കൊച്ചി: ലോകത്തുതന്നെ അത്യപൂർവമായ പി നൾ (പി.പി) ഗ്രൂപ്പിലുള്ള രക്തത്തിനു കാത്തുനിൽക്കാതെ തന്നെ കൊച്ചിയിൽ ചികിത്സയിലുള്ള കുരുന്നിന് ശസ്ത്രക്രിയ. അഞ്ചു വയസ്സുകാരി അനുഷ്ക സന്തോഷിനാണ് അമൃത ആശുപത്രിയിൽ സ്വന്തം രക്തം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയത്. വ്യാഴാഴ്ച നടന്ന എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നേതൃത്വം നൽകിയ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു. കുട്ടി ആരോഗ്യവതിയാണ്. ശസ്ത്രക്രിയ തീർന്നതിെൻറ ആശ്വാസത്തിലാണ് അച്ഛനും അമ്മയും.
ഗുജറാത്തിൽ താമസിക്കുന്ന മലപ്പുറം സ്വദേശികളുടെ മകളാണ് അനുഷ്ക. കഴിഞ്ഞ വർഷം കെട്ടിടത്തിനു മുകളിൽനിന്ന് വീണ് തലയോട്ടിക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഈ കുരുന്നിന് ശസ്ത്രക്രിയ ആവശ്യമായി വന്നത്. ഇന്ത്യയിൽ അനുഷ്ക ഉൾെപ്പടെ രണ്ടുപേർക്കു മാത്രമേ പി നൾ രക്തഗ്രൂപ്പിൽപെട്ട രക്തമുള്ളൂ. ഇതിൽ രണ്ടാമത്തെയാളിൽനിന്ന് രക്തമെടുക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെങ്കിലും എ.ബി.ഒ ചേർച്ചയില്ലാത്തതിനാൽ പരാജയപ്പെട്ടു. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഇന്ത്യക്കു പുറത്തുനിന്ന് രക്തമെത്തിക്കാനുള്ള കാമ്പയിൻ ഉൾെപ്പടെ നടത്തി.
എന്നാൽ, കാത്തിരിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, നിലവിലെ ശസ്ത്രക്രിയ പൂർണവിജയമായില്ലെങ്കിൽ പിന്നീട് മറ്റൊരു ശസ്ത്രക്രിയ കൂടി വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അങ്ങനെയാണെങ്കിൽ രക്തം ആവശ്യമായി വരും. നാലുദിവസം കഴിഞ്ഞാലേ ഇതേകുറിച്ച് വ്യക്തമാകുകയുള്ളൂവെന്നും പൂർണവിജയമാണെന്ന ശുഭപ്രതീക്ഷയുണ്ടെന്നും ഡോ. അയ്യർ പറഞ്ഞു. ഭാവിയിൽ കുട്ടിക്ക് ഇതുപോലുള്ള ആവശ്യങ്ങൾ വല്ലതും ഉണ്ടായാലോ എന്ന ചിന്തയിൽ രക്തം തേടിയുള്ള അന്വേഷണത്തിലാണ് രക്തദാതാക്കളുടെ കൂട്ടായ്മയും മറ്റും.