കൊല്ലം കോവിഡ് മുക്തമായി; രോഗം ബാധിച്ച വീട്ടമ്മ ആശുപത്രി വിട്ടത് 50 ദിവസത്തിന് ശേഷം
text_fieldsകൊല്ലം: സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച പ്രാക്കുളം സ്വദേശിനിയായ വീട്ടമ്മ ആശുപത്രിയിൽ കഴിഞ്ഞത് 50 ദിവസം. തുടർച്ചയായി രണ്ട് ഫലം നെഗറ്റീവായി ആശുപത്രി വിട്ടപ്പോൾ ഇവർ നന്ദിപറഞ്ഞ് വിങ്ങിപ്പൊട്ടി. ഇവർ ഉൾപ്പെടെ വ്യാഴാഴ്ച മൂന്ന് പേർ ആശുപത്രി വിട്ടതോടെ ജില്ല കോവിഡ് മുക്തമായി.
കൊല്ലം പ്രാക്കുളം സ്വദേശിനി 43കാരി, കുടുംബ സമേതം തബ് ലീഗ് സമ്മേളനത്തിന് പോയി വന്ന പുനലൂർ സ്വദേശിയായ യുവാവ്, അദ്ദേഹത്തിെൻറ ഭാര്യ എന്നിവരാണ് വ്യാഴാഴ്ച ആശുപത്രി വിട്ടത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഇനി രണ്ട് പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.
മാർച്ച് 27നാണ് പ്രാക്കുളത്ത്നിന്ന് ആദ്യ കോവിഡ് രോഗി എത്തിയത്. ഗൾഫിൽ നിന്ന് വന്ന ഇദ്ദേഹത്തിെൻറ സമ്പർക്കത്തിലൂടെ രോഗം വന്ന ഭാര്യ സഹോദരിയാണ് 50 ദിവസത്തെ ചികിത്സ കഴിഞ്ഞ് അവസാനമായി ആശുപത്രി വിട്ടതും. ഇത്രയും ദീർഘനാളത്തെ കോവിഡ് ചികിത്സ സംസ്ഥാനത്തുതന്നെ ആദ്യമായിരിക്കും.
കോവിഡ് ബാധിത െൻറ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഇവരെ രോഗലക്ഷണങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വൈകാതെതന്നെ ആരോഗ്യനില വീണ്ടെടുക്കുകയും ചെയ്തു. എന്നാൽ കോവിഡ് ചികിത്സ പ്രോട്ടോകോൾ പ്രകാരം തുടർച്ചയായി രണ്ട് നെഗറ്റിവ് ഫലം വന്നാൽ മാത്രമെ ആശുപത്രിയിൽനിന്ന് വിടുതൽ അനുവദിക്കൂ. ഇവരുടെ പരിശോധന ഫലങ്ങൾ പോസിറ്റിവായി തുടർന്നതോടെ ചികിത്സയും നീണ്ടുപോയി.
രോഗമുക്തരായ മൂവർക്കും മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തകർ പൂച്ചണ്ട് നൽകിയാണ് യാത്രയാക്കിയത്. കോവിഡ് മുക്തമായതോടെ ആശുപത്രി ജീവനക്കാർക്കും ഏറെ ആശ്വാസമാണുള്ളത്. സൂപ്രണ്ട് ഡോ. ഹബീബ്നസീം, ആർ.എം.ഒ ഷിറിൽ അഷ്റഫ്, പ്രിൻസിപ്പൽ ഡോ. സാറാ വർഗീസ്, പി.ആർ.ഒ അരുൺകൃഷ്ണൻ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ചേർന്നാന്ന് രോഗമുക്തരായവരെ യാത്രയാക്കിയത്.
രണ്ട് മാസത്തിലേറെയായി 19 രോഗികളെയാണ് ഇവിടെ ചികിത്സിച്ചത്. ഐസൊലേഷനിലെ നിരീക്ഷണവും മറ്റും ഇതിന് പുറമെയാണ്. കോവിഡ് മുക്തമായതോടെ ആശുപത്രിയിലെ മറ്റ് ചികിത്സകളും പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
