വൈപ്പിൻ: മുറ്റത്ത് ഭീമൻ പെരുമ്പാമ്പ് തെരുവുനായെ വിഴുങ്ങുന്നതുകണ്ട് വീട്ടുകാർ അലറിവിളിച്ചു. ആളുകൾ ഓടി ക്കൂടിയപ്പോഴേക്കും പാമ്പ് സ്ഥലം വിട്ടു. ശനിയാഴ്ച രാവിലെ തെക്കൻ മാലിപ്പുറം ബസ് സ്റ്റോപ്പിനു പടിഞ്ഞാറുള്ള കളത്തിപ്പറമ്പിൽ ലൂസിയുടെ ഗേറ്റിനു മുന്നിലാണ് സംഭവം.
രാവിലെ എഴുന്നേറ്റ വീട്ടമ്മ മുറ്റത്ത് എന്തോ അനങ്ങുന്നത് കണ്ട് ഇറങ്ങി നോക്കിയപ്പോഴാണ് പെരുമ്പാമ്പ് നായെ വിഴുങ്ങുന്നത് കണ്ടത്. വാലും കാലും ഉൾപ്പെടെ പകുതിയോളം അകത്താക്കിയ പാമ്പിനെ കണ്ട് വീട്ടമ്മ അലറിവിളിച്ചു. അയൽവാസികൾ എത്തിയപ്പോഴേക്കും പാമ്പ് പ്രദേശത്തുള്ള ചതുപ്പിലേക്ക് ഇഴഞ്ഞുപോയി. സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡൻറ് പൊലീസിലും വനം വകുപ്പിലും വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെ പൂച്ചയെയും കാണാതായിരുന്നു. അതിനെയും പാമ്പ് പിടിച്ചതാകാമെന്ന് വീട്ടുകാർ പറയുന്നു.