ഹൃദയം ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിച്ചു, ഇനി 28കാരനിൽ തുടിക്കും; മരിച്ചിട്ടും ആറുപേര്‍ക്ക് തണലായി ഐസക് ജോര്‍ജ്
text_fieldsഎയർ ആംബുലൻസിൽ തിരുവനന്തപുരത്തുനിന്നും എത്തിച്ച ഐസക് ജോര്‍ജിന്റെ ഹൃദയം എറണാകുളം ബോൾഗാട്ടി ഹയാത്ത് ഹെലിപാഡിൽ നിന്നും ലിസി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നു
തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. കൊല്ലം കൊട്ടാരക്കര ബഥേല്‍ ചരുവിള വടവോട് സ്വദേശി ഐസക് ജോര്‍ജിന്റെ (33) ഹൃദയം ഉള്‍പ്പടെയുള്ള ആറ് അവയങ്ങളാണ് ദാനം ചെയ്തത്. എയർ ആംബുലൻസിൽ തിരുവനന്തപുരത്തുനിന്നും എത്തിച്ച ഹൃദയം എറണാകുളം ബോൾഗാട്ടി ഹയാത്ത് ഹെലിപാഡിൽ നിന്നും ലിസി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 28 കാരനിലാണ് ഹൃദയം മിടിക്കുക. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, 2 നേത്രപടലങ്ങള്‍ തിരുവനന്തപുരം സര്‍ക്കാര്‍ റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കാണ് നല്‍കിയത്.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം അവയവങ്ങള്‍ എത്രയും പെട്ടെന്ന് അതാത് ആശുപത്രികളില്‍ എത്തിക്കാന്‍ കെ-സോട്ടോ നടപടി സ്വീകരിച്ചു. ഹൃദയം എറണാകുളത്ത് എത്തിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റര്‍ ആണ് ഉപയോഗിച്ചത്. റോഡ് മാര്‍ഗമുള്ള ഗതാഗതവും പൊലീസ് ക്രമീകരിച്ചിരുന്നു. കെ സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.
കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കില്‍ വെച്ച് സെപ്റ്റംബര്‍ ആറിന് രാത്രി 8 മണിയോടെ ഐസക് നടത്തുന്ന പള്ളിമുക്കിലെ റസ്റ്റോറന്റിന് മുന്നിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഐസകിനെ ഉടന്‍ തന്നെ അടുത്തുള്ള കൊട്ടാരക്കര ആശുപത്രിയിലും തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സെപ്റ്റംബര്‍ 10ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.
ഭാര്യ: നാന്‍സി മറിയം സാം. മകള്‍: അമീലിയ നാന്‍സി ഐസക് (രണ്ടുവയസ്‍). പിതാവ്: പരേതനായ സി.വൈ. ജോര്‍ജ് കുട്ടി, മാതാവ്: മറിയാമ്മ ജോര്‍ജ്. സംസ്‌കാര ചടങ്ങുകള്‍ സെപ്റ്റംബര്‍ 13ന് ശനിയാഴ്ച ബഥേല്‍ ചരുവിള വീട്ടില്‍ നടക്കും.
വിയോഗത്തിന്റെ തീവ്രദുഃഖത്തിനിടയിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നന്ദി അറിയിച്ചു. ഐസക് ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു. അവയവ വിന്യാസം വേഗത്തിലാക്കിയ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ സോട്ടോ), പൊലീസ് സേന, ജില്ലാ ഭരണകൂടങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയ എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

