Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി മേയർ:...

കൊച്ചി മേയർ: പ്രതികരണവുമായി ദീപ്തി മേരി വർഗീസ്; ‘സങ്കടമില്ല, ഒരു ബാർഗയിനിങ്ങും ഞാൻ നടത്തിയിട്ടില്ല’

text_fields
bookmark_border
കൊച്ചി മേയർ: പ്രതികരണവുമായി ദീപ്തി മേരി വർഗീസ്; ‘സങ്കടമില്ല, ഒരു ബാർഗയിനിങ്ങും ഞാൻ നടത്തിയിട്ടില്ല’
cancel

കൊച്ചി: തന്നെ പരിഗണിക്കാതെ അഡ്വ. വി.കെ. മിനിമോളെയും ഷൈനി മാത്യുവിനെയും കൊച്ചി കോർപറേഷൻ മേയറായി പ്രഖ്യാപിച്ച കോൺഗ്രസ് നീക്കത്തിൽ പ്രതികരണവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. മേയറായി പാർട്ടി പ്രഖ്യാപിച്ച രണ്ടുപേർക്കും തന്റെ പിന്തുണയുണ്ടെന്നും യാതൊരു തരത്തിലുള്ള ബാർഗയിനിങ്ങും താൻ നടത്തിയിട്ടില്ലെന്നും നടത്തുകയുമി​ല്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

‘ഇവിടെ ഒരു പ്രശ്നവുമില്ല. രണ്ടുപേരെ മേയർ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുപേർക്കും എന്റെ പിന്തുണയുണ്ട്. യാതൊരു തരത്തിലുള്ള ബാർഗയിനിങ്ങും ഞാൻ നടത്തിയിട്ടില്ല, നടത്തുന്നുമില്ല. പാർട്ടി ഇനിയും എന്താണോ പറയുന്നത് അത് ഞാൻ ചെയ്യും. എനിക്ക് ഇപ്പോൾ വലിയൊരു ഉത്തരവാദിത്വം ഉണ്ടല്ലോ. ഞാൻ കെപിസിസി ജനറൽ സെക്രട്ടറി ആണ്. എന്നെ ജയിപ്പിച്ച ജനങ്ങളുണ്ട്, എറണാകുളത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയം ഡിവിഷൻ ആണ് എന്റേത്. ഇവിടുത്തെ ജനങ്ങൾ എന്നെ ഏൽപ്പിച്ച വലിയ ഉത്തരവാദിത്വം ചെയ്യുക എന്നതിൽ കവിഞ്ഞ മറ്റൊന്നും ഇപ്പോൾ ആലോചിക്കുന്നില്ല’ -ദീപ്തി മേരി വർഗീസ് പറഞ്ഞു.

‘ഒരു ബാർഗെയിനിങ്ങിനും ഞാൻ പാർട്ടിയുടെയോ നേതാക്കളുടെയോ മു​ന്നിൽ പോകില്ല. ഇതിനു പകരം മറ്റെന്തെങ്കിലും സ്ഥാനം വേണമെന്ന് ഞാൻ ചോദിച്ചിട്ടില്ല. അതൊക്കെ തീരുമാനിക്കേണ്ടത് കെ.പി.സി.സി നേതൃത്വവും ഉത്തരവാദിത്വപ്പെട്ട ആളുകളുമാണ്. എന്തെങ്കിലും വീഴ്ചകൾ എവിടെയെങ്കിലും സംഭവിച്ചു എന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് തിരുത്തേണ്ടത് അതിന് ഉത്തരവാദിത്തപ്പെട്ട ആളുകളാണ്. എനിക്ക് പറയേണ്ട ഒരു പ്ലാറ്റ്‌ഫോം വന്നാൽ നിർദേശങ്ങൾ നൽകും, എന്നാൽ എനിക്ക് പരാതിയില്ല. രാഷ്ട്രീയ പ്രസ്ഥാനത്തിൽ അതൊരു കൂട്ടായ പ്രവർത്തനമാണ്, ചിലപ്പോൾ ചില വീഴ്ചകൾ ഉണ്ടായെന്നിരിക്കും. ആ വീഴ്ചകൾ തിരുത്തി പോകുന്നത് പ്രസ്ഥാനത്തിന് എപ്പോഴും നല്ലതാണ്.

എനിക്ക് മറ്റൊരു കാര്യത്തിലും പരാതിയില്ല. യാതൊരു നിഷേധവും ഉണ്ടായെന്ന് ഞാൻ പറയുന്നില്ല. രണ്ടുപേരെ വെച്ചതിൽ എനിക്ക് പ്രയാസമില്ല, ഞാൻ അവരോടൊപ്പമാണ്. പക്ഷേ കെ.പി.സി.സി നിർദേശങ്ങൾ പാലിക്കപ്പെടാതെ, അത്തരത്തിലുള്ള ഒരു പ്രോസസ്സ് നടത്താതെ എനിക്ക് പാർലമെന്ററി പാർട്ടിയിൽ പിന്തുണ കുറവാണ് എന്ന രീതിയിൽ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അതിനോട് മാത്രം എനിക്ക് എതിർപ്പുണ്ട്. മേയറെ തീരുമാനിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് ആരൊക്കെയാണെന്ന് നിങ്ങൾക്ക് അറിയാവുന്നതാണ്, അതിൽ ആരൊക്കെയാണ് ഈ പ്രോസസ്സിൽ പങ്കാളികളായതെന്ന് അവർ ആലോചിക്കട്ടെ.

