വിദേശ വനിതയുടെ കൊലപാതകം: മൃതദേഹം ദഹിപ്പിച്ചതിൽ സംശയമുണ്ട് -ഭർത്താവ്
text_fieldsതിരുവനന്തപുരം: കോവളത്ത് ലിത്വേനിയൻ സ്വദേശിനിയുടെ കൊലപാതകത്തിൽ സർക്കാറിനെതിരെയും പൊലീസിനെതിരെയും ആഞ്ഞടിച്ച് ഭർത്താവ് ആൻഡ്രൂ ജോർദാൻ. ബന്ധുക്കൾ ആവശ്യപ്പെട്ടെന്നപേരിൽ മൃതദേഹം ദഹിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും കൊലപാതകം നടന്നതിനുശേഷം സംഭവിച്ചതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ആൻഡ്രൂ സംസ്ഥാന സർക്കാറിനെതിരെ രംഗത്തെത്തിയത്. നിലവിൽ പിടിയിലായവരാണ് യാഥാർഥ പ്രതികളെന്ന് തോന്നുന്നില്ല. ആരെയെങ്കിലും മുന്നിൽ നിർത്തി കേസ് അവസാനിപ്പിക്കാനാണ് പൊലീസിന് താൽപര്യം. കേസിലെ ദുരൂഹതകള്‍ മാറ്റാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജൂൺ ആറിന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതിനെതുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
ബലാത്സംഗം നടന്നതായി കണ്ടെത്തിയിട്ടുപോലും മൃതദേഹം സംസ്കരിച്ചത് സർക്കാറിെൻറ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. ഒരിക്കലും ഇത്തരം കേസുകളിൽ കുടുംബക്കാർ ആവശ്യപ്പെട്ടാൽപോലും മൃതദേഹം സംസ്കരിക്കാൻ പാടില്ലെന്ന് സർക്കാറിനും പൊലീസിനും അറിയാവുന്നതാണ്. മൃതദേഹം ദഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മനുഷ്യാവകാശ കമീഷെൻറ ഉത്തരവ് ഡി.ജി.പിക്ക് നേരിട്ട് കൈമാറിയെങ്കിലും ഒപ്പിട്ട് വാങ്ങാൻ അദ്ദേഹം തയാറായില്ല.
തുടർന്ന് 45 മിനിറ്റിനുശേഷം മൃതദേഹം സംസ്കരിച്ചു. സംസ്‌കാരചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക് ചെയ്തു. ക്രിസ്തീയ ആചാരപ്രകാരം മൃതദേഹം ദഹിപ്പിക്കാറില്ല. എന്നിട്ടും ദഹിപ്പിച്ചത് അന്വേഷണം ഇവിടം കൊണ്ട് നിർത്താനുള്ള സർക്കാറിെൻറ ഗൂഢ ഉദ്ദേശ്യത്തിെൻറ ഭാഗമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലോ ഫോറൻസിക് റിപ്പോർട്ടിലോ മൃതദേഹത്തിെൻറ പഴക്കം പറയുന്നില്ല. കെമിക്കൽ റിപ്പോർട്ട് വരുന്നതിന് മുമ്പ് സംസ്കരിക്കുകയായിരുന്നു.
കേസ് ഒതുക്കിത്തീര്‍ക്കാന്‍ ടൂറിസം വകുപ്പിെൻറ ഭാഗത്തുനിന്ന് തുടരെ ശ്രമങ്ങൾ ഉണ്ടായി. കുറച്ച് പണവും കൊടുത്ത് സഹോദരിയെ പറഞ്ഞയച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ അറിഞ്ഞത് മാധ്യമങ്ങളില്‍നിന്നാണ്. പൊലീസ് ഒരുകാര്യവും തന്നോട് പങ്കുവെക്കാന്‍ തയാറായില്ലെന്നും ആന്‍ഡ്രൂ ആരോപിക്കുന്നു. തങ്ങളെ സഹായിക്കാന്‍ ശ്രമിച്ചവരെ അപമാനിക്കാന്‍ ശ്രമമുണ്ടായി. കേസില്‍ അറസ്റ്റിലായവര്‍ക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയില്ല. ഇത്തരത്തിലുള്ളവരുടെ കൂടെ തെൻറ ഭാര്യ പോയി എന്നത് വിശ്വസിക്കാനാകില്ല.
പരിചയമില്ലാത്തവരുമായി അവർ ഇടപഴകാറില്ല. അവരെ ആരൊക്കെയോ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം കണ്ടൽക്കാട്ടിൽ കൊണ്ടിട്ടതാകാം. കണ്ടൽക്കാട്ടിൽ കൈരേഖകൾ തിരയുന്ന പൊലീസ് തെൻറ ഭാര്യയുടെ നഷ്ടപ്പെട്ട എട്ട് പല്ലുകൾ കണ്ടെത്തിയിട്ടില്ല. നീതി ലഭിച്ചില്ലെങ്കിൽ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും ആൻഡ്രൂ ജോർദാൻ വ്യക്തമാക്കി. അഡ്വ. ഡാനി ജെ. പോളും വാർത്തസമ്മേളത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
