Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅച്ഛനും ഭർത്താവിനും...

അച്ഛനും ഭർത്താവിനും പിന്നാലെ മകനും കാണാമറയത്ത്; കടലിൽ കാണാതായ ഗൗതംകൃഷ്ണക്കായി തെരച്ചിൽ പുനരാരംഭിക്കുന്നു

text_fields
bookmark_border
അച്ഛനും ഭർത്താവിനും പിന്നാലെ മകനും കാണാമറയത്ത്; കടലിൽ കാണാതായ ഗൗതംകൃഷ്ണക്കായി തെരച്ചിൽ പുനരാരംഭിക്കുന്നു
cancel
camera_alt

കൊല്ലം നീണ്ടകരയിൻ വള്ളം മറിഞ്ഞ് കാണാതായ ഗൗതമിന്‍റെ മാതാവ് രേഷ്‌മ തീരദേശപൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

കൊല്ലം: കടൽ തിരകൾ ഒളിപ്പിച്ചുവെച്ചിരുന്ന ദുരന്തം ഇടിത്തീ പോലെ ഒരു കുടുംബത്തിന് മേൽ പതിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും തീരാവേദനയായി കൊച്ചുമകനായുള്ള കാത്തിരിപ്പ് തുടരുന്നു. കഴിഞ്ഞ 31ന് ശക്തികുളങ്ങരയിൽ വള്ളം മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ ദുരന്തത്തിനിരയായ സംഭവത്തിലാണ് കാണാതായ 26കാരൻ ഗൗതംകൃഷ്ണക്കായുള്ള പ്രിയപ്പെട്ടവരുടെ കാത്തിരിപ്പ് നീളുന്നത്.

അപകടത്തിൽ ഗൗതംകൃഷ്ണയുടെ മുത്തശ്ശൻ നീണ്ടകര പുത്തൻതുറ പൂമുഖത്ത് രാജീവനും പിതാവ് കടവുങ്കൽ രാധാകൃഷ്ണനും ജീവൻ നഷ്ടമായിരുന്നു. ആർത്തിരമ്പിയ തിരകൾക്കൊപ്പം കടലിൽ മറഞ്ഞ ഗൗതംകൃഷ്ണയെ മാത്രം ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ല. കുടുംബത്തിന്റെ അത്താണികളായിരുന്ന രണ്ട് പേരുടെ വേർപാടിന്റെ ആഘാതത്തിനൊപ്പം കൊച്ചുമകൻ കാണാമറയത്താണെന്ന ഹൃദയവേദനയിൽ നീറുകയാണ് പൂമുഖത്ത് വീട്ടിൽ മുത്തശ്ശി സുമംഗലയും ഗൗതമിന്റെ മാതാവ് രേഷ്മയും സഹോദരൻ രാകേഷ് കൃഷ്ണയും അടങ്ങുന്ന കുടുംബം. ഒരാഴ്ചയായിട്ടും യുവാവിനായി കടലിൽ കാര്യക്ഷമമായ തെരച്ചിൽ നടത്തിയില്ല എന്നതാണ് തീരമേഖലയിൽ വലിയ അമർഷത്തിനിടയാക്കുന്നത്.

ജൂലൈ അവസാന ആഴ്ചയിൽ കൊല്ലം തീരത്ത് നാല് വള്ളങ്ങൾ ആണ് അപകടത്തിൽപെട്ടത്. നാല് പേർ ഈ അപകടങ്ങളിൽ മരിക്കുകയും മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഗൗതംകൃഷ്ണയെ മാത്രമാണ് ഇനി കണ്ടെത്താതെയുള്ളത്. ശക്തികുളങ്ങരയിൽ ഗൗതമിന്റെ വള്ളം മറിഞ്ഞതിന് രണ്ട് ദിവസം മുമ്പ് ആണ് തങ്കശ്ശേരിയിൽ വള്ളം മറിഞ്ഞ് കളീയ്ക്കൽ കടപ്പുറം സ്വദേശി റോയിസണിനെ കാണാതായത്. റോയിസണിന് വേണ്ടി കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തുകയും ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

