കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
text_fieldsകോട്ടയം: വാഹനാപകടത്തിൽ മരിച്ച മിമിക്രി-സിനിമാ താരം കൊല്ലം സുധിയുടെ കുടുംബത്തിന് ഇൻഷുറൻസ് നഷ്ടപരിഹാരമായി 1.77 കോടിയോളം രൂപ നൽകാൻ കോടതി വിധി. കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എം.എ.സി.ടി) കോടതിയുടേതാണ് ഉത്തരവ്. മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി 30 ദിവസത്തിനകം തുക കോടതിയിൽ കെട്ടിവെക്കണമെന്ന് കോട്ടയം എം.എ.സി.ടി ജഡ്ജി പ്രസൂൺ മോഹൻ നിർദേശിച്ചു.
1,41,09,840 രൂപയാണ് ട്രൈബ്യൂണൽ അടിസ്ഥാന തുകയായി വിധിച്ചത്. കേസ് ഫയൽ ചെയ്ത ദിവസം മുതൽ തുക കെട്ടിവെക്കുന്ന നാൾ വരെയുള്ള 8.5 ശതമാനം പലിശയും ഉൾപ്പെടെ ചേരുമ്പോഴാണ് ആകെ നഷ്ടപരിഹാരം 1.77 കോടി രൂപയോളമായി ഉയരുന്നത്. സുധിയുടെ ഭാര്യ, രണ്ട് മക്കൾ, അമ്മ എന്നിവർക്കാണ് ഈ തുക ലഭിക്കുക. നീണ്ടകാലത്തെ നിയമനടപടികൾക്കും പരിശോധനകൾക്കും ഒടുവിലാണ് കുടുംബത്തിന് ആശ്വാസമാകുന്ന വിധി വന്നിരിക്കുന്നത്.
സംസ്ഥാനത്തെ വാഹനാപകട നഷ്ടപരിഹാര കേസുകളിൽ ആശ്രിതർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകകളിൽ ഒന്നാണിതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. എ.ആർ. കലേഷ് കുമാർ, അഡ്വ. കെ.എസ്. ഹർഷാന എന്നിവർ വ്യക്തമാക്കി. വിനോദ രംഗത്ത് സജീവമായി നിൽക്കെ ഉണ്ടായ അപ്രതീക്ഷിത വിയോഗവും, സുധിയുടെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് കോടതി ഉയർന്ന തുക നഷ്ടപരിഹാരമായി വിധിച്ചത്.
2023 ജൂൺ അഞ്ചിന് പുലർച്ചെ തൃശൂർ കൈപ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു സുധിയുടെ ജീവനെടുത്ത ദാരുണമായ വാഹനാപകടം. കോഴിക്കോട് വടകരയിൽനിന്ന് ടെലിവിഷൻ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിനൊപ്പം കാറിലുണ്ടായിരുന്ന ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് കുഞ്ഞുമോൻ എന്നിവർക്കും പരിക്കേറ്റിരുന്നു.
ടെലിവിഷൻ കോമഡി പരിപാടികളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച നടനായിരുന്നു കൊല്ലം സുധി. 2015-ൽ പുറത്തിറങ്ങിയ 'കാന്താരി' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തിയ അദ്ദേഹം കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

