Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഠനകാലം മുതൽ ഭരണകാലം...

പഠനകാലം മുതൽ ഭരണകാലം വരെ...

text_fields
bookmark_border
പഠനകാലം മുതൽ ഭരണകാലം വരെ...
cancel

തിരുവനന്തപുരം: ആവേശം കത്തിപ്പടരുന്ന വിദ്യാർഥി സംഘടന കാലയളവ് മുതൽ തുടങ്ങുന്നു കോടിയേരി ബാലകൃഷ്ണന്‍റെ തിരുവനന്തപുരവുമായുള്ള ബന്ധം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി മുതൽ പാർട്ടി സെക്രട്ടറി വരെയും തലശ്ശേരിയെ നിയമസഭയിൽ പ്രതിനിധാനംചെയ്ത സമാജികനിൽ നിന്ന് ആഭ്യന്തരമന്ത്രിവരേക്കുമുള്ള രാഷ്ട്രീയ വഴികളിൽ ഇടത്താവളമല്ല, അക്ഷരാർഥത്തിൽ കാലുറച്ച് നിറഞ്ഞുനിന്ന രണ്ടാമിടമായിരുന്നു തിരുവനന്തപുരം.

പരാധീനതകളെ മറികടന്നുള്ള പ്രീഡിഗ്രികാല വിദ്യാർഥി പ്രവർത്തകനിൽ തുടങ്ങുന്നു ഈ ബന്ധം.1970 ൽ തിരുവനന്തപുരത്താണ് എസ്.എഫ്.എയുടെ ആദ്യ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാൻ മാഹി മാഹാത്മാഗാന്ധി കോളജിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധിയായാണ് കോടിയേരി ബാലകൃഷ്ണൻ ആദ്യമായി തലസ്ഥാനത്തെത്തുന്നത്.

1973 ൽ കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരിയെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന കാലം രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കോടിയേരിയുടെ രാഷ്ട്രീയവും സംഘടനാപരവുമായി സംഘടന-നേതൃപാടവമാണ് എസ്.എഫ്.ഐയുടെ അമരത്തേക്ക് കൈപിടിച്ചെത്തിക്കുന്നത്.

പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാണ് അദ്ദേഹം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ചുമതല ഏറ്റെടുത്തത്. ഇതോടെയാണ് തിരുവനന്തപുരം പ്രവർത്തനകേന്ദ്രമാകുന്നത്. യൂനിവേഴ്സിറ്റി കോളജിൽ ചരിത്രത്തിൽ ബിരുദത്തിന് ചേരുന്നതും ഇക്കാലയളവിലാണ്.

മാഹി മഹാത്മാഗാന്ധി കോളജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തുടർപഠനം വൈകിയിരുന്നു. ഒരുവർഷം മുഴുസമയ പാർട്ടി പ്രവർത്തകനായും പ്രവർത്തിച്ചു. എന്നാൽ പാർട്ടി ചുമതലകളുടെ ഭാഗമായി തിരുവനന്തപുരത്തേക്ക് എത്തിയതോടെയാണ് തുടർപഠനവും മുന്നോട്ടുകൊണ്ടുപോയത്.

വിദ്യാർഥി സംഘടന നേതാവെന്ന നിലയിലെ തിരക്കുകൾ ക്ലാസുകളിൽ കൃത്യമായി എത്തുന്നതിന് തടസ്സമായിരുന്നു. ക്ലാസ് നോട്ടുകളും പുസ്തകങ്ങളും മറ്റും നൽകിയുള്ള സഹപാഠികളുടെ സഹായമാണ് ഈ പ്രതിസന്ധികളെ മറികടക്കുന്നതിൽ കോടിയേരിക്ക് കൈത്താങ്ങായത്.

അടിയന്തരാവസ്ഥയിൽ വിദ്യാർഥിപ്രക്ഷോഭം ഉയർത്തി തലസ്ഥാനത്ത്

അടിയന്തരാവസ്ഥക്കെതിരെ വിദ്യാർഥികളെ അണിനിരത്തി തിരുവനന്തപുരത്തടക്കം നടത്തിയ പ്രക്ഷോഭങ്ങൾ ഒന്നരവർഷക്കാലം ജയിൽവാസത്തിനുമിടയാക്കി. അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്നു കോടിയേരി. കാമ്പസുകളായിരുന്നു അന്ന് പ്രക്ഷോഭ കേന്ദ്രങ്ങളായത്.

