കോലഞ്ചേരി പള്ളിയിൽ ഒാർത്തഡോക്സ് സഭയുടെ മൂന്നിന്മേൽ കുർബാന
text_fieldsകോലഞ്ചേരി: സുപ്രീംകോടതി വിധിയെ തുടർന്ന് ഓർത്തഡോക്സ് പക്ഷത്തിെൻറ പൂർണ നിയന്ത്രണത്തിലായ കോലഞ്ചേരി പള്ളിയിൽ ഓർത്തഡോക്സ് സഭ മേലധ്യക്ഷൻ മർത്തോമ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മൂന്നിന്മേൽ കുർബാന നടത്തി. നാലു വർഷത്തിനുശേഷമാണ് ബാവ പള്ളിയിൽ ഞായറാഴ്ച രാവിലെ എട്ടിന് കുർബാന നടത്തിയത്.
മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ സെവേറിയോസ്, മാത്യൂസ് മാർ തേവോദേസിയോസ്, ഫാ. ജോൺസ് എബ്രഹാം കോനാട്ട്, ഫാ. സി.എം.കുര്യാക്കോസ്, ഫാ. ജേക്കബ് കുര്യൻ, ഫാ. ലൂക്കോസ് തങ്കച്ചൻ എന്നിവർ സഹകാർമികരായി. 11,12 തീയതികളിൽ നടക്കുന്ന പള്ളിപ്പെരുന്നാളിന് തുടക്കംകുറിച്ച് കാതോലിക്ക ബാവ കൊടിയേറ്റി. സുപ്രീംകോടതി വിധിയുടെ സാഹചര്യത്തിൽ കോലഞ്ചേരി പള്ളിയുടെ വകയായ കോട്ടൂർ പള്ളിയിലും വർഷങ്ങൾക്കു ശേഷം ഞായറാഴ്ച കുർബാന അർപ്പിച്ചു. വികാരി ഫാ.ജേക്കബ്കുര്യൻ മുഖ്യ കാർമികനായി. നേരത്തേ കാതോലിക്ക ബാവക്ക് കോലഞ്ചേരിയിൽ വിശ്വാസികൾ ഉൗഷ്മള സ്വീകരണം നൽകി. പള്ളിക്ക് മുന്നിലുളള കുരിശിങ്കലിൽനിന്ന് ഘോഷയാത്രയായാണ് ബാവയെയും മെത്രാപ്പോലീത്തമാരെയും ആനയിച്ചത്.
പള്ളികളിൽനിന്ന് ഇറങ്ങിപ്പോകാൻ പറയാൻ അധികാരമില്ലെന്ന് യാക്കോബായ സഭ
കോലഞ്ചേരി: അന്തോഖ്യ വിശ്വാസത്തിലധിഷ്ഠിതമായി പൂർവപിതാക്കന്മാർ പണിതുയർത്തിയ പള്ളികളിൽനിന്ന് ഇറങ്ങിപ്പോകണമെന്ന് പറയാൻ ഒരുവ്യവസ്ഥിതിക്കും അധികാരമില്ലെന്ന് യാക്കോബായ വിഭാഗം കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇടവക പള്ളികൾക്ക് അയച്ച കൽപനയിലാണ് ബാവ ഇക്കാര്യം വ്യക്തമാക്കിയത്. കൽപന ഞായറാഴ്ച കുർബാനാനന്തരം പള്ളികളിൽ വായിച്ചു. ആത്മീയ, മത കാര്യങ്ങളിൽ അവസാന വാക്ക് ലോകത്തിേൻറതല്ല, ദൈവത്തിേൻറതാണ്. അവകാശമില്ലാത്ത കാര്യങ്ങൾ പറയുമ്പോൾ അതിനെ പ്രതിരോധിക്കാൻ നമുക്ക് അവകാശമുണ്ട്. സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങൾ കേവലം ഭരണഘടനക്കുവേണ്ടി ബലി കഴിക്കില്ലെന്നും കൽപനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
