Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശശി തരൂരിനോട് മാപ്പ്...

ശശി തരൂരിനോട് മാപ്പ് പറഞ്ഞ് കൊടിക്കുന്നിൽ സുരേഷ്

text_fields
bookmark_border
ശശി തരൂരിനോട് മാപ്പ് പറഞ്ഞ് കൊടിക്കുന്നിൽ സുരേഷ്
cancel

തിരുവനന്തപുരം: ശശി തരൂർ എം.പിയോട് മാപ്പ് പറഞ്ഞ് കൊടിക്കുന്നിൽ സുരേഷ് എം.പി. ശശി തരൂരിന്‍റെ നിലപാടുകളിൽ വിയോജിച്ചുകൊണ്ടാണ് കൊടിക്കുന്നിൽ സുരേഷ് ഖേദം പ്രകടിപ്പിച്ചത്. വ്യക്തിപരമായി താൻ ഏറെ ഇഷ്ടപെടുന്ന ആളാണ്ശശി തരൂർ. അദ്ദേഹത്തിന്‍റെ കഴിവുകളിൽ സഹപ്രവർത്തകൻ എന്ന നിലയിൽ തനിക്കും അഭിമാനമുണ്ട്. തന്‍റെ വാക്കുകൾ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനോ മുറിവേൽപ്പിക്കാനോ ആയിരുന്നില്ല. അതിൽ അദ്ദേഹത്തിന് വിഷമം ഉണ്ടായെങ്കിൽ പാർട്ടി താല്പര്യം മുൻ നിർത്തി അദ്ദേഹം നിലകൊണ്ട വിഷയങ്ങളിൽ ശക്തമായി വിയോജിച്ചു കൊണ്ട് വ്യക്തിപരമായ ഉണ്ടായ വിഷമത്തിൽ താൻ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് കൊടിക്കുന്നിൽ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞത്.

വളരെ നീണ്ട കുറിപ്പിൽ താൻ പാർട്ടിക്ക് വേണ്ടി സഹിച്ച ത്യാഗങ്ങളെക്കുറിച്ചും സമരങ്ങളെക്കുറിച്ചും ദീർഘമായി പ്രതിപാദിക്കുന്നുണ്ട്. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായ ശശി തരൂരിന്റെ അഭിപ്രായങ്ങൾ ആണ് ജനാധിപത്യപരമായ വിമർശനങ്ങളുടെ കാതൽ. പാർട്ടിഫോറങ്ങളിൽ ആലോചിക്കാതെയുള്ള അദ്ദേഹത്തിന്‍റെ പല നിലപാടുകളിലും താൻ ഉൾപ്പെടയുള്ള സഹപ്രവർത്തകർക്ക് വിയോജിപ്പികൾ ഉണ്ട്. അത് വ്യക്തിപരമായ വിരോധമല്ല. രാഷ്ട്രീയമായ സംവാദമാണ് എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

