Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചായക്കടമുക്കിന് സുധി...

ചായക്കടമുക്കിന് സുധി ജാടയില്ലാത്ത സാധാരണക്കാരൻ; വീട്ടിൽ മരണവാർത്ത എത്തിയത് ടി.വിയിലൂടെ

text_fields
bookmark_border
kollam sudhi
cancel
camera_alt

കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട കാർ

ഇരവിപുരം: അനുകരണകലയിൽ അസാധാരണ മികവുകാട്ടിയ കലാകാരനായിരുന്നു കൊല്ലം മുണ്ടയ്ക്കൽ ചായക്കട മുക്കിനടുത്തെ കൊല്ലം സുധിയെന്ന നാൽപത്തിയാറുകാരൻ. ജില്ലയുടെ പേരുതന്നെ സ്വന്തം പേരിനൊപ്പം ചേർത്ത സുധി കലാരംഗത്തെ അതുല്യ പ്രതിഭയായിരുന്നു.

വാളത്തുംഗൽ ഗവ. ബോയ്സ് ഹൈസ്കൂളിലെ പഠനകാലം മുതൽതന്നെ ഗാനാലാപനത്തിലും അനുകരണകലയിലും കൈയൊപ്പ് ചാർത്തിയ സുധിക്ക് അന്നേ താരപദവി ചാർത്തപ്പെട്ടെങ്കിലും സൗമ്യ പാതയിൽ തലക്കനമില്ലാതെ പോകാനായിരുന്നു ഇഷ്ടം.

കഷ്ടപ്പാടുകളുടെതായിരുന്നു കുട്ടിക്കാലം. റവന്യു വകുപ്പ് ജീവനക്കാരനായിരുന്ന പരേതനായ ശിവദാസന്‍റെയും ഗോമതിയുടെയും നാലു മക്കളിൽ ഇളയവനായ സുധി സഹോദരൻ സുനിലിനൊപ്പമാണ് സ്കൂൾതലത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്. ഏതു മത്സരത്തിൽ പങ്കെടുത്താലും സമ്മാനം ഉറപ്പായിരുന്നു. മിമിക്രി അവതരണത്തിൽ പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു.

‘93 - ‘94 കാലത്ത് ശോഭി തിലകൻ, ഷമ്മി തിലകൻ എന്നിവരുടെ ട്രൂപ്പുകളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെയും ജഗദീഷിനെയുമായിരുന്നു പ്രധാനമായും അനുകരിച്ചിരുന്നത്. ഇതിൽ ജഗദീഷിന്‍റെ അനുകരണമാണ് കൂടുതൽ കൈയടി നേടിക്കൊടുത്തത്.

മുണ്ടയ്ക്കലിലെ കുടുംബ വീട്ടിൽ വരുമ്പോഴൊക്കെ സ്നേഹിതരും നാട്ടുകാരും സൗഹൃദം പങ്കുവെക്കാൻ എത്തുക പതിവാണ്. അവരോടൊന്നും താരജാട കാട്ടാറില്ലെന്നതാണ് ഇദ്ദേഹത്തിന്‍റെ പ്രത്യേകതയെന്ന് പ്രദേശവാസികൾ പറയുന്നു. മുണ്ടയ്ക്കലിലെ വീട്ടിൽ ഇദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളുടെ കൂമ്പാരം തന്നെയുണ്ട്.

ആദ്യവിവാഹം പരാജയമായിരുന്നെങ്കിലും അതിലുള്ള ഏക മകനെ കുട്ടിക്കാലത്ത് പരിപാടിക്ക് പോകുമ്പോൾ ഒപ്പം കൂട്ടുമായിരുന്നു. ഒരുമാസം മുമ്പാണ് നാട്ടിൽ വന്നുപോയതെങ്കിലും മിക്ക ദിവസങ്ങളിലും വിഡിയോ കാളിലൂടെ മാതാവിനൊടും സഹോദരൻ സുനിലിനോടും മക്കളോടും സംസാരിക്കാറുണ്ടായിരുന്നു.

