കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ; ഉത്തരവിട്ട് ഹൈക്കോടതി
text_fieldsകൊച്ചി: വൈറ്റിലയിലെ സൈനികർക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ടു ടവറുകൾ പൊളിക്കണമെന്ന് ഉത്തരവിട്ട് ഹൈകോടതി. ചന്ദർ കുഞ്ച് എന്ന ഫ്ലാറ്റിന്റെ ബി, സി ടവറുകളാണ് പൊളിച്ച് പണിയേണ്ടത്.
ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്നു കാണിച്ച് താമസക്കാരുതന്നെ നൽകിയ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥർക്കും വിരമിച്ചവർക്കുമായിട്ടാണ് 2018 ൽ ഫ്ലാറ്റ് നിർമിച്ചത്.
ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ രണ്ട് ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ടവറുകൾ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് കോടതി നിർദ്ദേശം നല്‍കി.
ഫ്ലാറ്റുകൾ പൊളിച്ച് നീക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിർമിക്കുന്ന ഫ്ലാറ്റുകൾക്ക് വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
മൂന്ന് ടവറുകൾ ആയി 264 ഫ്ലാറ്റുകളാണ് സ്ഥലത്തുള്ളത്. ഫ്ലാറ്റുകളുടെ താമസക്കാർക്ക് പ്രതിമാസ വാടക നൽകണമെന്നും പുതിയ ഫ്ലാറ്റുകളുടെ നിർമാണം പൂർത്തിയാകും വരെ അത് തുടരണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 21000 മുതൽ 23000 വരെ രൂപ മാസ വാടക ഇനത്തിൽ നൽകണമെന്നാണ് നിര്‍ദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.