യു.എസ് കമ്പനിയുടെ പേരിൽ ട്രേഡിങ് തട്ടിപ്പ്; കൊല്ലം സ്വദേശിക്ക് നഷ്ടമായത് രണ്ടുകോടി രൂപ
text_fieldsകൊല്ലം: കൊല്ലം സ്വദേശിയിൽനിന്ന് രണ്ടുകോടിയോളം രൂപ സൈബർ തട്ടിപ്പുകാർ ഓൺലൈനായി തട്ടിയെടുത്തു. ദീർഘകാലമായി ഷെയർ ട്രേഡിങ് രംഗത്തുള്ളയാളാണ് പരാതിക്കാരൻ. കഴിഞ്ഞ നവംബർ 10ന് അമേരിക്ക ആസ്ഥാനമായ പ്രമുഖ ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ പേരിൽ ഷെയർ ട്രേഡിങ്ങിനെക്കുറിച്ചുള്ള ഒരു ഓൺലൈൻ ക്ലാസിന്‍റെ ലിങ്ക് വാട്സ്ആപ് വഴി പരാതിക്കാരന് ലഭിച്ചിരുന്നു. അതിൽ പരാതിക്കാരൻ പങ്കെടുത്തു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഒരു വനിത ഫോണിൽ വിളിച്ച് ഇൻസ്റ്റിറ്റ്യൂഷനൽ ട്രേഡിങ്ങിനായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങാനെന്നപേരിൽ ഒരു പോർട്ടലിന്‍റെ ലിങ്ക് നൽകി.
ഈ പോർട്ടലിൽ വ്യക്തിഗത വിവരങ്ങളും ആധാർ, പാൻ, അക്കൗണ്ട് വിവരങ്ങളും നൽകി വലിയ തുകക്കുള്ള ബ്ലോക്ക് ട്രേഡ് ചെയ്യാൻ ഇൻസ്റ്റിറ്റ്യൂഷനൽ അക്കൗണ്ട് പരാതിക്കാരൻ ആരംഭിച്ചു. പണം ഇൻവെസ്റ്റ് ചെയ്യേണ്ട നിർദേങ്ങളും അക്കൗണ്ട് നമ്പറുകളും വാട്സ്ആപ് ഗ്രൂപ് വഴി നൽകി. ഇതിന്‍റെ വിശ്വാസ്യത പരിശോധിക്കുന്നതിനായി 10,000 രൂപ നിക്ഷേപിച്ചപ്പോൾ പോർട്ടൽ വാലറ്റിൽ തുക കാണിക്കുകയും ഇതിൽ നിന്ന് 4000 രൂപ പിൻവലിക്കുകയും ചെയ്തു. ഈ പണം സ്വന്തം അക്കൗണ്ടിൽ വന്നതോടെ പരാതിക്കാരൻ പല ദിവസങ്ങളിലായി രണ്ടുകോടിയോളം വരുന്ന തുക തട്ടിപ്പുകാർ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. ഇതുപയോഗിച്ച് ഈ പോർട്ടൽ വഴി ഷെയർ ട്രേഡ് ചെയ്യാനായിരുന്നു നിർദേശം. ഓരോ പ്രാവശ്യവും ട്രേഡ് ചെയ്യുമ്പോഴും പോർട്ടലിന്‍റെ വാലറ്റിൽ ലാഭം വന്നതായി കാണിക്കും. ഈ തുക പക്ഷേ, പിൻവലിക്കാൻ കഴിയില്ല. തുക ആറുകോടി രൂപയോളമായപ്പോൾ പരാതിക്കാരൻ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശേഷവും കൂടുതൽ തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിനിരയായതായി മനസ്സിലാവുന്നത്.
തുടർന്ന് കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വ്യാജ ആപുകൾ നിർമിച്ച് സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ച് വൻലാഭം വരുന്നതായി ആപിൽ കാണിച്ച് ഇരകളെക്കൊണ്ട് കൂടുതൽ പണം നിക്ഷേപിക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിൽ കൊല്ലം സിറ്റി പൊലീസ് പരിധിയിൽ മാത്രം ഒരാഴ്ചക്കുള്ളിൽ ഒന്നേകാൽ കോടിയോളം രൂപ പലരിൽ നിന്നുമായി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും കേരളത്തിലേത് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.