വടകരയിലെ പരിപാടി കഴിഞ്ഞ് ചൊവ്വാഴ്ച അമ്മയെ കാണാൻ മുണ്ടയ്ക്കലിലെ വീട്ടിലെത്തുമെന്ന് പറഞ്ഞിരുന്നതാണ്. തിങ്കളാഴ്ച പുലർച്ചയാണ് ഇവിടെ മരണവിവരം അറിയുന്നത്. അപ്പോൾമുതൽ ചായക്കടമുക്കിനടുത്തുള്ള പഴഞ്ഞിയിൽ പടിഞ്ഞാറ്റതിൽ വീട്ടിലേക്ക് അനുശോചന പ്രവാഹമായിരുന്നു.

സുധിയുടെ വീട്ടിൽ മരണവാർത്ത എത്തിയത് ടി.വിയിലൂടെ

കോട്ടയം: പുലർച്ച കൊല്ലം സുധിയെ കാത്തിരുന്ന രേഷ്മയുടെ കൺമുന്നിലെ ടി.വിയിൽ തെളിഞ്ഞത് പ്രിയപ്പെട്ടവന്‍റെ മരണവാർത്ത. തലേദിവസം രാവിലെ യാത്ര പറഞ്ഞുപോയ സുധി ചേതനയറ്റ് മടങ്ങിയെത്തുന്നു എന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവുന്നില്ല രേഷ്മക്കും കുടുംബത്തിനും.

ഞായറാഴ്ച രാവിലെ എട്ടിനാണ് വടകരയിലെ പരിപാടിക്കുപോയത്. രേഷ്മയുടെ ചേച്ചിയുടെ ഭർത്താവ് ലിബുവാണ് കോട്ടയത്ത് കൊണ്ടുവിട്ടത്. അന്നുതന്നെ മടങ്ങുമെന്നും അറിയിച്ചിരുന്നു. രാത്രി 12ന് രേഷ്മ വിളിച്ചപ്പോൾ പരിപാടി കഴിഞ്ഞിറങ്ങുന്നു എന്നായിരുന്നു മറുപടി.

പുലർച്ച എത്തുമെന്നും പറഞ്ഞു. ദുരന്തവാർത്ത ടി.വിയിൽ വന്നപ്പോഴാണ് വാകത്താനത്തെ വീട്ടിൽ അറിഞ്ഞത്. പിന്നാലെ വിവരം അറിയിച്ച് ഫോൺവിളിയുമെത്തി. കൊല്ലം സുധിയെന്നാണ് അറിയപ്പെടുന്നതെങ്കിലും ആറുവർഷമായി കോട്ടയം വാകത്താനം ഞാലിയാകുഴിക്കുസമീപം പൊങ്ങന്താനത്തെ വാടകവീട്ടിലാണ് താമസം.

ഭാര്യ രേഷ്മയുടെ വീടും വാകത്താനത്താണ്. രേഷ്മയുടെ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ട്. കൊല്ലത്തെ വീട്ടിൽ സഹോദരനും മാതാവ് ഗോമതിയുമാണ് താമസം. അവിടെയും വാടകവീടാണ്. സ്വന്തം വീടെന്ന സ്വപ്നം സഫലമാക്കാൻ കഴിഞ്ഞിരുന്നില്ല.

കോവിഡിനുശേഷമാണ് സുധി ചാനൽ പരിപാടികളിൽ സജീവമായത്. വിദേശത്തും പരിപാടികളുടെ തിരക്കായിരുന്നു. ഇതോടെ വീടു പണിയാൻ സ്ഥലം നോക്കിയിരുന്നെങ്കിലും ഒന്നും നടന്നില്ല. വീട്ടിലുള്ളപ്പോഴെല്ലാം നാട്ടുകാരെയും കൂട്ടുകാരെയും കാണുമായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ടുമാത്രം നടക്കുന്ന, നിഷ്കളങ്കതയോടെ ഇടപെട്ടിരുന്ന ആ മനുഷ്യന്‍റെ വിയോഗം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് നാട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Sudhi
News Summary - kollam sudhi obituary
Next Story