തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം കോടിയേരിയുടെ തിരിച്ചുവരവ് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട് ഒരു വർഷമാകുമ്പോഴാണ് വീണ്ടും കോടിയേരി സെക്രട്ടറി സംഥാനത്തേക്ക് തിരിച്ചെത്തുന്നത്.
കഴിഞ്ഞ വർഷം നവംബറിലാണ് കോടിയേരിക്ക് സി.പി.എം അവധി അനുവദിച്ചത്. കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകുകയും ചെയ്തു. കോടിയേരി സംസ്ഥാന സെക്രട്ടറിയാകുമ്പോൾ എ.വിജയരാഘൻ എൽ.ഡി.എഫ് കൺവീനറായി തുടരും.
രോഗബാധിതനായതിനെ തുടർന്ന് ഏറെ നാൾ കോടിയേരി ബാലകൃഷ്ണൻ ചികിത്സയിലായിരുന്നു. ആരോഗ്യപരമായ കാരണം പറഞ്ഞായിരുന്നു അവധി അപേക്ഷയെങ്കിലും മകൻ ബിനീഷ് കോടിയേരി ജയിലിലായതിനെ തുടർന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നിന്നത്. ബിനീഷിന് കഴിഞ്ഞ മാസം കര്‍ണാടക ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ തുടർന്ന് കോടിയേരി സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തണമെന്നാണ് സി.പി.എം നേതൃത്വത്തിന്‍റെ തീരുമാനം.
ബിനീഷ് ജാമ്യം കിട്ടി വീട്ടിലെത്തിയപ്പോള്‍, പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ അക്കാര്യത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് ആലോചിച്ച് തീരുമാനമെടുക്കാമെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.