ജാമ്യ വ്യവസ്ഥ ലംഘനം: ടി.പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി; മദ്യപിക്കാൻ അവസരമൊരുക്കിയ പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsവ്യവസ്ഥ ലംഘിച്ചു; കൊടി സുനിയുടെ പരോൾ റദ്ദാക്കി
കണ്ണൂർ: വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ ജയിൽ വകുപ്പ് റദ്ദാക്കി. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് മീനങ്ങാടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരോൾ കാലയളവിൽ ജന്മനാടായ കണ്ണൂർ ജില്ലയിൽനിന്ന് മാറി മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കാമെന്നായിരുന്നു വ്യവസ്ഥ.
ഇത് ലംഘിച്ച് കണ്ണൂരിലും സംസ്ഥാനത്തിനു പുറത്തും കൊടി സുനി എത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ച പ്രത്യേക സുരക്ഷയിൽ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊടി സുനിയെ എത്തിച്ചു. ജൂലൈ 21നാണ് 15 ദിവസത്തേക്ക് പരോൾ അനുവദിച്ചത്.
ടി.പി കേസിൽ കോടതി ശിക്ഷിച്ച കൊടി സുനി തവനൂർ സെൻട്രൽ ജയിലിലായിരുന്നു. ഇയാൾ പ്രതിയായ ന്യൂമാഹി ഇരട്ടക്കൊലപാതക കേസിന്റെ വിചാരണക്കായി ഈ വർഷം ജനുവരി 29നാണ് കണ്ണൂരിലെത്തിച്ചത്. തലശ്ശേരി കോടതിയിൽ വിചാരണ തുടരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ കഴിയാൻ അനുവദിക്കണമെന്ന അഭ്യർഥന കണക്കിലെടുത്താണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
ടി.പി കേസ് കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പൊലീസിന്റെ സാന്നിധ്യത്തിൽ ഹോട്ടലിൽ മദ്യപിച്ച സംഭവത്തിൽ മൂന്നു പൊലീസുകാരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. പ്രതികളെ ജൂൺ 17ന് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം.
ഉച്ചഭക്ഷണം കഴിക്കാൻ പ്രതികളുമായി കോടതിക്കു സമീപത്തെ കടൽത്തീരത്തെ ഹോട്ടലിലാണ് കയറിയത്. പ്രതികളുടെ സുഹൃത്തുക്കൾ ഇവിടെയെത്തുകയും പൊലീസിന്റെ സാന്നിധ്യത്തിൽ മദ്യപിക്കുകയും ചെയ്തെന്നാണ് പരാതി.
നേരത്തെ, കൊടിസുനി ജയിലിൽ ഫോൺ ഉപയോഗിച്ച സംഭവവും വിവാദമായിരുന്നു. സിറ്റി പൊലീസ് കമീഷണറാണ് എസ്കോട്ടുപോയ മൂന്ന് സിവിൽ പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

