കൊല്ലം കോർപറേഷൻ; മുൻതൂക്കം ഇടത്തേക്കുതന്നെ
text_fieldsകൊല്ലം: കൊല്ലം കോർപറേഷനിൽ ഇത്തവണ പോരാട്ടം കടുപ്പത്തിൽ. 2000ൽ പിറന്ന കോർപറേഷന്‍റെ 25 വർഷത്തെ ചരിത്രം വളർത്തിയ ശക്തമായ അടിത്തറയെ എൽ.ഡി.എഫ് വിശ്വാസത്തിൽ എടുക്കുമ്പോൾ, ആ വിശ്വാസം ഇളക്കി മറിക്കാൻ ലക്ഷ്യമിട്ടാണ് യു.ഡി.എഫും എൻ.ഡി.എയും കളം നിറയുന്നത്. പോരാട്ടം അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ ശക്തിയിൽ മേൽക്കൈ ഇടതിന് തന്നെ. എങ്കിലും വിയർത്തു വേണം അത് സാധ്യമാകാൻ. നിലമെച്ചപ്പെടുത്തുന്ന പ്രകടനമാകും യു.ഡി.എഫും എൻ.ഡി.എയും കാഴ്ചവെക്കുക.
2020ൽ ഒറ്റക്ക് ഭരിക്കാൻ കഴിയുന്ന വിജയമാണ് സി.പി.എം നേടിയത്. 55 അംഗ കൗൺസിലിൽ 29 സീറ്റിൽ സി.പി.എം നിരന്നപ്പോൾ സഹകക്ഷി സി.പി.ഐ നേടിയത് 10 സീറ്റുകൾ. യു.ഡി.എഫിൽ കോൺഗ്രസ് ആറിലും ആർ.എസ്.പി മൂന്നിലും ഒതുങ്ങിയപ്പോൾ ബി.ജെ.പി ആറ് സീറ്റുകൾ പിടിച്ചു. ഒരെണ്ണം എസ്.ഡി.പി.ഐ നേടി. ഉപതെരഞ്ഞെടുപ്പിൽ ഒരു സി.പി.എം സീറ്റ് ആർ.എസ്.പി പിടിച്ചതോടെ എൽ.ഡി.എഫ്- 38, യു.ഡി.എഫ്-10, ബി.ജെ.പി-6, എസ്.ഡി.പി.ഐ- ഒന്ന് എന്നതായി കക്ഷിനില. ഇത്തവണ 56 ഡിവിഷനുകളിലേക്കാണ് പോരാട്ടം.
എ.കെ. ഹഫീസിനെ മേയർ സ്ഥാനാർഥിയാക്കി ഒരു മുഴം മുന്നേ എറിഞ്ഞാണ് യു.ഡി.എഫ് തുടങ്ങിയത്. എന്നാൽ, മുന്നണിയിലെയും പാർട്ടിയിലെയും പിണക്കങ്ങൾ റിബൽ രൂപത്തിൽ നാലിടങ്ങളിൽ വാളായി തൂങ്ങുന്നു. അതേസമയം, സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും മുൻകാലങ്ങളെ അപേക്ഷിച്ച് മോശമല്ല. മറുവശത്ത് മേയർ മുഖം എന്നൊന്ന് ഇല്ലാതെ മുതിർന്ന നേതാക്കളും പുതുതലമുറയും ഒരേ പോലെ എൽ.ഡി.എഫ് മുഖങ്ങളാണ്. സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് റിബലുകളുമായിറങ്ങിയ ഐ.എൻ.എൽ പോലും ‘കോംപ്രമൈസ്’ ആക്കി പ്രചാരണം നിർത്തി ഒതുങ്ങി.
ജില്ല സെക്രട്ടേറിയറ്റ് അംഗം വി.കെ. അനിരുദ്ധൻ, മുൻ മേയർ രാജേന്ദ്ര ബാബു എന്നിങ്ങനെ മുതിർന്ന നേതാക്കളെ കളത്തിൽ ഇറക്കിയ സി.പി.എം ഒരൊറ്റ സിറ്റിങ് കൗൺസിലറെ പോലും നിലനിർത്താതെ ഞെട്ടിച്ചു. നിലവിലെ മേയർ ഹണി ബെഞ്ചമിനും മറ്റ് രണ്ട് പേർക്കും മാത്രം സി.പി.ഐ വീണ്ടും അവസരം നൽകി. എൻ.ഡി.എയിൽ ഒരു സീറ്റ് ബി.ഡി.ജെ.എസിന് നൽകി 55 സീറ്റിലും ബി.ജെ.പി മത്സരിക്കുന്നു.
സംസ്ഥാന വക്താവ് കേണൽ ഡെന്നിയെ അവർ രംഗത്തിറക്കിയിട്ടുണ്ട്. കോൺഗ്രസിന്‍റെ എ.കെ. ഹഫീസും സി.പി.എമ്മിന്‍റെ എ.എം. ഇഖ്ബാലും ഏറ്റുമുട്ടുന്ന താമരക്കുളം, മേയർ ഹണിയും കോൺഗ്രസിന്‍റെ കുരുവിള ജോസഫും എതിരിടുന്ന വടക്കുംഭാഗം, മുൻ മേയർ രാജേന്ദ്രബാബു ബി.ജെ.പി കൗൺസിലറെ നേരിടുന്ന ഉളിയക്കോവിൽ ഈസ്റ്റ്, നിലവിലെ കോൺഗ്രസ് കൗൺസിലർ റിബലായുള്ള കൊല്ലൂർവിള എന്നിങ്ങനെ പോരാട്ടം കനപ്പെട്ട് നിൽക്കുന്ന ഡിവിഷനുകൾ നിരവധിയാണ്.
ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾ നിർണായകമാകുമ്പോൾ എൽ.ഡി.എഫ് സീറ്റുകൾക്ക് ഇടിവുണ്ടാകും. കഴിഞ്ഞ തവണ കൈവിട്ട ശക്തികേന്ദ്രങ്ങൾ ഉൾപ്പെടെ തിരിച്ചുപിടിച്ചാകും യു.ഡി.എഫ് നിലമെച്ചപ്പെടുത്തുക. ബി.ജെ.പി കഴിഞ്ഞ തവണ നേടിയ ചിലയിടങ്ങളിൽ വീഴാനും ചില ഡിവിഷനുകൾ പുതുതായി നേടാനുമുള്ള യാത്രയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

