്നല്‍ സംവിധാനം നവീകരിച്ചുമാകും വേഗം കൂട്ടുക. ഭൂമി ഏറ്റെടുക്കല്‍ വേണ്ടിവരില്ല. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗമാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