ഞാൻ ഒരു ഗ്രൂപ്പിന്റെ വക്താവായി നിന്നുകൊണ്ടല്ല ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പാർലമെന്ററി പാർട്ടിയിലെ ബഹുഭൂരിപക്ഷം കൗൺസിലർമാരും എനിക്ക് വലിയ പിന്തുണ നൽകിയിരുന്നു. ആ പിന്തുണ രേഖപ്പെടുത്തുന്ന പ്രോസസ്സിൽ ഒരു മാറ്റം വന്നു എന്നതൊഴിച്ചാൽ, ഇപ്പോഴും ബഹുഭൂരിപക്ഷം കൗൺസിലർമാരും എന്നെ വിളിക്കുകയും അഭിപ്രായങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ കൂടെ ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. യുഡിഎഫിന്റെ തിരിച്ചുവരവാണ് എന്റെ ലക്ഷ്യം.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരാൻ വേണ്ടി മാത്രമാണ് ഞാൻ പ്രവർത്തിക്കുന്നത്. ഇതൊക്കെ വളരെ നിസ്സാരമായ കാര്യമായിട്ടേ ഞാൻ കാണുന്നുള്ളൂ.

ടേം വ്യവസ്ഥകളെക്കുറിച്ച് എന്നോട് നേതൃത്വം ഒന്നും ചോദിച്ചിട്ടില്ല, അത്തരത്തിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ല. മേയർ ആകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ട ഒരു പ്രോസസ്സ് ഉണ്ടായിരുന്നു. കെ.പി.സി.സി സർക്കുലറിൽ പറഞ്ഞ രീതിയിൽ നിന്ന് ചില വ്യത്യാസങ്ങൾ അവിടെ ഉണ്ടായിട്ടുണ്ട്. മേയർ ആകാൻ വേണ്ടി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളല്ല ഞാൻ. സംവരണ രാഷ്ട്രീയം വരുന്നതിന് മുൻപേ രാഷ്ട്രീയ രംഗത്തും സംഘടനാ രംഗത്തും ഉണ്ടായിരുന്ന ആളാണ്’ -ദീപ്തി പറഞ്ഞു.

ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും ഉദ്വേഗഭരിതമായ മണിക്കൂറുകൾക്കുമൊടുവിലാണ് അഡ്വ. വി.കെ. മിനിമോളെ കൊച്ചി കോർപറേഷൻ മേയറായി കോൺഗ്രസ് പ്രഖ്യാപിച്ചത്. ആദ്യ രണ്ടരവർഷമാണ് മിനിമോൾ മേയറാവുക. തുടർന്നുള്ള രണ്ടരവർഷം ഷൈനി മാത്യു മേയറാകും. കൂടുതൽ സാധ്യത കൽപിക്കപ്പെട്ടിരുന്ന, കോൺഗ്രസ് നേതൃത്വത്തിന്‍റെ മുഖ്യ പരിഗണനയിലുണ്ടായിരുന്ന ദീപ്തി മേരി വർഗീസിനെ വെട്ടിയാണ് മിനിമോൾക്കും ഷൈനിക്കും പാർട്ടി മേയർ പദവി സമ്മാനിച്ചത്.

ഡെപ്യൂട്ടി മേയർപദവിയും രണ്ടുപേർക്കാണ് നൽകുന്നത്. മിനിമോളുെട കാലയളവിൽ ദീപക് ജോയിയും ഷൈനിയുടെ കാലയളവിൽ കെ.വി.പി. കൃഷ്ണകുമാറും ഡെപ്യൂട്ടി മേയറാവുമെന്ന് ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അറിയിച്ചു. ചുമതല ലഭിച്ചവരെല്ലാം കോൺഗ്രസിന്‍റെ പ്രതിനിധികളാണ്.

പാർട്ടി കോർ കമ്മിറ്റി യോഗത്തിനു ശേഷം ഡി.സി.സി പ്രസിഡൻറാണ് പ്രഖ്യാപനം നടത്തിയത്. മേയർ ആരായിരിക്കണമെന്ന് കോൺഗ്രസ് കൗൺസിലർമാരോട് അഭിപ്രായം തേടാൻ തിങ്കളാഴ്ച രാത്രി പ്രത്യേക പാർലമെന്‍ററി പാർട്ടി യോഗം ചേർന്നിരുന്നു. കൂടുതൽ പേരും മിനിമോളുടെയും ഷൈനിയുടെയും പേര് അഭിപ്രായപ്പെടുകയായിരുന്നു. എന്നാൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പക്ഷക്കാരിയായ ദീപ്തിയുടെ പേര് പാർട്ടി നേതൃത്വത്തിനിടയിൽ അവസാന നിമിഷംവരെ ഉണ്ടായിരുന്നു. എന്നാൽ കൗൺസിലർമാരുടെ അഭിപ്രായത്തിന് പ്രാധാന്യം നൽകിയാണ് കോർ കമ്മിറ്റി യോഗം മിനിമോളെയും ഷൈനിയെയും തീരുമാനിച്ചത്.

കെ.പി.സി.സി മാനദണ്ഡങ്ങൾ ലംഘിച്ചാണ് തീരുമാനമെന്ന് വിമർശിച്ച് ദീപ്തി മേരി വർഗീസ് കെ.പി.സി.സി നേതൃത്വത്തിന് വാക്കാൽ പരാതി നൽകിയിട്ടുണ്ട്. 26നാണ് മേയർ തെരഞ്ഞെടുപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi mayorMalayalam NewsDeepthi Mary VargheseKerala News
News Summary - kochi mayor post deepthi mary varghese
Next Story