കാമ്പസുകളിൽ നിന്ന് പ്രക്ഷോഭങ്ങൾ പൊതു ഇടങ്ങളിലേക്ക് പടരുന്നതിന് നേതൃത്വം നൽകിയത് എസ്.എഫ്.ഐ നേതാവ് എന്ന നിലയിലെ കോടിയേരിയുടെ ഇടപെടലുകളാണ്. 1975 ജൂൺ 25ന് കോടിയേരിയെ കാമ്പസിൽ നിന്ന് അറസ്റ്റ് ചെയ്തു. രണ്ടുദിവസത്തിന് ശേഷം വിട്ടയച്ചു.

തുടർന്ന് പരസ്യമായി പ്രവർത്തിക്കുന്നവരും രഹസ്യമായി പ്രവർത്തിക്കുന്നവരും എന്നിങ്ങനെ രണ്ട് ഗ്രൂപ്പായി പ്രവർത്തിക്കാനായിരുന്നു തീരുമാനം. രഹസ്യപ്രവർത്തനത്തിനുള്ള ഗ്രൂപ്പിന്‍റെ നേതൃത്വം കോടിയേരിക്കും പരസ്യപ്രവർത്തന ഗ്രൂപ്പിന്‍റെ നേതൃത്വം എം.എ. ബേബിക്കുമായിരുന്നു.

പരസ്യപ്രവർത്തനം നടത്തിയ ഗ്രൂപ് തലസ്ഥാനത്ത് നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് നടപടിയുണ്ടായി. നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് പൂജപ്പുര ജയിലിലടച്ചു. പൊലീസിന് പക്ഷേ ആദ്യം കോടിയേരിയെ പിടികൂടാനായില്ല.

എന്നാൽ തലശ്ശേരിയിൽ വെച്ച് കോടിയേരിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ ജയിൽ മോചിതനായ കോടിയേരിക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പുളിമൂട് ബാങ്ക് എംപ്ലോയീസ് ഹാളിൽ വെച്ച് സ്വീകരണം നൽകിയത് ഇന്നും ആവേശമേറിയ ചരിത്രത്തുടിപ്പാണ്.

രാജൻ കേസും കഴക്കൂട്ടം ഉപതെരഞ്ഞെടുപ്പും

രാജൻ കേസിൽപെട്ട് കെ. കരുണാകരൻ രാജിവെച്ചതും പകരം ആൻറണി മുഖ്യമന്ത്രിയാകുന്നതുമായ രാഷ്ട്രീയമാറ്റങ്ങൾ നടന്നകാലം. അന്ന് കഴക്കൂട്ടം എം.എൽ.എ ആയിരുന്ന തലേക്കുന്നിൽ ബഷീർ രാജിവെച്ച് ആന്‍റണിക്ക് നിയമസഭയിലേക്കെത്താൻ വഴിയൊരുക്കുന്നതിനായിരുന്നു കഴക്കൂട്ടം ഉപതെരഞ്ഞെടുപ്പ്.

ആന്‍റണിയെ നേരിടാൻ ഇടത് മുന്നണി നിയോഗിച്ചത് പിരപ്പൻകോട് ശ്രീധരൻ നായരെയായിരുന്നു. പ്രചാരണത്തിന്‍റെ പ്രധാന ചുമതലക്കാരനായായിരുന്നു കോടിയേരിയുടെ നിയോഗം. രാജൻ കേസിൽ കേരളമാകെ കത്തിയാളിയ വിദ്യാർഥിപ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ആളെന്ന നിലയിൽ കൂടിയ പ്രചാരണരംഗത്ത് ശക്തമായ സാന്നിധ്യമായി കോടിയേരി. പോത്തൻകോട് കേന്ദ്രീകരിച്ചായിരുന്നു കോടിയേരിയുടെ പ്രവർത്തനം.

ആദ്യ പൊലീസ് മർദനം, ആശുപത്രി വാസം

അടിയന്തരാവസ്ഥക്കുശേഷം നിലവിൽ വന്ന ജനതാ പാർട്ടിയുടെ ഭരണകാലത്ത് ജെ.എൻ.യു സർവകലാശാലയിലൽ ഇന്ദിര ഗാന്ധിയുടെ ആരാധകനായ ചൗധരിയായിരുന്നു വി.സി. അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ട് വ്യാപക വിദ്യാർഥി പ്രക്ഷോഭം നടക്കുമ്പോഴാണ് ലോക മലയാളി സമ്മേളനത്തിൽ പങ്കെടുക്കാൻ കേന്ദ്ര വിദ്യഭ്യാസ മന്ത്രി പി.സി. ചുണ്ടൽ തിരുവനന്തപുരത്തെത്തിയത്.

മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകാൻ എസ്.എഫ്.ഐ തീരുമാനിച്ചു. കോടിയേരി, എം.എ. ബേബി, തോമസ് ഐസക് എന്നിവരുടെ നേതൃത്വത്തിൽ പ്രകടനമായാണ് വിദ്യാർഥികൾ നിവേദനം നൽകാനെത്തിയത്. എന്നാൽ സമരക്കാരെന്ന് വരുത്തി വിദ്യാർഥികളെ കായികമായി നേരിടാനാണ് പൊലീസ് ശ്രമിച്ചത്.

വിദ്യാർഥികളെ മർദിക്കുന്നത് തടയാൻ ശ്രമിച്ച കോടിയേരിയെ അസി. കമീഷണർ കൃഷ്ണൻകുട്ടിനായർ നിലത്തിട്ടു ചവിട്ടി. തുടർന്ന് നന്ദാവനം ക്യാമ്പിലെത്തിച്ചും മർദനം. തലസ്ഥാനത്തെ രാഷ്ട്രീയ ജീവിതത്തിലെ കോടിയേരി നേരിട്ട ആദ്യ പൊലീസ് മർദനമായിരുന്നു ഇത്.

കേസിൽ പ്രതിയായെങ്കിലും വിചാരണക്ക് ശേഷം കുറ്റവാളിയല്ലെന്ന് കണ്ടെത്തി പൊലീസ് വെറുതെ വിട്ടു. കേരള സർവകലാശാല യൂനിയൻ എസ്.എഫ്.ഐ നേടുന്നതും കോടിയേരി സെക്രട്ടറിയായിരുന്ന കാലത്താണ്.

സജീവമായ സാമാജികൻ

1982 ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് കോടിയേരി ആദ്യമായി മത്സരിക്കുന്നത്. 17000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഇക്കാലയളവിൽ നിയമസഭാ സാമാജികൻ എന്ന നിലയിലായിരുന്നു തലസ്ഥാനവുമായുള്ള ബന്ധം. എം.എൽ.എ എന്നതിനപ്പുറം പാർട്ടി പരിപാടികളിലും സജീവ സാന്നിധ്യമായി ഇക്കാലയളവിൽ നിറഞ്ഞുനിന്നു. നിയമസഭയിലും തീപ്പൊരിയായിരുന്നു കോടിയേരി.

1996ൽ കൊല്ലത്ത് നടന്ന സി.പി.എം സമ്മേളനത്തിലാണ് കോടിയേരി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗമാകുന്നത്. ഇതോടെ എ.കെ.ജി സെന്‍റർ കേന്ദ്രീകരിച്ചായി പ്രവർത്തനം. അങ്ങനെ വീണ്ടും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ തട്ടകമായി തലസ്ഥാനം മാറി. വിവാഹം കഴിഞ്ഞ് കുടുംബവുമൊത്ത് 1996 ലാണ് കോടിയേരി തിരുവനന്തപുരത്തേക്ക് സ്ഥിരതാമസത്തിനെത്തുന്നത്.

പി.ടി. കുഞ്ഞുമുഹമ്മദ് എം.എൽ.എയുടെ ക്വാർട്ടേഴ്സിലായിരുന്നു താമസം. 2001ലെ തെരഞ്ഞെടുപ്പ് മത്സരിച്ച് വിജയിച്ചു. അങ്ങനെയാണ് മൂന്നാം ഊഴത്തിൽ നിയമസഭ കക്ഷി ഉപനേതാവാകുന്നത്.

ഇതിനിടെ താമസം എ.കെ.ജി സെന്‍ററിന് എതിർവശത്തെ ഫ്ലാറ്റിലേക്ക്. 2006-2011 വി.എസ് സർക്കാറിൽ ആഭ്യന്തരമന്ത്രിയായതോടെ പാർട്ടി വേദികൾക്കപ്പുറം തലസ്ഥാനത്തെ മുഖ്യ സാന്നിധ്യമായി കോടിയേരി മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnanThiruvananthapuram News
News Summary - Kodiyeri Balakrishnan's association with Thiruvananthapuram begins from the period of student
Next Story