കൊടകര കുഴൽപണക്കേസ്: തിരൂർ സതീഷിന്‍റെ മൊഴിയെടുത്തു
text_fieldsതിരൂർ സതീശ്
തൃശൂർ: കൊടകര കുഴൽപണക്കേസില്‍ അടിയന്തരമായി തുടരന്വേഷണ നടപടികൾ ആരംഭിച്ച് പൊലീസ്. ബി.ജെ.പിയുടെ ജില്ല ഓഫിസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷിന്റെ മൊഴി ഇന്നലെ പ്രത്യേക സംഘം രേഖപ്പെടുത്തി. 11 മണിയോടെ തൃശൂർ പൊലീസ് ക്ലബില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കൊടുങ്ങല്ലൂര്‍ എ.സി.പി വി.കെ. രാജുവിനു മുമ്പാകെയാണ് സതീഷ് മൊഴി നല്‍കാനെത്തിയത്.
മൊഴിയെടുക്കല്‍ രണ്ടു മണിക്കൂറിലധികം നീണ്ടു. ബി.ജെ.പി ഓഫിസിലെത്തിച്ച പണത്തിന്റെ വിവരങ്ങളും അത് ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകളും കൈമാറിയിട്ടുണ്ടെന്ന് മൊഴിയെടുപ്പിനുശേഷം സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
സതീഷിന്റെ മൊഴി ഉടൻ വിശദമായി അന്വേഷണ സംഘം വിലയിരുത്തും. കൂടുതൽ വ്യക്തത വേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ സതീഷിൽനിന്ന് വീണ്ടും മൊഴിയെടുക്കും. സാക്ഷിപ്പട്ടികയിലുള്ള ചിലരുടെ മൊഴിയും അടുത്ത ദിവസങ്ങളിൽ വീണ്ടും രേഖപ്പെടുത്തും. തുടർന്നാവും ബി.ജെ.പി നേതാക്കളെ ചോദ്യംചെയ്യുക. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെയും ചോദ്യംചെയ്യുമെന്നാണ് വിവരം.
തിരൂര്‍ സതീഷ് ഒക്ടോബർ 31ന് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പൊലീസ് തുടരന്വേഷണത്തിന് കോടതിയുടെ അനുമതി തേടിയത്. കൊടകരയിൽ കവർന്ന പണം ചാക്കുകളിലാക്കി ഓഫിസിൽ എത്തിച്ചെന്നായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ.
കേസ് അന്വേഷണ സമയത്ത് ഇക്കാര്യം മറച്ചുവെച്ച് വ്യാജമൊഴി നൽകിയത് നേതാക്കളുടെ സമ്മർദം മൂലമായിരുന്നെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. കേസിൽ 14ാം സാക്ഷിയാണ് സതീഷ്. തുടരന്വേഷണത്തിന് അനുമതി നൽകിയ കോടതി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

