Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവികാരത്തിരയടിച്ച്...

വികാരത്തിരയടിച്ച് പയ്യാമ്പലം

text_fields
bookmark_border
വികാരത്തിരയടിച്ച് പയ്യാമ്പലം
cancel
camera_alt

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര 

കണ്ണൂര്‍: പയ്യാമ്പലത്ത് വീശിയടിച്ച കടൽകാറ്റിൽ ഇന്നലെ കണ്ണീരുപ്പ് കലർന്നിരുന്നു. നിരവധി മഹാരഥന്മാർ അന്തിയുറങ്ങുന്ന മണൽത്തരികളെ സാക്ഷിയാക്കി കോടിയേരി ബാലകൃഷ്ണന്‍റെ ചിത കടൽതീരത്ത് കത്തിയമർന്നു.

രാഷ്ട്രീയഗുരു ഇ.കെ. നായനാരുടെ ചാരത്താണ് കോടിയേരിയുടെ അന്ത്യനിദ്ര. കുടുംബാംഗങ്ങൾക്കും മുതിർന്ന നേതാക്കൾക്കും മാത്രമായിരുന്നു പയ്യാമ്പലത്ത് സംസ്‍കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനം.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ പോളിറ്റ് ബ്യൂറോ അംഗങ്ങൾ തോളിൽ ചുമന്നാണ് മൃതദേഹം ചിതയിലേക്കെടുത്തത്. വികാരവായ്പ്പോടെയാണ് നേതാക്കളടക്കം പ്രിയ സഖാവിന് വിട നൽകിയത്.

ഭാര്യ വിനോദിനിയും മക്കളായ ബിനോയും ബിനീഷുമടങ്ങുന്ന കുടുംബം പൊട്ടിക്കരഞ്ഞു. ഭാര്യ വിനോദിനി അന്ത്യചുംബനം നൽകിയതിന് പിന്നാലെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേർന്ന് ചിതക്ക് തീകൊളുത്തി. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

കണ്ണൂരിലെ കമ്യൂണിസ്റ്റ് നേതാക്കളിൽ നിരവധി പേരുടെ സ്മൃതി കുടീരങ്ങൾ നിൽക്കുന്ന മണ്ണാണ് പയ്യാമ്പലം കടപ്പുറം. അഴീക്കോടൻ രാഘവൻ, ചടയൻ ഗോവിന്ദൻ, ഇ.കെ. നായനാർ, എം.വി. രാഘവൻ, എൻ.സി. ശേഖർ, ഒ. ഭരതൻ തുടങ്ങിയവരെ സംസ്കരിച്ച സ്ഥലത്ത് പിന്നീട് അവർക്കായി സ്മൃതി കുടീരം ഉയർന്നു. ഇനി കോടിയേരിക്കും പയ്യാമ്പലത്ത് സ്മൃതികുടീരം ഉയരും. പ്രിയ സഖാവിന്‍റെ സ്മരണകൾ തലമുറകൾ തോറും പകർന്നുനൽകി അതങ്ങനെ തലയുയർത്തി നിൽക്കും.

Show Full Article
TAGS:kodiyeri balakrishnanfuneral
News Summary - kodiyeri balakrishnanan funeral
Next Story