എന്റെ രാഷ്ട്രീയം ആരംഭിക്കുന്നത് കെ.എസ്.യുവിലൂടെയാണ്. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിൽ 1975 കാലഘട്ടത്തിൽ പഠിക്കുവാൻ എത്തുമ്പോഴാണ് ഞാൻ കെ.എസ്.യു മെമ്പർഷിപ്പ് എടുത്ത് സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കൂലിവേലക്കാരായ അച്ഛൻ കുഞ്ഞനും, അമ്മ തങ്കമ്മയും വളരെ പ്രയാസപ്പെട്ടാണ് ഞാൻ ഉൾപ്പെടെയുള്ള മക്കളെ വളർത്തിയത്. അടുത്തുള്ള വീടുകളിൽ ജോലിക്ക് പോയും, വയലിൽ കൊയ്യാനും, വിതയ്ക്കാനും, ഞാറ് നടാനും പോയുമാണ് എന്നെയും സഹോദരങ്ങളെയും വളർത്തിയത്. ജീവിതം തന്നെ ഒരു സമരമായിരുന്നു. മഴപെയ്താൽ ചോർന്നൊലിക്കുന്ന കൂരയിൽ ജീവിച്ച ഞങ്ങൾ പലപ്പോഴും സ്കൂളിൽ പോയിരുന്നത് ഒഴിഞ്ഞ വയറുമായിട്ടായിരുന്നു. വൈകിട്ട് വീട്ടിൽ എത്തുമ്പോഴാകും എന്തെങ്കിലും കഴിക്കാൻ കിട്ടുക ! അതിനിടയിൽ ആണ് സജീവ കെ.എസ്.യു പ്രവർത്തനം നടത്തിയത്. പട്ടിണിക്കും പരിമിതികൾക്കും ഇടയിലെ കെ.എസ്.യു. പ്രവർത്തനം സന്തോഷവും ആത്മവിശ്വാസവും നൽകി. പോസ്റ്റർ ഒട്ടിച്ചും, കൊടി പിടിച്ചും, സമരം ചെയ്തും, കോളേജുകളിൽ കെ.എസ്.യു വളർത്താൻ ശ്രമിച്ച എനിക്ക് അന്നത്തെ പലരെയും പോലെ പലപ്പോഴും ക്രൂരമായ പോലിസ് മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ആ ജീവിത പ്രയാസങ്ങൾ കരുപിടിപ്പിച്ച അനുഭവങ്ങൾ ആണ് എന്റെ രാഷ്ട്രീയം. അന്നുമിന്നും ഞാൻ പിന്തുടരുന്നത് അതിലുറച്ച് നിന്നുള്ള ജീവിതമാണ്. കൃത്രിമ ഭാഷയോ, ശൈലിയോ എനിക്കില്ല. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ, അന്നത്തെ സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്ന കെ.സി വേണുഗോപാലിനൊപ്പം നന്ദാവനം പോലിസ് ക്യാമ്പിൽ പോലീസിന്റെ ക്രൂര മർദ്ദനവും ഏറ്റുവാങ്ങേണ്ടി വന്നു. അതിന് ശേഷമാണ് കമ്മ്യൂണിസ്റ്റ്‌ കുത്തക ആയിരുന്ന, 1984 ൽ ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വം കൊണ്ട് കോൺഗ്രസിലെ കെ. കുഞ്ഞമ്പു മാത്രം ജയിച്ച അടൂർ മണ്ഡലം പിടിച്ചെടുക്കാൻ 1989 ൽ പാർട്ടി എന്നെ നിയോഗിക്കുന്നത്. അന്ന് എനിക്ക് വേണ്ടി നിലകൊണ്ട ഒരു പ്രവർത്തകനെയും ഞാൻ നിരാശനാക്കിയില്ല. കഴിഞ്ഞ 25 കൊല്ലമായി ജനങ്ങൾ എന്നെ പാർലമെന്റിലേക്ക് അയയ്ക്കുന്നത് ഞാൻ അവരിൽ ഒരാളാണെന്ന് ഉറപ്പുള്ളത് കൊണ്ടാണ്. ഏത് സാഹചര്യത്തിലും അവർക്കൊപ്പം നിൽക്കുമെന്ന് സംശയം ഇല്ലാത്തതുകൊണ്ടാണ്. സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിൽ നിന്നും ഇന്ത്യൻ പാർലമെന്റ് വരെ എത്താനും, പാർട്ടിയിലും, പൊതു രംഗത്തും, ഭരണ രംഗത്തും എനിക്ക് വിവിധ അവസരങ്ങൾ നൽകിയതും എന്റെ പാർട്ടിയാണ്. പാർട്ടിയുടെ കരുത്താണ് എന്റെയും കരുത്ത്.