സ്കൂബ സംഘത്തിനെ എത്തിച്ച് അടുത്ത ദിവസം തെരച്ചിൽ നടത്താം എന്ന് പറഞ്ഞ് അധികൃതർ കടലിൽ നിന്ന് പിൻവാങ്ങിയതോടെ അപകടത്തിന്റെ രണ്ടാം ദിനം രാത്രി മത്സ്യതൊഴിലാളികൾ വള്ളങ്ങളിൽ പോയി വ്യാപകമായി നടത്തിയ തെരച്ചിലിൽ ആണ് റോയിസണിന്റെ മൃതദേഹം ലഭിച്ചത്.

ആ രാത്രി പുലർന്ന ദിനത്തിലാണ് ശക്തികുളങ്ങരയിൽ 14 മത്സ്യതൊഴിലാളികൾ കടലിൽ പോയ ‘ശ്രീകൃഷ്ണ ഭഗവാൻ’ വള്ളം മറിഞ്ഞ് പുത്തൻതുറ പൂമുഖത്ത് രാജീവൻ മരിക്കുകയും മരുമകൻ രാധാകൃഷ്ണനും ചെറുമകൻ ഗൗതംകൃഷ്ണയും കാണാമറയത്താകുകയും ചെയ്തത്. ആദ്യ മണിക്കൂറുകളിൽ കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തിയിട്ടും രണ്ടാളെയും കണ്ടെത്താനായില്ല.

രണ്ടാം ദിനത്തിൽ പുലർച്ചെ ആണ് രാധാകൃഷ്ണന്റെ മൃതദേഹം മത്സ്യതൊഴിലാളികൾ കണ്ടെത്തി കരയിൽ എത്തിച്ചത്. അപ്പോഴേക്കും ഔദ്യോഗിക തെരച്ചിൽ ‘ചടങ്ങ്’ ആയി മാറിയതോടെ ഗൗതംകൃഷ്ണക്കായി കാത്തിരിപ്പ് നീണ്ടു. ഇതിനിടയിൽ അടുത്ത ദിവസം ഉണ്ടായ അപകടത്തിൽ കാണാതായ കന്യാകുമാരി സ്വദേശി അർജുനന്റെ മൃതദേഹവും രണ്ടാം ദിനം കണ്ടെത്തി. അധികൃതർ ഫലപ്രദമായി തെരച്ചിൽ നടത്തി ഗൗതംകൃഷ്ണയെ കണ്ടെത്തും എന്ന് വിശ്വസിച്ച് പ്രിയപ്പെട്ടവർ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നിരാശ മാത്രം ആണ് ബാക്കി.

കടലിൽ അപകടത്തിൽ പെട്ട് മത്സ്യതൊഴിലാളികളെ കാണാതാകുമ്പോൾ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ആണ് തെരച്ചിൽ നടപടികൾ ഏകോപിപ്പിക്കേണ്ടത്. ഫിഷറീസ് വകുപ്പ് അധികൃതർക്കും ഉത്തരവാദിത്തവുണ്ട്. എന്നാൽ, കാലാവസ്ഥ മോശം എന്ന കാരണം ഉയർത്തി കോസ്റ്റൽ പൊലീസ് അടക്കം തെരച്ചിൽ നിലച്ച നിലയിലായി. സ്കൂബ സംഘത്തിനെ വെച്ചുള്ള തെരച്ചിലും പരിഗണനയിൽ പോലും വന്നില്ല.

സർക്കാർ സംവിധാനം ഒന്നാകെ ആ യുവാവിനെ മറന്നതരത്തിൽ പെരുമാറുന്നത് കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും മത്സ്യതൊഴിലാളി സമൂഹത്തിന്‍റെയും വേദനയെ അവഹേളിക്കുന്നതിന് തുല്യമായി.

