ഓണത്തെ വരവേറ്റ് കൊച്ചി മെട്രോ; അഞ്ച് ദിവസത്തിൽ യാത്ര ചെയ്തത് ആറ് ലക്ഷം
text_fieldsകഴിഞ്ഞ ദിവസം മെട്രോ ട്രെയിനിൽ അനുഭവപ്പെട്ട തിരക്ക്
കൊച്ചി: നഗരം ഓണത്തിരക്കിലമരുമ്പോൾ കൊച്ചി മെട്രോയും ഓണാഘോഷങ്ങളെ വരവേറ്റ് ഓടികൊണ്ടിരിക്കുകയാണ്. കൊച്ചിയിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നതിനിടെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് ആറ് ലക്ഷത്തോളം പേരാണ്. കൂടാതെ അധിക സർവിസുകളും പുതിയ ഫീഡർ സർവിസുമുൾപ്പെടെ ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചു. കൊച്ചി മെട്രോ, കേരളം മെട്രോ എന്നാക്കി മാറ്റാനുള്ള തീരുമാനം വിവാദമാകുന്നതിനിടെയാണ് ഓണത്തിരക്കിന്‍റെ പിടിയിൽ മെട്രോ ഓടിമുന്നേറുന്നത്.
അഞ്ചു ദിവസം; ആറു ലക്ഷം യാത്രക്കാർ...
ആഗസ്റ്റ് 16 മുതൽ 20 വ്യാഴം വരെ 6,05,772 യാത്രക്കാരാണ് മെട്രോ സർവിസിനെ ആശ്രയിച്ചത്. എല്ലാ ദിവസവും ഒരുലക്ഷത്തിലേറെ യാത്രക്കാർ മെട്രോയിൽ കയറിയതായാണ് കണക്ക്. 16ന് 1,05,829 പേരും 17 ന് 1,26,043 പേരും 18ന് 1,24,018 പേരും 19ന് 1,21,931 യാത്രക്കാരും 20ന് 1,27,951 പേരുമാണ് മെട്രോയിൽ യാത്ര ചെയ്തത്.
ഓണത്തിനോടനുബന്ധിച്ച് ഷോപ്പിംഗിനും മറ്റുമായി നഗരത്തിലെത്തുന്നവർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് മെട്രോ ട്രെയിനിനെയാണ്. റോഡിലെ ഗതാഗതക്കുരുക്കിൽ അകപ്പെടാതെ ഏറ്റവും വേഗത്തിലും കൃത്യവും സുരക്ഷിതവുമായി ലക്ഷ്യസ്ഥാനത്ത് എത്തുവാൻ സഹായിക്കുന്നതാണ് കൂടുതൽ പേരെ മെട്രോയിലേക്ക് ആകർഷിക്കുന്നത്. ആലുവ, ഇടപ്പള്ളി, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളെയാണ് യാത്രക്കാർ കൂടുതൽ ആശ്രയിച്ചത്.
ആഗസ്റ്റ് ഒന്ന് മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് 14 നാണ്. 1,35,124 പേരാണ് സ്വാതന്ത്ര ദിനത്തലേന്ന് മെട്രോയിലൂടെ സുരക്ഷിത യാത്ര നടത്തിയത്. മെട്രോയുടെ ചരിത്രത്തിൽ കഴിഞ്ഞ പുതുവർഷത്തലേന്ന് പുലർച്ചെ രണ്ടു വരെ 1,39,766 പേർ യാത്ര ചെയ്തതാണ് ഇതുവരെ ഒരു ദിവസം ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തതിന്റെ റെക്കോഡ്.
ഇന്ന് മുതൽ അധിക സർവിസ്
ഓണത്തോടനുബന്ധിച്ച് കൊച്ചി മെട്രോ റെയിൽ അധിക ട്രെയിൻ സർവീസുകൾ ശനിയാഴ്ച്ച മുതൽ ആരംഭിക്കും. ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ തിരക്കുള്ള സമയങ്ങളിൽ 6.45 മിനിട്ട് ഇടവേളയിൽ നാല് അധിക സർവീസുകൾ നടത്തും. ഞായറാഴ്ച് രണ്ട് ട്രെയിനുകൾ കൂടുതലായി സർവീസ് നടത്തും. ഉച്ചകഴിഞ്ഞ് 2.30 മുതൽ 7.13 മിനിറ്റ് ഇടവേളയിൽ എട്ട് അധിക ട്രിപ്പുകളാകും ഞായറാഴ്ച് ഉണ്ടാകുക. ഈ ദിവസങ്ങളിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ഒരു ട്രെയിൻ കൂടി സജ്ജമായിരിക്കുമെന്നും കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.
തൃക്കാക്കര ക്ഷേത്രത്തിലേക്ക് ഫീഡർബസ്
ഓണത്തോടനുബന്ധിച്ച് ഞായറാഴ്ച മുതൽ തിരുവോണ ദിനമായ ആഗസ്റ്റ് 26 വരെ കുസാറ്റ് മെട്രോ സ്റ്റേഷനിൽ നിന്നും തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് ഉണ്ടായിരിക്കും. രാവിലെ 6.30 മുതൽ രാത്രി 8 വരെ 30 മിനുട്ട് ഇടവേളയിലായിരിക്കും സർവീസ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

