കൊച്ചി-കോഴിക്കോട് അതിവേഗ ബോട്ട്; ഓണ വാഗ്ദാനത്തിന് രണ്ടുവയസ്
text_fieldsകൊച്ചി: കൊച്ചി-കോഴിക്കോട് അതിവേഗ ബോട്ട് സർവിസെന്ന ഓണ വാഗ്ദാനത്തിന് രണ്ടുവയസ്സ്. 2016ൽ പ്രഖ്യാപിച്ച സർവിസിനായി ഹൈഡ്രോഫോയിൽ ബോട്ടുകൾ കൊച്ചിയിൽ എത്തിച്ചെങ്കിലും പരിശോധന ഉൾപ്പെടെ പൂർത്തിയായിട്ടില്ല. യാത്രക്കൊപ്പം വിനോദസഞ്ചാരവും ലക്ഷ്യമിടുന്ന പദ്ധതിയാണ് സാങ്കേതികതയുടെ പേരിൽ മുടങ്ങിക്കിടക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ, ഉമ്മൻ ചാണ്ടിയാണ് സർവിസ് പ്രഖ്യാപിച്ചത്. ഓണത്തിന് സർവിസ് ആരംഭിക്കുമെന്നായിരുന്നു വാഗ്ദാനം. ട്രെയിൻ മാർഗം നാലുമണിക്കൂറും ബസ് മാർഗം അഞ്ചു മണിക്കൂറും വേണമെന്നിരിക്കെ രണ്ടര-മൂന്നു മണിക്കൂറിനുള്ളിൽ കോഴിക്കോട് എത്താമെന്നതായിരുന്നു അതിവേഗ ബോട്ടിെൻറ നേട്ടം.
പൂർണമായും ശീതീകരിച്ച ബോട്ടിൽ ആഢംബര യാത്രക്കൊപ്പം വിനോദ സഞ്ചാരികളെയും ലക്ഷ്യമിട്ടായിരുന്നു പദ്ധതി. തുറമുഖവകുപ്പിെൻറ നിയന്ത്രണത്തിൽ ടോളിൻസ് ഗ്രൂപ്പിനുകീഴിലുള്ള കാലടിയിലെ സേഫ് ബോട്ട് ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡാണ് നടത്തിപ്പ് ഏറ്റെടുത്തത്. 40 കോടി ചെലവിട്ട് ഗ്രീസിലെ ആതൻസിൽനിന്ന് രണ്ട് ബോട്ടുകൾ കൊച്ചി വാർഫിൽ എത്തിച്ചു. എന്നാൽ, പരിശോധനയും രജിസ്ട്രേഷനും യഥാസമയം പൂർത്തിയായില്ല. ബോട്ടുകൾ കൊണ്ടുവന്ന നടപടിക്രമങ്ങളിലും വീഴ്ചയുണ്ടായി. ഉപയോഗിച്ച ബോട്ടുകളായതിനാൽ പോരായ്മകൾ പരിഹരിച്ച് ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിങ്ങിെൻറ സർട്ടിഫിക്കറ്റും നേടണം. ഇതോടെ പദ്ധതി അനിശ്ചിതമായി നീളുകയായിരുന്നു.
അതേസമയം, ബോട്ടുകളുടെ സാങ്കേതിക പരിശോധന ഉൾപ്പെടെ കാര്യങ്ങൾ അവസാനഘട്ടത്തിലാണെന്നാണ് ടോളിൻസ് ഗ്രൂപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം. പരിശോധന പൂർത്തിയായാലുടൻ സർവിസ് ആരംഭിക്കും. എന്നാൽ, ഓണത്തിന് സർവിസ് ആരംഭിക്കാനാകുമെന്ന് ഉറപ്പുപറയാനാകില്ലെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
