ദീപ്തി മേരി വർഗീസിനെ വെട്ടി; കൊച്ചി മേയർ സ്ഥാനം വി.കെ. മിനിമോളും ഷൈനി മാത്യുവും പങ്കിടും
text_fieldsകൊച്ചി: കൊച്ചി മേയർ സ്ഥാനം വി.കെ. മിനിമോളും ഷൈനി മാത്യുവും പങ്കിടുമെന്ന് സൂചന. മേയർ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടതിൽ മുൻതൂക്കമുണ്ടായിരുന്ന ദീപ്തി മേരി വർഗീസിനെ വെട്ടാനുള്ള ധാരണയിലാണ് ഗ്രൂപ്പുകൾ. ആദ്യ രണ്ടര വർഷം മഹിള കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ വി.കെ. മിനിമോളെയും രണ്ടാം ടേമിൽ ഷൈനി മാത്യുവിനേയും മേയറാക്കാനാണ് ധാരണ. ഡെപ്യൂട്ടി മേയർ സ്ഥാനവും ടേം വ്യവസ്ഥയിലായിരിക്കും.
പാർലമെന്‍ററി പാർട്ടി യോഗത്തിൽ കൂടുതൽ പിന്തുണ ലഭിച്ചത് ഷൈനി മാത്യുവിനായിരുന്നു. 19 പേർ ഷൈനി മാത്യുവിനെയും 17 പേർ മിനിമോളെയും പിന്തുണച്ചെന്നാണ് വിവരം. നാല് പേർ മാത്രമാണ് ദീപ്തി മേരി വർഗീസിന് ഒപ്പം നിന്നത്. പ്രതിപക്ഷ നേതാവിന്‍റെ കൂടി അനുമതിയോടെയാണ് മിനിമോളും ഷൈനിയും മേയർ സ്ഥാനം പങ്കിടാനുള്ള തീരുമാനമെന്നാണ് വിവരം. ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് ദീപ്തിയോടുള്ള അഭിപ്രായ വ്യത്യാസമാണ് തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്.
വലിയ വിജയം നേടിയിട്ടും ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും കോൺഗ്രസിന് മേയറെ തീരുമാനിക്കാനായിട്ടില്ല എന്നത് രാഷ്ട്രീയ കേരളത്തിൽ ചർച്ചയായാകുന്നുണ്ട്. എന്നാൽ കൊച്ചി മേയർ സംബന്ധിച്ച് തർക്കമില്ലെന്നും പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കുന്ന ആൾ പദവിയിൽ എത്തുമെന്നും ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് നേരത്തെ പറഞ്ഞിരുന്നു. സ്ഥാനാർഥിത്വം കൊടുത്തവരെല്ലാം പാർട്ടിക്ക് മുകളിലല്ല. സാമുദായിക പരിഗണന മേയർ പദവിയിലേക്കുള്ള ഘടകമല്ലെന്നും ഷിയാസ് പറഞ്ഞു. മേയർ പദവിയിലേക്ക് മതേതര കാഴ്ചപ്പാടും സാമുദായിക സമവാക്യങ്ങളും പരിഗണിക്കും. പാർട്ടിക്ക് വിധേയയായി പ്രവർത്തിക്കുന്നവരാണ് മേയർ ആകേണ്ടതെന്നുമായിരുന്നു ദീപ്തി മേരി വർഗീസ് പറഞ്ഞത്.
കൊച്ചി കോർപറേഷനിലെ 76 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 46 സീറ്റും എൽ.ഡി.എഫ് 20 സീറ്റും എൻ.ഡി.എ ആറ് സീറ്റും മറ്റുള്ളവർ നാല് സീറ്റും നേടി. 2020ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 31 സീറ്റിലും എൽ.ഡി.എഫ് 34 സീറ്റിലും എൻ.ഡി.എ അഞ്ച് സീറ്റിലും മറ്റുള്ളവർ നാല് സീറ്റിലും വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

