അന്തിമ സുരക്ഷ പരിശോധന തുടങ്ങി
text_fields
കൊച്ചി: മെട്രോ റെയിൽ സുരക്ഷ കമീഷെൻറ (സി.എം.ആർ.എസ്) നേതൃത്വത്തിൽ കൊച്ചി മെട്രോയുടെ സുരക്ഷ പരിശോധന ആരംഭിച്ചു. ആലുവ മുതൽ പാലാരിവട്ടംവരെയുള്ള ആദ്യഘട്ട പാതയുടെ കമീഷനിങ്ങിന് അനുമതി ലഭിക്കുന്നതിനുള്ള നിർണായക പരിശോധനയാണിത്.
മെട്രോ റെയിൽ സേഫ്റ്റി കമീഷണർ കെ.എം. മനോഹരെൻറ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെ ആലുവ സ്റ്റേഷനിൽനിന്നാണ് പരിശോധന തുടങ്ങിയത്. പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം സ്റ്റേഷൻ എന്നിവയും തുടർന്ന് പരിശോധിച്ചു. വെള്ളിയാഴ്ചവരെ പരിശോധന തുടരും. പരിശോധനഫലം ഒരാഴ്ചക്കുള്ളിൽ അറിയാനാകും. സ്റ്റേഷനിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള സൗകര്യങ്ങൾ, യാത്രക്കാർക്കുള്ള ദിശാസൂചകങ്ങൾ, വിവരം അറിയാനുള്ള സംവിധാനം, കൺട്രോൾ റൂം, എസ്കലേറ്റർ, ലിഫ്റ്റ്, സ്റ്റേഷനുകളിലെ കുടിവെള്ള ലഭ്യത, ടിക്കറ്റിങ്, ഒാഫിസ്, കസ്റ്റമർ കെയർ സംവിധാനം എന്നിവയെല്ലാം പരിശോധിച്ചു. മെട്രോ ജീവനക്കാർക്ക് നൽകിയ പരിശീലനത്തിെൻറ വിശദാംശങ്ങളും സംഘം വിലയിരുത്തി. ട്രെയിനിൽ യാത്ര ചെയ്താണ് പാളം പരിശോധിച്ചത്.
വ്യാഴാഴ്ചത്തെ പരിശോധന മുട്ടത്തുനിന്ന് തുടങ്ങും. കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴപാർക്ക് എന്നീ സ്റ്റേഷനുകളിലെ സൗകര്യങ്ങൾ വിലയിരുത്തും. വെള്ളിയാഴ്ച ചങ്ങമ്പുഴ പാർക്കിൽനിന്നു തുടങ്ങുന്ന പരിശോധന പാലാരിവട്ടത്ത് അവസാനിക്കും. ഇതിനുശേഷം മുട്ടം യാർഡിലും പരിശോധനയുണ്ടാകും. പരിശോധന പൂർത്തിയായാൽ ഒരാഴ്ചക്കകം സുരക്ഷ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന്് മെട്രോ അധികൃതർ പറഞ്ഞു. എന്തെങ്കിലും അപാകതകൾ കണ്ടെത്തിയാൽ അത് പരിഹരിക്കാനുള്ള നിർദേശവും മെട്രോ അധികൃതർക്ക് നൽകും. ഇതു പരിഹരിച്ച് സുരക്ഷ കമീഷണറുടെ അനുമതി ലഭിച്ചാലേ മെട്രോ സർവിസ് തുടങ്ങാനാകൂ.
സുരക്ഷ കമീഷണറുടെ സർട്ടിഫിക്കറ്റ് ഒരു തടസ്സവുമില്ലാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് പറഞ്ഞു. മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സൗകര്യം എന്നാണെന്നറിഞ്ഞാൽ ഉദ്ഘാടന തീയതി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
