പ്രതീക്ഷയുടെ പുതിയ തീരങ്ങള്‍ തേടി അവരെത്തി
text_fieldsകോഴിക്കോട്: വര്‍ഷങ്ങളായി വീടിന്‍െറ ഇരുണ്ട ചുമരുകള്‍ക്കുള്ളില്‍ നെടുവീര്‍പ്പു പൊഴിച്ച് ജീവിച്ച ഒരുകൂട്ടമാളുകള്‍ പ്രതീക്ഷയുടെ പുതിയ തീരങ്ങളും പുതിയ ആകാശങ്ങളും കാണുന്ന അസുലഭ നിമിഷങ്ങളാസ്വദിക്കുകയായിരുന്നു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തും കൊടിയത്തൂര്‍ പാലിയേറ്റിവ് അസോസിയേഷനും വെസ്റ്റ്ഹില്‍ ഐ.ഐ.കെ.എം ബിസിനസ് സ്കൂളും ചേര്‍ന്നാണ് കൊടിയത്തൂരില്‍ വര്‍ഷങ്ങളായി കിടപ്പിലായ 13 പേര്‍ക്കായി ഉല്ലാസയാത്ര ഒരുക്കിയത്.
കടലുണ്ടിയിലെ എന്‍.സി ഗാര്‍ഡന്‍, ബീച്ച്, ഭട്ട്റോഡ് ബീച്ച് എന്നിവിടങ്ങളില്‍ ഒരുദിവസം മുഴുവന്‍ അവര്‍ ചുറ്റിയടിച്ചു. സഹായവും പൂര്‍ണപിന്തുണയുമായി പാലിയേറ്റിവ് പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഒപ്പമുണ്ടായിരുന്നു. അഞ്ച് സ്ത്രീകളും എട്ട് പുരുഷന്മാരുമാണ് രോഗികളുടെ കൂട്ടത്തിലുണ്ടായിരുന്നത്. പക്ഷാഘാതം മൂലം അരക്കുതാഴെ തളര്‍ന്നും നട്ടെല്ലിന് ക്ഷതം സംഭവിച്ചും വര്‍ഷങ്ങളായി വീടിനു പുറത്തിറങ്ങാന്‍ കഴിയാതെ നോവനുഭവിക്കുന്നവരാണ് ഇവരെല്ലാം. ജന്മനാല്‍ നട്ടെല്ലിനു മുഴ വന്ന്, ശസ്ത്രക്രിയക്കു ശേഷം അരക്കുതാഴെ തളര്‍ന്നുപോയ 13കാരന്‍ പന്നിക്കോട്ടെ സഫാദും മരത്തില്‍നിന്നു വീണ് 12 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന ജോജിയും ഗള്‍ഫിലെ ജോലിക്കിടെ വീണ് തളര്‍ച്ച ബാധിച്ച അബ്ദുറഹ്മാനുമെല്ലാം ഉല്ലാസത്തിന്‍െറ നവ്യാനുഭവമാണ് യാത്രയിലൂടെ ലഭിച്ചത്.
മാനസിക വെല്ലുവിളി നേരിടുന്ന ദമ്പതികളായ മുജീബും സാജിദയും കൂട്ടത്തിലുണ്ടായിരുന്നു. പാട്ടും കളിയുമായി പകല്‍ മുഴുവന്‍ കടലുണ്ടിയില്‍ ചെലവഴിച്ച ഇവര്‍ കടല്‍ത്തീര സായാഹ്നമാസ്വദിക്കാനാണ് ഭട്ട്റോഡ് ബീച്ചിലത്തെിയത്. കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി അബ്ദുല്ല, വൈസ്പ്രസിഡന്‍റ് സ്വപ്ന വിശ്വനാഥ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ചന്ദ്രന്‍, വാര്‍ഡ് അംഗം ഷിജി, പാലിയേറ്റിവ് അസോസിയേഷന്‍ ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍, സെക്രട്ടറി പി.എം. അബ്ദുല്‍ നാസര്‍, ഇ. ബാലന്‍, മജീദ്, നഴ്സുമാരായ സലിജ, സാബിറ, കൊടിയത്തൂര്‍ പി.എച്ച്.സിയിലെ ഡോ. നൗഷാദ്, ഐ.ഐ.കെ.എം പ്രിന്‍സിപ്പല്‍ കെ.സോമനാഥ്, അധ്യാപകരായ കെ.പി. മുഹമ്മദ് ഷബീബ്, ഹബീബ് എന്നിവര്‍ ഉല്ലാസയാത്രക്ക് നേതൃത്വം നല്‍കി. ബിസിനസ് സ്കൂള്‍ വിദ്യാര്‍ഥികളാണ് യാത്രയുടെ മുഴുവന്‍ ചെലവും ഏറ്റെടുത്തത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ‘കുമിള’ മ്യൂസിക് ബാന്‍ഡിന്‍െറ സംഗീതവിരുന്നും ഐ.ഐ.കെ.എം വിദ്യാര്‍ഥികളുടെ ഉപഹാരവുമെല്ലാം രോഗികളുടെ ആഹ്ളാദത്തെ ഇരട്ടിയാക്കി.
രോഗവും നൊമ്പരവും മറന്ന് പാട്ടുപാടിയും അനുഭവങ്ങള്‍ പങ്കുവെച്ചും എല്ലാവരും സായാഹ്നത്തെ അവിസ്മരണീയമാക്കുകയായിരുന്നു. കണ്ടു കൊതിതീരാത്ത നഗര-സാഗരക്കാഴ്ചകള്‍ കാണാന്‍ വീണ്ടും ഒരിക്കല്‍കൂടിയത്തെുമെന്ന പ്രതീക്ഷയോടെ അവര്‍ മടങ്ങി, വിധി തങ്ങള്‍ക്കായി കരുതിവെച്ച ചുവരുകള്‍ക്കുള്ളിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
