Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം-മിനിക്കോയ് കപ്പൽ പാത...ചർച്ചകൾക്ക് ജീവൻ വെക്കുന്നു

text_fields
bookmark_border
കൊല്ലം-മിനിക്കോയ് കപ്പൽ പാത...ചർച്ചകൾക്ക്  ജീവൻ വെക്കുന്നു
cancel

കൊല്ലം: പതിറ്റാണ്ടുമുമ്പ് ചർച്ചചെയ്യപ്പെടുകയും പന്നീട് വിസ്മൃതിയിലാവുകയും ചെയ്ത കൊല്ലം- മിനിക്കോയി കപ്പൽ പാതക്ക് വീണ്ടും ജീവൻ വെക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ള കൊല്ലം തുറമുഖത്തിന്റെ നഷ്ടപ്പെട്ട പ്രതാപം തിരികെ പിടിക്കാനും, വർഷങ്ങളായി അവഗണനയിലായിരുന്ന തുറമുഖത്തിന് പുത്തൻ ജീവൻ നൽകാനും ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലേക്കുള്ള യാത്രാക്കപ്പൽ പാത വഴിയൊരുക്കുമെന്നാണ് ചൂണ്ടികാട്ടപെടുന്നത്. കേരളത്തിന്റെ പ്രധാനകരയിൽ നിന്ന് മിനിക്കോയിയിലേക്ക് ഏറ്റവും ദൂരം കുറഞ്ഞ കടൽപ്പാത ലഭ്യമാണ് എന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഈ പദ്ധതിയുടെ സാധ്യത വർധിപ്പിക്കുന്നത്. കൊച്ചിയിൽനിന്ന് മിനിക്കോയിയിലേക്ക് 215 നോട്ടിക്കൽ മൈലിലധികം(398 കിലോ മീറ്റർ) സഞ്ചരിക്കേണ്ട സ്ഥാനത്ത്, കൊല്ലത്തുനിന്ന് 200 നോട്ടിക്കൽ മൈൽ മാത്രമാണ്.

ദൂരം കുറഞ്ഞ ഈ പുതിയ പാതയിലൂടെ സ്ഥിരമായൊരു യാത്രാക്കപ്പൽ സർവീസ് ആരംഭിച്ചാൽ, അത് നിശ്ചലമായ കൊല്ലം തുറമുഖത്തിന്റെ പുനരുജ്ജീവനത്തിനും സമുദ്രഗതാഗതത്തിനപ്പുറം ദക്ഷിണ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ഉണർവേകും. അറബിക്കടലിന്റെ റാണിയായി കൊച്ചി ഉയർന്നുവരുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പേ ലോക സമുദ്ര ഭൂപടത്തിൽ ഇടംനേടിയ പുരാതന തുറമുഖ നഗരമാണ് കൊല്ലം.

ബി.സി. ഒന്നാം നൂറ്റാണ്ടിൽ റോമാക്കാരുമായും പിന്നീട് പേർഷ്യക്കാർ, അറബികൾ, ചൈനക്കാർ എന്നിവരുമായും കൊല്ലത്തിന് ശക്തമായ സമുദ്രവ്യാപാര ബന്ധമുണ്ടായിരുന്നു.എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കപ്പൽ ഗതാഗതത്തിൽ വന്ന മാറ്റങ്ങളും വികസനത്തിന്റെ അഭാവവും കാരണം കൊല്ലം തുറമുഖം നിശ്ചലാവസ്ഥയിലേക്ക് കൂപ്പുകുത്തി. നിശ്ചലമായ ആധുനിക സൗകര്യങ്ങളായ കൂറ്റൻ വെയർഹൗസുകൾ, ചരക്ക് നീക്കത്തിനുള്ള ക്രെയിനുകൾ എന്നിവയ്ക്ക് പുറമേ കേന്ദ്ര സർക്കാരിന്റെ അംഗീകൃത എമിഗ്രേഷൻ ചെക്ക് പോസ്റ്റ് പദവിയുള്ള തുറമുഖമാണ് കൊല്ലം. എന്നിരുന്നാലും സ്ഥിരമായ പാസഞ്ചർ അല്ലെങ്കിൽ കാർഗോ സർവീസുകൾ ഇല്ലാത്തതിനാൽ കോടികളുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ സാധിക്കാതെ കിടക്കുന്നു. ലക്ഷദ്വീപിലേക്ക് കേരളത്തിൽ നിന്ന് കപ്പൽ ഗതാഗതമുള്ളത് കൊച്ചിയിൽ നിന്നും കോഴിക്കോടുനിന്നുമാണിപ്പോൾ.

ലക്ഷദ്വീപ് സമുഹത്തിൽപെടുന്ന മനോഹരദ്വീപായ മിനിക്കോയിയിലേക്ക് കൊല്ലത്തുനിന്നു കൂടി കപ്പൽ സർവീസ് തടങ്ങുന്നത് ടൂറിസം സാധ്യതകളെ ഗുണപരമായി സ്വാധീനിക്കുമെന്ന് ആദ്യം പറഞ്ഞത് 2013 കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ്. കോസ്റ്റൽ ഷിപ്പിംഗ് പദ്ധതി ഉദ്ഘാടനം ചെയ്ത അദ്ദേഹം പാസഞ്ചർ ഷിപ്പുകൾ ഉടൻ കൊല്ലത്ത് നിന്ന് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. 2016 ൽ കേരളത്തിലെ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രൻ കൊല്ലം തുറമുഖത്തിൽ നിന്നും ലക്ഷദ്വീപിലേക്ക് പാസഞ്ചർ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.പിന്നീട് ഇക്കാര്യത്തിൽ കാര്യമായ ചർച്ചകൾ ഉണ്ടായില്ല. തിരുവനന്തപുരം വിമാനത്താവളത്തോടും ആർ.സി.സി ഉൾപ്പെടെയുള്ള പ്രമുഖ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളോടും അടുത്തു കിടക്കുന്നതിനാൽ, തെക്കൻ കേരളത്തിലേക്കെത്തുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ഈ പാത ഏറ്റവും അനുയോജ്യമായ ബദലായി മാറിയേക്കാം.

ടൂറിസത്തിനും പ്രാദേശിക വ്യാപാരത്തിനും വൻ സാധ്യതകൾ തുറന്നുകിട്ടുന്നത് വിനോദസഞ്ചാര മേഖലയിലും വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം. വിനോദസഞ്ചാരികൾക്ക് കൊല്ലത്തുനിന്ന് കപ്പൽ കയറി മിനിക്കോയിയുടെ സൗന്ദര്യവും മറ്റ് ടൂറിസം ആക്ടിവിറ്റികളും ആസ്വദിക്കാനും സാധിക്കും,കൊല്ലം തുറമുഖത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രപരമായ മേന്മയും മുൻനിർത്തി മിനിക്കോയ് സർവീസ് ആരംഭിച്ചാൽ, അത് ദക്ഷിണ കേരളത്തിലെ സമുദ്രഗതാഗതത്തിന്റെ ദിശ തന്നെ മാറ്റിയെഴുതാൻ പ്രാപ്തിയുള്ള ഒന്നായി മാറും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kollam Minicoy Ship Route Revival
Next Story