
'പുത്രവിവാദം' മറികടന്ന് രണ്ടാമൂഴം, ഒടുവിൽ അതേ വിവാദത്തിനിടെ പടിയിറക്കം
text_fieldsകോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറിയായി 2018ൽ രണ്ടാം തവണയും തെരെഞ്ഞടുക്കപ്പെടുന്നതിന് തൊട്ടുമുമ്പും 'പുത്രവിവാദം' കോടിയേരി ബാലകൃഷ്ണനെ കുഴക്കിയിരുന്നു. തൃശൂർ സംസ്ഥാനസമ്മേളനത്തിന് െതാട്ടുമുമ്പ് മകെൻറ പേരിലുയർന്ന വിവാദങ്ങൾപോലും അലട്ടാതെയായിരുന്നു കോടിയേരിയുടെ രണ്ടാമൂഴം. ആ വിവാദങ്ങളെയെല്ലാം പുല്ലുപോലെ എതിരിടാൻ പാർട്ടിയുടെ ഉറച്ച പിന്തുണയുണ്ടായിരുന്നു കോടിയേരിക്ക്.
എന്നാൽ, എതിരാളികളുടെ ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടാൻ അണികളും നേതാക്കളും കാട്ടിയ അച്ചടക്കവും ഐക്യബോധവുമൊന്നും പുത്രന്മാർക്ക് പാഠമായില്ല. പിതാവ് വീണ്ടും പാർട്ടിയുടെ കാര്യക്കാരനായതോടെ, അനിവാര്യമായ സൂക്ഷ്മത അവരിലുണ്ടായില്ല. ഫലം, പാർട്ടി വലിയൊരു വിവാദത്തിൽ പ്രതിരോധത്തിൽനിൽക്കെ സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കേസിലും കള്ളപ്പണ ഇടപാടിലും കുടുങ്ങി ജയിലിലായി. ഇതോടെ, പണ്ട് ആവേശത്തോടെ ഒപ്പംനിന്നിരുന്നവർ മുറുമുറുത്തു തുടങ്ങി. ഒടുക്കം, പടിയിറക്കമല്ലാതെ മറ്റൊരു വഴിയില്ലെന്നായി.
കൊടികുത്തിനിന്ന, കാറും കോളും നിറഞ്ഞ പിണറായിക്കാലത്തിനുശേഷമാണ് കോടിയേരി ബാലകൃഷ്ണൻ എന്ന തലശ്ശേരിക്കാരൻ 2015ൽ ആദ്യം സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തുന്നത്. അതിനുശേഷം പാർട്ടിയിൽ കാര്യമായ കോളിളക്കങ്ങളില്ലായിരുന്നു. മൂന്നു വർഷത്തിനിപ്പുറം ഒരിക്കൽക്കൂടി സി.പി.എമ്മിെൻറ അമരത്ത് അവരോധിക്കപ്പെട്ടപ്പോൾ എതിർപ്പുകളും വെല്ലുവിളികളുമില്ലാതെ എല്ലാവർക്കും സ്വീകാര്യനായ നേതാവിെൻറ ചിത്രമായിരുന്നു തെളിഞ്ഞത്.
1953 നവംബർ 16ന് കല്ലറ തലായി എൽ.പി സ്കൂൾ അധ്യാപകനായ കുഞ്ഞുണ്ണിക്കുറുപ്പിെൻറയും നാരായണി അമ്മയുടെയും മകനായാണ് ജനനം. കോടിയേരി ഒാണിയൻ ഹൈസ്കൂൾ, മാഹി എം.ജി കോളജ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്കൂൾ പഠനകാലം മുതൽക്കുതന്നെ തെൻറ വഴി ഏതെന്ന് കോടിയേരിക്ക് വ്യക്തമായി അറിയാമായിരുന്നു. ഒാണിയൻ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുേമ്പാൾ കെ.എസ്.എഫിെൻറ യൂനിറ്റ് രൂപവത്കരിക്കുകയും സെക്രട്ടറിയാവുകയും ചെയ്തു.
പിന്നീട് നേതൃനിരയിൽ ഉയർന്ന കോടിയേരി എസ്.എഫ്.െഎ രൂപവത്കരണ സമ്മേളനത്തിലും പെങ്കടുത്തു. 20ാം വയസ്സിൽതന്നെ എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറിയാവുകയും ചെയ്തു. 1973 മുതൽ 1979വരെ എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറിയായിരുന്നു. 1970ലാണ് പാർട്ടി അംഗമാകുന്നത്. 1971ൽ ഇൗങ്ങയിൽപീടിക ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1980 മുതൽ 82 വരെ ഡി.വൈ.എഫ്.െഎ കണ്ണൂർ ജില്ല പ്രസിഡൻറുമായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായി 16 മാസം ജയിലിൽ കഴിഞ്ഞതും കമ്യൂണിസ്റ്റുകാരനെന്ന നിലയിലുള്ള കോടിയേരിയുടെ രാഷ്ട്രീയജീവിതം ചിട്ടപ്പെടുത്തി. 1990 മുതൽ 95വരെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി. കോടിയേരിയുടെ രാഷ്ട്രീയജീവിതത്തിൽ വലിയ സംഭവങ്ങൾക്ക് തുടക്കമിട്ടത് കണ്ണൂർ ജില്ല സെക്രട്ടറി പദത്തിലിരിക്കുേമ്പാഴായിരുന്നു. ആർ.എസ്.എസ്-സി.പി.എം സംഘർഷങ്ങളുടെ പാരമ്യതയിലായിരുന്നു ഇൗ കാലത്ത് ജില്ല. കൂത്തുപറമ്പ് വെടിവെപ്പ് നടക്കുന്നതും ഇതേ കാലത്തുതന്നെയാണ്.
1995ൽ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2002ൽ കേന്ദ്ര കമ്മിറ്റി അംഗമായ കോടിയേരി, 2008ൽ കോയമ്പത്തൂരിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് പോളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കെപ്പട്ടത്. 2015 ഫെബ്രുവരിയിൽ നടന്ന ആലപ്പുഴ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പദത്തിലേക്കുയർന്നു. 1982, 1987, 2001, 2006, 2011 വർഷങ്ങളിലായി അഞ്ചുതവണ നിയമസഭയിലെത്തി. 2006ലെ വി.എസ് മന്ത്രിസഭയിൽ ആഭ്യന്തര-ടൂറിസം മന്ത്രി. രണ്ടുതവണ പ്രതിപക്ഷ ഉപനേതാവായി.