പണിമുടക്കിൽ പങ്കെടുക്കില്ല; കൊച്ചി മെട്രൊ സർവീസ് നടത്തും
text_fieldsകൊച്ചി: സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്കിനിടയിൽ കൊച്ചി മെട്രൊ സർവീസ് നടത്തുമെന്ന് അധികൃതർ. പണിമുടക്ക് ദിവസങ്ങളായ ഇന്നും നാളെയും മെട്രോ സർവീസ് തടസ്സപ്പെടില്ലെന്ന് അധികൃതർ അറിയിച്ചു.
ട്രെയിൻ ഗതാഗതം തടസപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ വിഭാഗത്തെയും സമരം ബാധിക്കില്ല. പാൽ, പത്രം, ആശുപത്രികൾ, എയർപോർട്ട്, ഫയർ ആൻറ് റെസ്ക്യൂ എന്നീ അവശ്യസർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, കെ.ടി.യു.സി, യു.ടി.യു.സി തുടങ്ങി പത്തോളം സംഘടനകളാണ് പണിമുടക്കുന്നത്.
കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്, ഓട്ടോ, ടാക്സി സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്, കർഷകസംഘടനകൾ, മത്സ്യ വിപണന മേഖല, സഹകരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ സർവീസ് സംഘടനകൾ, അധ്യാപക സംഘടനകൾ തുടങ്ങി നൂറിൽപ്പരം അനുബന്ധ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. പെട്രോൾ പമ്പ് ജീവനക്കാരുടെ സംഘടനകളും സമരത്തിന്റെ ഭാഗമാകും.
തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയവയാണ് സമരത്തിലെ പ്രധാന ആവശ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

