ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ കൊച്ചി കോർപറേഷൻ അപ്പീൽ നൽകും
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ കൊച്ചി കോർപറേഷൻ അപ്പീൽ നൽകും. മേയർ എം. അനിൽ കുമാറാണ് ഇക്കാര്യമറിയിച്ചത്. കോർപറേഷന്റെ ഭാഗം കേൾക്കാതെയാണ് ഹരിത ട്രൈബ്യൂണൽ പിഴ അടക്കാൻ ഉത്തരവിട്ടത്. നഷ്ടം കണക്കാക്കാതെയാണ് പിഴ ചുമത്തിയതെന്നും മേയർ വ്യക്തമാക്കി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് കേരള ഹൈകോടതിക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാറിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലും (എൻ.ജി.ടി) രൂക്ഷ വിമർശനം നടത്തിയത്. ബ്രഹ്മപുരം പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്നും പ്രശ്നങ്ങൾക്ക് കാരണം മോശം ഭരണമാണെന്നും കുറ്റപ്പെടുത്തിയ എ.കെ. ഗോയലിന്റെ അധ്യക്ഷതയിലുള്ള ട്രൈബ്യൂണൽ ബെഞ്ച്, ആവശ്യമായി വന്നാല്‍ 500 കോടി രൂപ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകി.
സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ നൽകിയ വിശദീകരണത്തിൽ തൃപ്തരാകാതിരുന്ന ബെഞ്ച് പരിസ്ഥിതി നഷ്ടപരിഹാരമായി 500 കോടി രൂപ വരെ പിഴ ചുമത്താന്‍ അര്‍ഹമായ വിഷയമാണിതെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു. ഹൈകോടതി ഉത്തരവിന് കടകവിരുദ്ധമായ ഇടപെടലുകള്‍ തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാർച്ച് ആറിനാണ് എൻ.ജി.ടി സ്വമേധയ കേസ് രജിസ്റ്റർ ചെയ്തത്.