മൂവാറ്റുപുഴ: സെർവർ തകരാർമൂലം റേഷൻ വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ സംഘർഷം പതിവായതോടെ പ്രത്യക്ഷ സമരത്തിനൊരുങ്ങി റേഷൻകടക്കാർ.
ഇ-പോസ് യന്ത്രവും സെർവറും തകരാറാകുന്നത് പതിവായിട്ട് നാളുകളായി. ഇതുമൂലം റേഷൻകടകളുടെ പ്രവർത്തനം താളംതെറ്റുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് രൂക്ഷമാകുകയും ചെയ്തു. ഇതുമൂലം റേഷൻകടകൾ സംഘർഷമേഖലയായി.
സാധനങ്ങൾ ലഭിക്കണമെങ്കിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേടിലാണ് കാർഡ് ഉടമകൾ. ഇതോടെ റേഷൻകട ഉടമകൾക്കെതിരെ ജനങ്ങൾ കൈയേറ്റത്തിനുവരെ മുതിരുന്ന സംഭവങ്ങളും വർധിക്കുകയാണ്.
ഇതിൽ പ്രതിഷേധിച്ച് റേഷൻ കടകൾ അടച്ചുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ജോണി നെല്ലൂർ അറിയിച്ചു.