കൊല്ലത്തെ കള്ളനോട്ട് കേസ്: പരിശോധനക്ക് എത്തില്ലെന്ന് ആർ.ബി.ഐ, ഫൊറൻസിക് പരിശോധനക്ക് അയക്കാൻ നീക്കം
text_fieldsകൊല്ലം: കള്ളനോട്ട് കേസിൽ ആർ.ബി.ഐ സംഘം പരിശോധനക്കെത്തില്ലെന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണറെ അറിയിച്ചു. പിടിച്ചെടുത്ത പ്രിന്റർ പരിശോധിക്കാൻ കഴിയില്ലെന്നും അന്വേഷണത്തിൽ കള്ളനോട്ട് ലഭിച്ചെങ്കിൽ മാത്രം പരിശോധനക്ക് എത്താമെന്നുമാണ് അറിയിച്ചത്. എന്നാൽ, പരിശോധനക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ആർ.ബി.ഐക്ക് കത്ത് നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അനുകൂല മറുപടിയില്ലെങ്കിൽ പിടിച്ചെടുത്ത വസ്തുക്കൾ ഫൊറൻസിക് പരിശോധനക്കാനാണ് തീരുമാനം.
സിബിയോണിന്റെ വീട്ടിൽനിന്നാണ് കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററും 500 രൂപയുടെ നോട്ട് അച്ചടിക്കാനായി മുറിച്ച പേപ്പർകെട്ടുകളും പിടിച്ചെടുത്തത്. 45 പവൻ സ്വർണാഭരണങ്ങളും 4.32 ലക്ഷം രൂപയും സ്വർണ വാച്ച് ഉൾപ്പെടെയുള്ള വിലകൂടിയ ആഡംബര വാച്ചുകളും പിടിച്ചെടുത്തു. തുടർന്ന് ഇയാളുടെ ഉടമസ്ഥതയിലുള്ള, മത്സ്യബന്ധനസാമഗ്രികൾ സൂക്ഷിക്കുന്ന ലോക്കറിൽനിന്ന് 22.480 കിലോഗ്രാം തിമിംഗലഛർദിയും കണ്ടെത്തിയിരുന്നു.
ഈ കേസിൽ പ്രതി വെസ്റ്റ് കൈക്കുളങ്ങര വാടി കല്ലേലിവയൽ പുരയിടത്തിൽ സിബിയോണുമായി തെളിവെടുപ്പ് നടത്തും. പള്ളിത്തോട്ടത്തിലെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലുമാണ് തെളിവെടുപ്പ് നടത്തുക. സിബിയോണിനെയും ഇയാളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ആദർശ് ബാബുവിനെയും ഇന്നലെ ജില്ലാ ക്രൈംബ്രാഞ്ച് തെളിവെടുപ്പിനെത്തിച്ചിരുന്നു. കസ്റ്റഡി കാലാവധി തീർന്ന ആദർശ് ബാബുവിനെ വീണ്ടും റിമാൻഡ് ചെയ്തു. ആദർശിനു വേണ്ടി ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡി അപേക്ഷ നൽകും.
ഇന്നലെ ഇരുവരെയും ജില്ലാ ക്രൈംബ്രാഞ്ച് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. പ്രതികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ ആശ്രാമം മൈതാനത്തിനോടു ചേർന്നുള്ള ലോഡ്ജിൽ തെളിവെടുപ്പ് നടത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ആദർശ് ബാബുവിന്റെ സംഘത്തിലുണ്ടായിരുന്ന കോഴിക്കോട് കൂടരഞ്ഞി സ്വദേശി മനു പ്രസാദിനായുള്ള തിരച്ചിൽ തുടരുകയാണ്. സിബിയോണിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രതിക്ക് നോട്ടിരട്ടിപ്പ്, ഹവാലാ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വ്യാജ നോട്ടുകൾ കാണിച്ച് സിബിയോൺ പണം തട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നെന്നാണ് വിവരം. ലോക്കറിൽനിന്ന് പിടിച്ചെടുത്ത തിമിംഗലഛർദി വ്യാജമാണോയെന്ന് സംശയമുണ്ട്. ഇത് പരിശോധനക്കായി ചെന്നൈയിലെ വനംവകുപ്പിന്റെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ അനുമതിയോടെയാണ് സാംപിൾ അയച്ചത്.
കഴിഞ്ഞ 17 ന് സിബിയോണിനെ ആശ്രാമം ഭാഗത്തുനിന്നു തട്ടിക്കൊണ്ടു പോയതായി കാണിച്ച് ഇയാളുടെ ഭാര്യ പള്ളിത്തോട്ടം പൊലീസിൽ നൽകിയിരുന്നു. തുടർന്ന്, ഇയാളെ ഫോൺ ചെയ്ത മയ്യനാട് കൂട്ടിക്കട സ്വദേശി ആദർശ് അറസ്റ്റിലായി. പിറ്റേന്ന് സ്റ്റേഷനിലെത്തിയ സിബിയോൺ, തട്ടിക്കൊണ്ടു പോയ സംഘത്തിൽനിന്നു രക്ഷപ്പെട്ടെന്നും തന്റെ സ്കൂട്ടറും മോതിരവും തിരികെ ലഭിച്ചെന്നും പൊലീസിന് മൊഴി നൽകി. സിബിയോണിന്റെ പെരുമാറ്റത്തിലും മൊഴിയിലും സംശയം തോന്നിയിരുന്നു. തുടർന്ന് ഇയാൾ സ്പെഷൽ ബ്രാഞ്ച്, ഡാൻസാഫ് സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന്, രഹസ്യവിവരം ലഭിച്ചിന്റെ അടിസ്ഥാനത്തിലാണ് 23ന് രാത്രി പൊലീസ് സിബിയോണിന്റെ വീട്ടിൽ മിന്നൽ പരിശോധന നടത്തിയത്.