ഫിഷറീസ് അധികൃതർ ആരും തങ്ങളെ തിരിഞ്ഞുനോക്കിയില്ല എന്ന പരാതിയാണ് ഗൗതംകൃഷ്ണയുടെ കുടുംബം ഉന്നയിക്കുന്നത്. ഒരാഴ്ചക്കിടയിൽ നാല് വള്ളങ്ങൾ അപകടത്തിൽപെട്ട് നാല് ജീവനുകൾ പൊലിഞ്ഞ കൊല്ലത്ത് ഫിഷറീസ് മന്ത്രി കാലുകുത്തിയിട്ടില്ല എന്നതും മത്സ്യതൊഴിലാളി സമൂഹത്തെ ചൊടിപ്പിക്കുന്നുണ്ട്. മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ ഉൾപ്പെടെ അധികൃതർ വന്നില്ലെന്ന് മാത്രമല്ല, നഷ്ടപരിഹാരം ഉൾപ്പെടെ യാതൊരു സഹായം സംബന്ധിച്ചും പ്രഖ്യാപനങ്ങളും അധികൃതർ നടത്തിയിട്ടില്ല.

ഇപ്പോൾ വെള്ളപ്പൊക്കം തുടരുന്ന മേഖലകളിൽ പോലും രക്ഷാപ്രവർത്തനത്തിന് കൊല്ലത്ത് നിന്ന് മത്സ്യതൊഴിലാളികൾ എത്തിച്ചേർന്നിരുന്നു. അതേ മത്സ്യതൊഴിലാളികൾക്ക് അപകടം വരുമ്പോൾ ആരും തിരിഞ്ഞുനോക്കാത്ത സ്ഥിതിയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

അച്ഛനും ഭർത്താവും മരിച്ചു; മകനെ കാത്തിരിക്കുന്ന അമ്മയോട് സിസ്റ്റം പറയുന്നു, ‘നിങ്ങൾ ഡിമാൻഡ് ചെയ്തില്ലല്ലോ’

കൊല്ലം: സ്വന്തം പിതാവിന്റെയും ഭർത്താവിന്റെയും ചിതയെരിഞ്ഞ വേദനയിൽ നീറി, കടൽതിരയിൽ മറഞ്ഞുപോയ പ്രിയപ്പെട്ട മകനെ കാത്തിരിക്കുന്ന ഒരമ്മയോട് കരുണയില്ലാതെ കേരളത്തിന്റെ സർക്കാർ സിസ്റ്റം പറയുന്നു, ‘നിങ്ങൾ കാര്യക്ഷമമായി തെരച്ചിൽ നടത്തണമെന്ന് ഡിമാൻഡ് ചെയ്തില്ലല്ലോ’. ആ വാക്കുകൾ കേൾക്കേണ്ടി വന്ന ഞെട്ടലിൽ നെഞ്ചുലക്കുന്ന കണ്ണീരുമായി തന്റെ മകന് നീതി തേടി ആ അമ്മ ഒടുവിൽ പൊലീസ് സ്റ്റേഷന് മുന്നിൽ സമരമിരിക്കുന്നു. സിസ്റ്റത്തോട് മണിക്കൂറുകളോളം കലഹിച്ചതിനൊടുവിൽ ഒരാഴ്ച മുമ്പ് കടലിൽ കാണാതായ മകന് വേണ്ടി ഫലപ്രദമായി തെരച്ചിൽ നടത്താം എന്ന ഉറപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് എത്തിയതിൽ പ്രതീക്ഷയർപ്പിച്ച് ആ അമ്മ മടങ്ങി.

