നടിയെ അക്രമിച്ച സംഭവം: പ്രതി വിജീഷ് ആർ.എസ്.എസ് പ്രവർത്തകനെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: നടിയെ അക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി പൾസർ സുനിക്കൊപ്പം ഒളിവിൽ കഴിയുന്ന വി.പി. വിജീഷ് ആർ.എസ്.എസ് പ്രവർത്തകനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പ്രതികള്‍ക്ക് സി.പി.എം കണ്ണൂര്‍ ലോബിയുമായി അടുത്തബന്ധമെന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിെൻറ ആരോപണത്തിന് മറുപടിയായാണ് കോടിയേരിയുടെ ആരോപണം.
കേസ് രാഷ്ട്രീയമായി ഉപയോഗിക്കരുത്. നടിയെ ആക്രമിച്ചവരെയും അതിന് ക്വട്ടേഷൻ കൊടുത്തവരെയും എത്രയും വേഗം പിടികൂടും. പ്രതികളെ വേഗം തിരിച്ചറിയാനായത് പൊലീസിന്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോടിയേരി ബാലകൃഷ്ണെൻറ മകനും ചലച്ചിത്ര താരവുമായ ബിനീഷ് കോടിയേരിയുടെ പങ്കും കേസിൽ അന്വേഷിക്കണമെന്നും മകൻ ഉൾപ്പെട്ട കേസായതിനാലാണ് കോടിയേരി വിഷയത്തിൽ തണുത്ത സമീപനം സ്വീകരിക്കുന്നതെന്നും ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
