തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കോലിയക്കോട് ശ്രമിച്ചു -പിരപ്പൻകോട് മുരളി
text_fieldsതിരുവനന്തപുരം: സി.പിഎമ്മിനെ തളർത്തിയ ഗ്രൂപ് പോരിന്റെ നേർചിത്രം വരച്ചിട്ട് 1996 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ തോൽവി ഉറപ്പിക്കാൻ കോലിയക്കോട് കൃഷ്ണൻ നായർ ശ്രമിച്ചെന്നാരോപിച്ച് മുതിർന്ന നേതാവ് പിരപ്പൻകോട് മുരളിയുടെ ആത്മകഥ. 'പ്രസാധകൻ' വാരികയിലെ 'എന്റെ കമ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ' ആത്മകഥയിലാണ് വെളിപ്പെടുത്തൽ. സി.പി.എമ്മിലെ വിഭാഗീയ പോരിൽ പിരപ്പൻകോട് മുരളി വി.എസ്. അച്യുതാനന്ദന്റെ പക്ഷത്ത് നിന്നപ്പോൾ കോലിയക്കോട് കൃഷ്ണൻനായർ പിണറായി വിജയന്റെ ഏറ്റവും വലിയ വിശ്വസ്തരിൽ ഒരാളായി മാറി.
സ്ഥാനാർഥിത്വം, പ്രചാരണം തുടങ്ങി വോട്ടെടുപ്പ് ദിനം വരെ അട്ടിമറിക്കാനാണ് കൃഷ്ണൻ നായർ ശ്രമിച്ചതെന്ന് മുരളി ആരോപിക്കുന്നു. 1980 മുതൽ വാമനപുരം മണ്ഡലത്തിൽ തുടർച്ചയായി മത്സരിച്ചിരുന്നത് കോലിയക്കോട് കൃഷ്ണൻ നായരായിരുന്നു. എന്നാൽ, അച്ചടക്ക നടപടിയുടെ ഭാഗമായി കൃഷ്ണൻ നായരെ സി.പി.എം പുറത്താക്കി. പിന്നീട്, കേന്ദ്ര കൺട്രോൾ കമീഷന്റെ ഇടപെടലിൽ പ്രാഥമികാംഗത്വം ലഭിച്ചു.
തുടർന്നുവന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം പുതിയ സ്ഥാനാർഥിയെ തേടി. 'പാർട്ടിയിലെ മുതിർന്ന നേതാവ് വഴി കൃഷ്ണൻ നായർ മണ്ഡലത്തിൽ സുശീല ഗോപാലനെ സ്ഥാനാർഥിയാക്കാൻ ശ്രമിച്ചു.
സെക്രട്ടേറിയറ്റംഗമായിരുന്ന ചടയൻ ഗോവിന്ദനോട് സുശീലയെ വിജയിപ്പിക്കാമെന്നുവരെ കൃഷ്ണൻ നായർ ഉറപ്പുപറഞ്ഞു. താൻ അന്ന് വിദ്യാർഥി നേതാവായിരുന്ന ഗീനാ കുമാരിയുടെ പേര് നിർദേശിച്ചെങ്കിലും അവർക്ക് സ്ഥാനാർഥിയാകാനുള്ള പ്രായമുണ്ടായിരുന്നില്ല. എന്നാൽ, ആനത്തലവട്ടം ആനന്ദനും കടകംപള്ളി സുരേന്ദ്രനും തന്റെ പേര് നിർദേശിച്ചു. പിന്നീട്, വി.എസ്. അച്യുതാനന്ദൻ തന്നെ എ.കെ.ജി സെന്ററിലേക്ക് വിളിപ്പിച്ച് സ്ഥാനാർഥിയാകാൻ ആവശ്യപ്പെട്ടു. തീർച്ചയായും വിജയിക്കുമെന്നാണ് വി.എസ് പറഞ്ഞത്'- മുരളി പറയുന്നു.
സ്ഥാനാർഥിയായ ശേഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശശികലയുടെ പാങ്ങോടുള്ള വീട്ടിലെത്തുമ്പോൾ തന്നെ തോൽപിക്കാൻ കൃഷ്ണൻ നായർ രഹസ്യയോഗം വിളിച്ചിരിക്കുകയായിരുന്നു. കല്ലറ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.ജി. മീനാംബിക സി.പി.എം ജില്ല സെക്രട്ടറിയെ മറ്റൊരു രഹസ്യ യോഗത്തിന്റെ വിവരം അറിയിച്ചപ്പോഴാണ് പാർട്ടി ഇക്കാര്യം അറിയുന്നത്. വോട്ടെടുപ്പ് ദിവസം ചീഫ് ഇലക്ഷൻ ഏജന്റായിരുന്ന വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ആലിയാട് മാധവൻ പിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുപോലും കൃഷ്ണൻ നായരുടെ നിർദേശ പ്രകാരമായിരുന്നെന്നും മുരളി വിശദീകരിച്ചു.
പിരപ്പൻകോട് മുരളി 6386 വോട്ടിനാണ് ജെ.എസ്.എസ് സ്ഥാനാർഥി അഡ്വ. സി.കെ. സീതാറാമിനെ പരാജയപ്പെടുത്തിയത്. കെ.ആർ. ഗൗരിയമ്മയെ സന്ദർശിച്ച കൃഷ്ണൻ നായർ ജെ.എസ്.എസ് സ്ഥാനാർഥിയുടെ ജയം ഉറപ്പുനൽകിയെന്നും മുരളി ആരോപിക്കുന്നു.
കോലിയക്കോടിനെതിരെ നടപടി വിലക്കി
തിരുവനന്തപുരം: മുതിർന്ന നേതാക്കളായ പിരപ്പൻകോട് മുരളിയെ വഞ്ചിയൂർ ഏരിയ കമ്മിറ്റിയിലും കോലിയക്കോട് കൃഷ്ണൻ നായരെ സി.പി.എം ജില്ല കമ്മിറ്റിയിൽ ക്ഷണിതാവായും സി.പി.എം ഉൾപ്പെടുത്തിയിരുന്നു. 2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന നേതൃത്വത്തിന് അനഭിമതനായ മുരളിയെ പ്രായക്കൂടുതൽ ചൂണ്ടിക്കാട്ടി സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കിയത്. അപ്പോഴും മുരളിയെക്കാൾ പ്രായം കൂടുതലുള്ള കോലിയക്കോട് കൃഷ്ണൻനായരെ സംസ്ഥാന സമിതിയിൽ നിലനിർത്തി.
ഇത് ചൂണ്ടിക്കാട്ടിയ പിരപ്പൻകോട് മുരളി പിന്നീട് സി.പി.എമ്മിന്റെ സജീവ പ്രവർത്തനത്തിൽനിന്ന് പിൻവാങ്ങി. 1996ലെ തെരഞ്ഞെടുപ്പിൽ വാമനപുരം മണ്ഡലത്തിലെ വിമത പ്രവർത്തനം അന്വേഷിക്കാൻ സി.പി.എം ജില്ല കമ്മിറ്റി നിയോഗിച്ച സി. ജയൻബാബു, ആനാവൂർ നാഗപ്പൻ, എസ്.കെ. ആശാരി എന്നിവരടങ്ങുന്ന കമീഷൻ 'ഒരു പാർട്ടി സഖാവിന് ഒരിക്കലും യോജിക്കാത്ത നടപടി വഴി കോലിയക്കോട് കൃഷ്ണൻ നായർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന്' കണ്ടെത്തി.
എന്നാൽ, സംസ്ഥാന നേതൃത്വം ഇടപെട്ട് നടപടി വിലക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

