ശാപമോക്ഷം തേടി കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്
text_fieldsകൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്
കൊല്ലം: നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. പുതിയ മന്ത്രി ജില്ലയിൽനിന്നെത്തിയതിൽ ഏറെ പ്രതീക്ഷയിലാണ് യാത്രക്കാരും കെ.എസ്.ആർ.ടി.സി ജീവനക്കാരും. സ്റ്റാൻഡ് അപകടഭീഷണിയിലായിട്ട് നാളുകളേറെയാവുന്നു. ബജറ്റിൽ വികസന സാധ്യത പറയുന്നുണ്ടെങ്കിലും പരിഹരിക്കില്ലെന്ന ഉറച്ച വാശിയിലാണ് അധികാരികൾ.
നിലവിൽ സ്റ്റാൻഡ് സ്ഥിതിചെയ്യുന്ന കെട്ടിടം സൗകര്യങ്ങളുടെ അപര്യാപ്തതയിലും കാലപ്പഴക്കംകൊണ്ട് സിമന്റ്കമ്പികൾ കാണുംവിധം പൊട്ടിപ്പൊളിഞ്ഞനിലയിലുമാണ്. സ്റ്റാൻഡും ഗാരേജും രണ്ടിടങ്ങളിൽ സ്ഥിതി ചെയ്യുന്നുവെങ്കിലും ശുചിത്വപാലനത്തിനുള്ള നടപടിയില്ല.
തകർച്ചയുടെ വക്കിലെത്തിയ നിലവിലെ കെട്ടിടത്തിൽ ജീവനക്കാരും യാത്രക്കാരും ബുദ്ധിമുട്ടനുഭവിക്കുമ്പോൾ കണ്ടില്ലെന്ന സമീപനമാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ ഭാഗത്തുനിന്നുള്ളത്. യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യങ്ങളില്ലാത്ത നിലയിൽ വർഷങ്ങളായി ഡിപ്പോ പ്രവർത്തിക്കുകയാണ്. അന്ന് മന്ത്രിയുടെ ബഹുനില വാണിജ്യമന്ദിരവാഗ്ദാനം പ്രഖ്യാപനം മാത്രമായിരുന്നു. ഡിപ്പോക്ക് എം.എൽ.എ ഫണ്ടിൽനിന്ന് കെട്ടിടം നിർമിക്കാനുള്ള തുക അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥ ലോബികളുടെ ഇടപെടലുകളാണ് പിന്നോട്ടടിച്ചത്.
എം.എൽ.എയുടെ പ്രഖ്യാപനം നിരസിച്ച് കെ.എസ്.ആർ.ടി.സി മാനേജ്മെന്റും ഗതാഗതവകുപ്പും പദ്ധതിക്ക് തുരങ്കംവെക്കുകയായിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും നിരന്തര അഭ്യർഥനപ്രകാരമാണ് എം.എൽ.എഫണ്ടിൽനിന്ന് തുക അനുവദിച്ചത്. ഡിപ്പോയുടെ നിലവിലത്തെ കെട്ടിടത്തെയോ ഭാവിവികസനത്തെയോ ബാധിക്കാത്തവിധമായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. പഴയ കെട്ടിടം പൊളിക്കുമ്പോൾ ഡിപ്പോയുടെ പ്രവർത്തനങ്ങൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും സാധിക്കുമായിരുന്നു.
എന്നാൽ, ഡിപ്പോ വികസനത്തിനായി കൊല്ലത്ത് കെ.എസ്.ആർ.ടി.സിയുടെ മറ്റൊരു ബൃഹത് പദ്ധതിയായ വാണിജ്യസമുച്ചയം പരിഗണിക്കുന്നതിനാൽ എം.എൽ.എ ഫണ്ടും കെട്ടിടവും വേണ്ടെന്നായിരുന്നു കെ.എസ്.ആർ.ടി.സി അധികൃതരുടെ നിലപാട്.
സ്റ്റാൻഡിന്റെ പ്രവർത്തനം അപകടാവസ്ഥയിലായിട്ടും നിസ്സംഗത തുടരുന്ന വകുപ്പിനും മാനേജ്മെന്റിനുമെതിരെ എം.എൽ.എ എം. മുകേഷ് അന്ന് സമൂഹമാധ്യമത്തിലൂടെ വിമർശനം ഉന്നയിച്ചത് പ്രതിപക്ഷ വിമർശനങ്ങൾക്കും ഇടനൽകിയിരുന്നു. നിയമസഭയിൽ ഇത് സംബന്ധിച്ച് നിരവധിതവണ ചോദ്യങ്ങൾ ഉന്നയിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും ശ്രമിച്ചിരുന്നു.
ഒന്നും രണ്ടും ഇടത് മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരിൽക്കണ്ട് വിഷയം ബോധ്യപ്പെടുത്തിയിട്ടും പ്രയോജമുണ്ടാകുന്നില്ലെന്നാണ് എം.എൽ.എയുടെ പരാതി. ഡിപ്പോയുടെ വികസനം സുഹൃത്തും സ്വന്തംതൊഴിൽ മേഖലയിൽനിന്നുമുള്ള പുതിയ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രതീക്ഷ. അഷ്ടമുടി കായലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥിതിചെയ്യുന്ന ഭൂമിയുടെ ടൂറിസം, വ്യാപാരസാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള വികസനമാണ് ഉണ്ടാവേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