സാധാരണക്കാരും കൂലിവേലക്കാരും ആയിരുന്ന മാതാപിതാക്കളുടെ മകൻ എന്ന നിലയിൽ ഞാൻ വിശ്വസിക്കുന്നത് കോൺഗ്രസിന്റെ സോഷ്യലിസ്റ്റ് ധാരകളിലാണ്. പട്ടിണിയും പരിവട്ടവും നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ വളർന്ന എനിക്ക് പഴയതൊന്നും മറക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഞാനിപ്പോഴും ജനങ്ങൾക്കിടയിലാണ് ജീവിക്കുന്നത്. ഞാൻ പഠിച്ചത് ജീവിത പ്രയാസങ്ങളോട് ഏറ്റു മുട്ടിയാണ്. അതുകൊണ്ടായിരിക്കാം എന്റെ ചിന്തയും, പ്രവർത്തനവും എപ്പോഴും തീവ്രവും, ആത്മാർത്ഥവും ആകുന്നത്. കോൺഗ്രസ്സ് പാർട്ടിയും, ജനങ്ങളുമാണ് എന്റെ ജീവനും, ജീവിതവും. നെഹ്രൂവിയൻ സോഷ്യലിസ്റ്റ് ചിന്തകൾ ആണ് എന്റെ നയം. കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടിക്കകത്തുണ്ടായ നീക്കങ്ങൾ പാർട്ടിയെ സ്നേഹിക്കുന്ന, അടുത്ത് നിന്ന് കാര്യങ്ങൾ മനസിലാക്കുന്ന ഏതൊരാൾക്കും വേദന ഉണ്ടാക്കുന്നതായിരുന്നു.

നെഹ്‌റുവും രാജീവും ഇന്ദിരയും കെട്ടിപടുത്തതാണ് ഇന്ന് കാണുന്ന ഇന്ത്യ. പൊതുമേഖലയിലൂടെ പടുത്തുയർത്തിയ ഇന്ത്യയുടെ ഭൗതിക വികസനം ഒരൊന്നൊയി വിറ്റഴിക്കുന്നത് ആശങ്കയോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. സർക്കാർ ആശുപത്രികളും, സർക്കാർ വിദ്യാലയങ്ങളും, സർക്കാരിന്റെ എന്തും എന്റേത് കൂടിയാണെന്ന അഭിമാന ബോധം ഒരു സാധാരണ പൗരനായ എനിക്കുണ്ട്. അതിനെ ഇല്ലാതാകുന്ന നിലപാടുകൾ എന്നെ മുറിവേൽപ്പിക്കും. അസ്വസ്ഥനാക്കും. തിരുവനന്തപുരം എയർപോർട്ട് വിഷയത്തിലും എന്റെ നിലപാട് അത് സർക്കാർ മേഖലയിൽ കൂടുതൽ മികച്ചതാക്കി നിലനിർത്തണം എന്നുള്ളതാണ്. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായ ശ്രീ. ശശി തരൂരിന്റെ അഭിപ്രായങ്ങൾ ആണ് ജനാധിപത്യപരമായ എന്റെ വിമർശനങ്ങളുടെ കാതൽ. പാർട്ടിഫോറങ്ങളിൽ ആലോചിക്കാതെയുള്ള അദ്ദേഹത്തിന്റെ പല നിലപാടുകളിലും ഞാൻ ഉൾപ്പെടയുള്ള സഹപ്രവർത്തകർക്ക് വിയോജിപ്പികൾ ഉണ്ട്. അത് വ്യക്തിപരമായ വിരോധമല്ല. രാഷ്ട്രീയമായ സംവാദമാണ്.

എല്ലാ വൈകുന്നേരങ്ങളിലും തനിക്കൊപ്പം ബാറ്റ്മിന്റൺ കളിക്കുമായിരുന്ന അംഗരക്ഷകരുടെ വെടിയേറ്റ് മുത്തശ്ശി മരിച്ചുവീഴുന്നതും, ശ്രീപെരുമ്പത്തൂരിലെ പൊതുപരിപാടിക്കിടയിൽ അച്ഛൻ രാജീവ് ഒരു തീഗോളത്തിൽ അമർന്ന് തീരുന്നതും കാണേണ്ടിവന്ന കുട്ടിയാണ് രാഹുൽ. രാഷ്ട്രീയത്തിൽ എത്തിയ രാഹുലിന് നേരിടേണ്ടി വന്നത് ലോകത്ത് മറ്റൊരു ചെറുപ്പക്കാരനും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ആക്ഷേപങ്ങളും അപമാനങ്ങളുമാണ്. ആ അനുഭവങ്ങളുടെ കരുത്താണ് രാഹുൽ ഗാന്ധി എന്ന രാഷ്ട്രീയക്കാരൻ. അദ്ദേഹമല്ലാതെ മറ്റാരാണ് ഇന്ന് കോൺഗ്രസിനെ നയിക്കേണ്ടത്?