കടലിൽ വള്ളം മറിഞ്ഞ് പിതാവും ഭർത്താവും നഷ്ടപ്പെട്ട നീണ്ടകര പുത്തൻതുറ പൂമുഖത്ത് വീട്ടിൽ രേഷ്മയാണ് അപകടത്തിൽ കാണാതായ മകൻ ഗൗതംകൃഷ്ണയെ കണ്ടെത്താൻ സർക്കാർ സംവിധാനം കാണിക്കുന്ന അലംഭാവത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഗൗതംകൃഷ്ണയെ കണ്ടെത്താൻ കാര്യമായി തെരച്ചിൽ നടക്കുന്നില്ല എന്ന പരാതി ഉയർത്തിയപ്പോഴാണ് ‘നിങ്ങൾ ഡിമാൻഡ് ചെയ്തത് ഇപ്പോഴല്ലേ’ എന്ന് ഫിഷറീസ് അധികൃതർ പറഞ്ഞതായി മാതാവ് ആരോപിക്കുന്നത്. ഈ മറുപടി കേൾക്കേണ്ടി വന്നതോടെ ആണ് വ്യാഴാഴ്ച വൈകിട്ട് നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ രേഷ്മ പ്രതിഷേധമുയർത്തിയത്.

കോസ്റ്റ് ഗാർഡിന്റെ പരിശോധനയിൽ തൃപ്തിയില്ലെന്നും നേവിയെയും സ്കൂബ ഡൈവർമാരെയും ഉപയോഗിച്ച് തെരച്ചിൽ നടത്തണമെന്നുമുള്ള ആവശ്യവുമായി ഉച്ചയോടെ സ്റ്റേഷനിൽ എത്തിയ രേഷ്മയോട് എസ്.എച്ച്.ഒയും സ്ഥലത്ത് എത്തിയ ഫിഷറീസ് അധികൃതരും ചർച്ച നടത്തിയിരുന്നു. ഇതിനിടയിലാണ് എന്ത് കൊണ്ട് നേരത്തെ മികച്ച സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടത്തിയില്ല എന്ന് ചോദിച്ചപ്പോൾ ഡിമാൻഡ് ചെയ്തത് ഇപ്പോഴല്ലെ എന്ന വാക്കുകൾ താൻ കേൾക്കേണ്ടി വന്നതെന്ന് രേഷ്മ പറയുന്നു.

‘മൂന്ന് പേരെ നഷ്ടപ്പെട്ട ഒരു വീട്ടിൽ നിന്ന് ഒരമ്മ ഏഴാമത്തെ ദിവസം വന്ന് ഡിമാൻഡ് ചെയ്യുമ്പോൾ മാത്രമാണോ നമ്മുടെ ഭരണകൂടം ഉണരുന്നത്’ എന്ന് ചോദ്യമുയർത്തി രേഷ്മ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു. തൃപ്തികരമായ മറുപടി കിട്ടാതെ പോകില്ലെന്നും കലക്ടറും ഫിഷറീസ് ഉന്നത അധികൃതരും സ്ഥലത്ത് എത്തി ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ടാണ് രേഷ്മ പ്രതിഷേധിച്ചത്. തുടർന്ന് എ.സി.പി ഷാജിയും സ്ഥലത്തെത്തി. സി.പി.എം നേതാക്കളായ ജെ. മേഴ്സിക്കുട്ടിയമ്മയും ടി. മനോഹരനും ഉൾപ്പെടെയുള്ളവരും സ്ഥലത്ത് എത്തി പ്രതിഷേധിച്ചു. ഒടുവിൽ വീണ്ടും ചർച്ച നടത്തി വെള്ളിയാഴ്ച രാവിലെ 6.30ഓടെ വിദഗ്ധ സംഘത്തെ എത്തിച്ച് തെരച്ചിൽ പുനരാരംഭിക്കും എന്ന ഉറപ്പിലാണ് പ്രതിഷേധങ്ങൾ അവസാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boat accidentcoastal policeProtestsKollam
News Summary - Mother of Missing Kollam Youth Protests Outside Police Station Over Delay in Search Operations
Next Story