You are here

ചെന്നിത്തലയുടെ ശ്രമം പുതിയ ‘കേരള കോൺഗ്രസ്’ രൂപവത്​കരിക്കൽ? -കോടിയേരി  

18:59 PM
04/01/2019

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേശീയ നേതൃത്വത്തെ  തള്ളിപ്പറയുന്ന രമേശ്​ ചെന്നിത്തല, ഒരു സമുദായസംഘടനയെ കൂട്ടുപിടിച്ച്​ പുതിയ ‘കേരള കോൺഗ്രസ്’ രൂപവത്​കരിക്കാനാണോ ലക്ഷ്യമിടുന്നതെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി  ബാലകൃഷ്ണൻ. യുവതി പ്രവേശന വിധിയെ ചരിത്രവിധിയെന്ന് വിശേഷിപ്പിച്ച് പിന്തുണച്ച കോൺഗ്രസ് ഹൈക്കമാൻഡിനെ വെല്ലുവിളിച്ചാണ് ഇവിടെ കെ.പി.സി.സിയും പ്രതിപക്ഷനേതാവും പ്രവർത്തിക്കുന്നത്.

എൻ.എസ്.എസ് ഇൗ വിഷയത്തിൽ തുടക്കം മുതൽ ഒരേ നിലപാടെടുത്ത് നിൽക്കുന്ന സമുദായസംഘടനയാണ്.  എൻ.എസ്.എസി​​​െൻറ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി  പ്രവർത്തിക്കേണ്ടയാളാണോ ചെന്നിത്തല? എൻ.എസ്​.എസുമായുള്ള  തങ്ങളുടെ അഭിപ്രായവ്യത്യാസം താൽക്കാലികമാണെന്നും സി.പി.എം  സംസ്ഥാന സെക്ര​േട്ടറിയറ്റിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി ജനിച്ച സമുദായത്തി​​​െൻറ പേരുപറഞ്ഞാണ്​ പ്രചാരണം. എന്നാൽ, തകർന്നടിഞ്ഞ ജാതിചിന്ത തിരിച്ചുകൊണ്ടുവരുന്ന നിലപാടിനെ എതിർക്കേണ്ടതല്ലേയെന്ന്​ എൻ.എസ്.എസ്​ ചിന്തിക്കണം. 

ബി.ജെ.പി, കോൺഗ്രസ് നിലപാടുകളെ പൊതുസമൂഹം തള്ളിക്കളയുകയാണ്. അതി​​​െൻറ ഏറ്റവും വലിയ തെളിവാണ് ഡൽഹിയിൽ കോൺഗ്രസ് എം.പിമാർ കറുത്ത ബാഡ്ജ് വിതരണം ചെയ്യുന്നതിനെ സോണിയ ഗാന്ധി വിലക്കിയത്. കോൺഗ്രസ് അഖിലേന്ത്യനേതൃത്വം നിലകൊള്ളുന്നത് ലിംഗസമത്വത്തിനായാണ്. കേരളത്തിലെ കോൺഗ്രസി​​​െൻറ നിലപാടിനെ കേന്ദ്രനേതൃത്വം തള്ളിയത് പുതിയ വഴിത്തിരിവാണ്. 

ശബരിമലയിൽ കോടതിവിധി നടപ്പാക്കാൻ സർക്കാറിന്  ബാധ്യതയുണ്ടെന്നും ഭക്തർക്ക് സംരക്ഷണമൊരുക്കിക്കൊടുക്കാൻ  ഉത്തരവാദിത്തമുണ്ടെന്നും ബി.ജെ.പി എം.പി വി. മുരളീധരനും പരസ്യമായി പറഞ്ഞു. ഇത് ബി.ജെ.പി പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനും സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു. ഈ സാഹചര്യത്തിൽ സമരപരിപാടി  ഉപേക്ഷിക്കുന്നതാണ് സംഘ്​പരിവാറിന് നല്ലതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. 

വനിതാമതിൽ വിജയമെന്ന്​ വിലയിരുത്തൽ
തിരുവനന്തപുരം: വനിതാമതിൽ വൻസ്വീകാര്യത നേടിയെന്ന് സി.പി.എം സെക്ര​േട്ടറിയറ്റ്  വിലയിരുത്തൽ. പാർട്ടിയുമായി ബന്ധമില്ലാത്തവരും മതന്യൂനപക്ഷങ്ങളും ഹിന്ദുസമൂഹത്തിലെ എല്ലാ വിഭാഗവും വനിതാമതിലിൽ അണിനിരന്നു. പിന്തിരിപ്പിക്കാൻ വൻ ശ്രമമുണ്ടായിട്ടും നായർസമുദായത്തിൽനിന്ന് വലിയ സ്ത്രീപങ്കാളിത്തമുണ്ടായെന്നാണ് വിലയിരുത്തൽ. ഇതിനു തുടർച്ച വേണമെന്നാണ് തീരുമാനമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ പറഞ്ഞു.  നവോത്ഥാന മൂല്യസംരക്ഷണസമിതി വിപുലീകരിക്കും. തുടർപ്രവർത്തനം സമിതി  തീരുമാനിക്കും. ദേശീയപണിമുടക്കിൽ കടകളടച്ചിടണമെന്ന് ട്രേഡ്  യൂനിയനുകൾ ആഹ്വാനം ചെയ്തിട്ടില്ലെന്നും സഹകരിക്കണമെന്ന്  പറയുന്നതും കടയടയ്​ക്കണമെന്ന് നിർബന്ധിക്കുന്നതും രണ്ടാണെന്നും  ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

 

Loading...
COMMENTS