കൊടകര കുഴൽപണക്കടത്ത്; ഇ.ഡിക്ക് മുഖ്യസാക്ഷിയെ വേണ്ട
text_fieldsതൃശൂർ: കൊടകര കുഴൽപണ കേസ് ‘കെട്ടിപ്പൂട്ടാൻ’ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരുങ്ങുന്നത് കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ മുഖ്യ സാക്ഷിയെപ്പോലും കേൾക്കാതെ.
കേരള പൊലീസ് രജിസ്റ്റർ ചെയ്ത കവർച്ചക്കേസിൽ കള്ളപ്പണത്തിന്റെ കാര്യം അന്വേഷിക്കാൻ ഇ.ഡിയെ അറിയിച്ചിട്ടും കുറെക്കാലം ഉഴപ്പിയ ഇ.ഡി കേരള ഹൈകോടതി പല തവണ കേസന്വേഷണ പുരോഗതി ആരാഞ്ഞപ്പോഴാണ് ചെറിയതോതിലെങ്കിലും ഉണർന്നത്. ഒടുവിൽ, കഴിഞ്ഞ ദിവസം ഇ.ഡി ഹൈകോടതിയെ അറിയിച്ചത് അന്വേഷണം പൂർത്തിയായെന്നും വൈകാതെ കുറ്റപത്രം സമർപ്പിക്കുമെന്നുമാണ്. ഈ വിവരം കേട്ട് അത്ഭുതപ്പെടുകയാണ്, ഏതാണ്ട് മൂന്നു മാസം മുമ്പ് കുഴൽപണക്കടത്തിൽ വഴിത്തിരിവാകേണ്ട വിവരങ്ങൾ വെളിപ്പെടുത്തിയ ബി.ജെ.പി തൃശൂർ ജില്ല കമ്മിറ്റി ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് മൂന്നര കോടി രൂപ തട്ടിയെടുത്തെന്ന കേസാണ് കേരള പൊലീസ് രജിസ്റ്റർ ചെയ്തത്.
പണം എവിടെനിന്ന് വന്നുവെന്നത് സംബന്ധിച്ച ദുരൂഹത ഇപ്പോഴും നീങ്ങിയില്ലെന്ന് മാത്രമല്ല, ഇ.ഡി ഏറെ പ്രാധാന്യമുള്ള ഈ വശം അന്വേഷിച്ചിട്ടുമില്ല എന്നാണ് അറിയുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ചാക്കുകളിലാക്കി ഒമ്പതു കോടി രൂപ ബി.ജെ.പി തൃശൂർ ജില്ല കമ്മിറ്റി ഓഫിസിൽ എത്തിയെന്നും താനടക്കമുള്ളവർ ചാക്കുകളിൽ ചുമന്ന് കയറ്റിയെന്നും ഒരു രാത്രി ചാക്കുകൾക്ക് കാവലിരുന്നെന്നും തിരൂർ സതീഷ് മൂന്നു മാസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലാണ് തണുത്തുറഞ്ഞുകിടന്ന കുഴൽപണക്കടത്ത് കേസിൽ വഴിത്തിരിവായത്.
സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും അന്വേഷണസംഘം തുടരന്വേഷണത്തിന് കോടതിയുടെ അനുമതി വാങ്ങുകയും ചെയ്തിരുന്നു. കുന്നംകുളം കോടതി സതീഷിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ബി.ജെ.പി ഓഫിസിലെത്തിച്ച പണത്തിൽ ബാക്കിവന്ന ഒന്നര കോടിയോളം രൂപ ഒന്നര മാസത്തിനുശേഷം ജില്ല ഭാരവാഹികളിൽ ചിലർ കൊണ്ടുപോയ കാര്യവും സതീഷ് പിന്നീട് പറഞ്ഞിരുന്നു. ഇങ്ങനെയെത്തിയ കുഴൽപണംകൊണ്ട് ബി.ജെ.പി നേതാക്കൾ വാഹനങ്ങൾ അടക്കമുള്ള ആസ്തി ഉണ്ടാക്കിയതായും സതീഷ് പറഞ്ഞിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തോടും കോടതിയോടും എല്ലാ വിവരങ്ങളും പറഞ്ഞതായും സതീഷ് വ്യക്തമാക്കിയിരുന്നു. സതീഷിനെ വിളിപ്പിക്കുകയോ മൊഴിയെടുക്കുകയോ ചെയ്യാതെയും പണത്തിന്റെ ഉറവിടം അന്വേഷിക്കാതെയും ഇ.ഡി അന്വേഷണം അവസാനിപ്പിക്കുമ്പോഴാണ് ‘ബി.ജെ.പിയെ രക്ഷിക്കാനുള്ള അന്വേഷണം’ എന്ന ആരോപണം പ്രസക്തമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

