കൊടിയത്തൂർ kodiyathur(കോഴിക്കോട് ): മുക്കുപണ്ടം തട്ടിപ്പ് നടന്ന കൊടിയത്തൂർ ഗ്രാമീൺ ബാങ്കിലെ അപ്രൈസറായ കൊടിയത്തൂർ പന്നിക്കോടു പരവരയിൽ മോഹൻദാസിനെ (57) ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഉച്ചയോടെയാണ് ഇദ്ദേഹത്തെ കോഴിക്കോട് ക്രൗൺ തിയറ്ററിന് സമീപം ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. രണ്ടു കൈകളും അറ്റുപോയ നിലയിലായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മുക്കുപണ്ടം പണയം വെച്ച് 24 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് ജീവനക്കാരുടെ പങ്കും അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കേസ് അവസാനിക്കുന്നതുവരെ അവധിയിൽ പ്രവേശിക്കാൻ ബാങ്ക് അധികൃതർ മോഹൻദാസിന് നിർദേശം നൽകിയിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ അവസാന വാരം മുക്കുപണ്ടം പണയം വെക്കാനായി പെരുമണ്ണ സർവിസ് സഹകരണ ബാങ്കിൽ എത്തി പിടിയിലായ കൊടിയത്തൂർ നെല്ലിക്കാപറമ്പ് മാട്ടുമുറിക്കൽ സന്തോഷ് കുമാർ, മാട്ടു മുറിക്കൽ വിഷ്ണു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിവിധ ബാങ്കുകളിൽ നടത്തിയ തട്ടിപ്പ് പുറത്തു വന്നത്. ഇതോടെയാണ് കൊടിയത്തൂർ ഗ്രാമീണ ബാങ്കിൽനിന്ന് അറസ്റ്റ് ചെയ്ത സന്തോഷ് കുമാർ മാട്ടുമുറിക്കൽ, വിഷ്ണു കയ്യുണുമ്മൽ, കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പോലുകുന്നത്ത് എന്നിവർ തട്ടിപ്പ് നടത്തിയെന്നറിയുന്നത്. മോഹൻദാസിന്റെ ഭാര്യ: സുമതി, അമ്മ: സരോജിനി, അച്ഛൻ പരേതനായ രാഘവൻ, മക്കൾ: ഷിമ, ശാമിലി, ഷിജില, ഷിജിമ, ശിക. മരുമക്കൾ: സുന്ദരൻ, പ്രജീഷ്, അരുൺ.