
മുഖ്യമന്ത്രിയെ നിയന്ത്രിക്കാനാവാതെയാണ് കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിയുന്നത് -കെ.പി.എ മജീദ്
text_fieldsകോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞത് വൈകിയുദിച്ച വിവേകമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. അടിമുടി അഴിമതിയിൽ മുങ്ങിയ ഒരു സർക്കാറിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ സെക്രട്ടറി നേരത്തെ രാജിവെക്കേണ്ടതായിരുന്നു.
കോടിയേരിയുടെ മകൻ തന്നെ മയക്കുമരുന്ന് കേസിൽ ജയിലിലാണ്. സി.പി.എമ്മിന് യാതൊരു പിടിയുമില്ലാത്ത സർക്കാറാണിത്. കോടിയേരി പേരിന് സംസ്ഥാന സെക്രട്ടറിയായിരുന്നു. പാർട്ടിയും സർക്കാറുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. പാർട്ടിക്കകത്തുള്ള ഈ ആഭ്യന്തര സംഘർഷത്തിെൻറ പ്രതിഫലനമാണ് കോടിയേരിയുടെ രാജി. ഇതിന് മുമ്പും അദ്ദേഹം ചികിത്സക്ക് പോയിട്ടുണ്ടെങ്കിലും സ്ഥാനമൊഴിഞ്ഞിരുന്നില്ല.
എല്ലാ ആരോപണങ്ങളിലും മുഖ്യമന്ത്രിയാണ് പ്രതിസ്ഥാനത്തുള്ളത്. മുഖ്യമന്ത്രിയെ നിയന്ത്രിക്കാനാവാതെയാണ് കോടിയേരി സ്ഥാനമൊഴിയുന്നത്. പകരം ചുമതലക്കാരനും പിണറായിയെ മറികടന്ന് ആ പാർട്ടിയിൽ ഒന്നും ചെയ്യാനില്ല. യഥാർത്ഥ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണ്. പാർട്ടി സെക്രട്ടറിയെ മാറ്റിയതുകൊണ്ടു മാത്രം ഒന്നും സംഭവിക്കുന്നില്ല. ഇനി പുറത്തു പോകേണ്ടത് മുഖ്യമന്ത്രിയാണെന്നും കെ.പി.എ മജീദ് പറഞ്ഞു.