പട്ടയ മേളക്കൊരുങ്ങി കൊച്ചി: 1012 പട്ടയങ്ങൾ വിതരണം ചെയ്യും
text_fieldsകൊച്ചി: സർക്കാരിന്റെ രണ്ടാം വാർഷികത്തിനോട് അനുബന്ധിച്ച് 19ന് കളമശേരി ടൗൺഹാളിൽ നടക്കുന്ന പട്ടയമേളയിൽ 1012 പേർക്ക് കൂടി പട്ടയം വിതരണം ചെയ്യും. രാവിലെ 10 ന് മന്ത്രി കെ. രാജൻ പട്ടയ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.
എല്ലാവർക്കും ഭൂമി എല്ലാം ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പട്ടയമേളയിൽ ജില്ലയിലെ ഏഴ് താലൂക്കുകളിലായി 124 സാധാരണ പട്ടയങ്ങളും 288 ദേവസ്വം പട്ടയങ്ങളും 600 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും വിതരണം ചെയ്യും. കൂടാതെ 13 അപേക്ഷകർക്ക് കൈവശാവകാശ രേഖകളും കൈമാറും
കണയന്നൂർ താലൂക്കിൽ 12, ആലുവയിൽ 13 ഉം, പറവൂരിൽ നാലും കൊച്ചി താലൂക്കിൽ 18 ഉം, മൂവാറ്റുപുഴയിൽ 16ഉം കോതമംഗലത്ത് 30ഉം, കുന്നത്തുനാട്ടിൽ 31ഉം സാധാരണ പട്ടയങ്ങളാണ് വിതരണത്തിന് ഒരുങ്ങിയിരിക്കുന്നത്.
പട്ടയം നൽകാൻ കഴിയാത്ത റോഡ്, തോട് ഉൾപ്പെടെയുള്ള പുറമ്പോക്കുകളിൽ കഴിയുന്നവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് കൈവശാവകാശ രേഖ നൽകുന്നത്. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യാതിഥിയാകും. എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, തോമസ് ചാഴിക്കാടൻ എന്നിവരും ജില്ലയിൽ നിന്നുള്ള എം.എൽ.എമാരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