വ്യക്തിപരമായി ഞാൻ ഏറെ ഇഷ്ടപെടുന്ന ആളാണ് ശ്രീ. ശശി തരൂർ. അദ്ദേഹത്തിന്റെ ലോക പരിചയവും, കഴിവും, പ്രാപ്തിയും, ഭാഷാ പരിചയവും എനിക്കും സഹപ്രവർത്തകൻ എന്ന നിലയിൽ സന്തോഷമാണ്. അദ്ദേഹത്തെ ഓർത്ത് എല്ലാ കേരളീയരെയും പോലെ എനിക്കും അഭിമാനമാണ്. അദ്ദേഹത്തിന്റെ നിലപാട് അദ്ദേഹം പ്രഖ്യാപിക്കുകയും പാർട്ടി നേതൃത്വവുമായി ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഹൈകമാന്റും, കെ.പി.സി.സിയും പരസ്യ പ്രസ്താവനകളും വിലക്കിയിരിക്കുകയാണ്. നിലപാടുകളിൽ വിയോജിക്കുമ്പോഴും അദ്ദേഹത്തിന്റെ കഴിവുകളിലും, നേട്ടങ്ങളിലും ഞാനും അഭിമാനിക്കുകയും, സന്തോഷിക്കുകയും ചെയ്യുന്നുണ്ട്. എന്റെ വാക്കുകൾ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനോ മുറിവേൽപ്പിക്കാനോ, അദ്ദേഹത്തിന്റെ കഴിവുകളെ കുറച്ചു കാട്ടാനോ ആയിരുന്നില്ല. അതിൽ അദ്ദേഹത്തിന് എന്തെങ്കിലും വിഷമം ഉണ്ടായെങ്കിൽ പാർട്ടി താല്പര്യം മുൻ നിർത്തി അദ്ദേഹം നിലകൊണ്ട വിഷയങ്ങളിൽ ശക്തമായി വിയോജിച്ചു കൊണ്ട് വ്യക്തിപരമായ ഉണ്ടായ വിഷമത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.

ഇപ്പോൾ ചില വിമർശകർ പറയുന്നത് പോലെ വിവാഹത്തിനും മരണത്തിനും പാലുകാച്ചിനും പോകുന്ന എം.പി യാണ്. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ അഭിപ്രായം ചോദിക്കാനും നാട്ടിൽ അതിർത്തി തർക്കം ഉണ്ടായാലും ജനങ്ങൾ എന്നെയാണ് വിളിക്കുന്നത്. ഞാൻ അവരുടെ എം.പിയാണ് അവരെ കേൾക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. ഞാനത് അഭിമാനത്തോടെ ഇനിയും തുടരും.

പാർട്ടി ഒറ്റകെട്ടായി മുന്നോട്ട് പോകേണ്ട സമയവുമാണിത്. പാർട്ടി പ്രവർത്തകരും, നേതൃത്വവും ജാഗരൂകരായി നീങ്ങേണ്ട സാഹചര്യവും. കർത്തവ്യങ്ങളും, കടമകളും ഒരുപാട് നിറവേറ്റാനുണ്ട്. വിവാദങ്ങൾക്ക് വിട...

സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ കൂടുതൽ ലക്ഷ്യബോധത്തോടെ നമുക്ക് ഒരുമിച്ച് നീങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasi tharoorkodikunil suresh
Next Story