മജിസ്ട്രേറ്റ് നിയമവിരുദ്ധമായി തീർപ്പാക്കിയ 1622 കേസ് പുനഃപരിശോധിക്കുന്നു
text_fieldsകൊച്ചി: കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ജെ.എഫ്.സി.എം -രണ്ട്) നിയമവിരുദ്ധമായി തീർപ്പാക്കിയ 1622 കേസുകൾ ഹൈകോടതി പുനഃപരിശോധിക്കുന്നു. ഇൗ കേസുകൾ സ്വമേധയ റിവിഷൻ ഹരജികളായി ഫയലിൽ സ്വീകരിക്കാനാണ് ഹൈകോടതിയുടെ തീരുമാനം.
മുതിർന്ന ഹൈകോടതി ജഡ്ജിമാരടങ്ങുന്ന അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണിത്. ഇതിൽ പകുതിയോളം കേസുകൾ സ്വമേധയ ഹരജിയായി സിംഗിൾ ബെഞ്ചിെൻറ പരിഗണനക്കെത്തി ഫയലില്‍ സ്വീകരിച്ചുവെന്നാണ് വിവരം. ശേഷിക്കുന്നതിലെ നടപടികൾ പുരോഗമിക്കുകയാണ്.
ആർ. രാജേഷ് മജിസ്ട്രേറ്റ് ആയിരിക്കെ 2016 ജൂണ്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ തീർപ്പാക്കിയ കേസുകളെക്കുറിച്ചാണ് ആരോപണമുയർന്നത്. അബ്കാരി നിയമത്തിലെ 15 (സി), ലഹരിമരുന്നുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ് നിയമത്തിലെ 27 (ബി), ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 279ാം വകുപ്പ്, മോട്ടോര്‍ വാഹന നിയമത്തിലെ 185ാം വകുപ്പ് തുടങ്ങിയവ പ്രകാരമുള്ള 1622 കേസുകൾ ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ 258ാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് നിയമവിരുദ്ധമായി തീര്‍പ്പാക്കിയെന്നാണ് ആക്ഷേപം.
ആരോപണം ശരിവെക്കുന്ന റിപ്പോർട്ടുകളാണ് കൊല്ലം ജില്ല ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും (സി.ജെ.എം) ഹൈകോടതി രജിസ്ട്രാറും (വിജിലന്‍സ്) നൽകിയത്. ഇൗ റിപ്പോർട്ടുകൾ പരിശോധിച്ച 2017 സെപ്റ്റംബര്‍ 18ലെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി യോഗമാണ് മജിസ്ട്രറ്റ് നിയമവിരുദ്ധമായാണ് കേസുകള്‍ തീര്‍പ്പാക്കിയതെന്ന് കണ്ടെത്തിയത്.
കേസിെൻറ നിയമവശങ്ങൾ പരിശോധിക്കാതെ പ്രതികളെ വെറുതെവിടുകയായിരുന്നു. ഹൈകോടതി 2013ലും 2015ലും ഇറക്കിയ മാർഗനിര്‍ദേശങ്ങള്‍ ലംഘിച്ചായിരുന്നു മജിസ്ട്രേറ്റിെൻറ നടപടി. ഇത് സ്വാഭാവിക നീതിയുടെ ലംഘനമായതിനാലാണ് ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ 397, 401 വകുപ്പുകള്‍ പ്രകാരം സ്വമേധയ റിവിഷന്‍ ഹരജി ഫയലില്‍ സ്വീകരിക്കാന്‍ ഹൈകോടതി തീരുമാനിച്ചത്. അധികാരം സ്വേച്ഛാപരവും നിയമവിരുദ്ധവുമായി വിനിയോഗിച്ചെന്ന കണ്ടെത്തലിൽ മജിസ്ട്രേറ്റിനെതിരെ അച്ചടക്കനടപടിയും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
