കൊച്ചി കോർപറേഷൻ സെക്രട്ടറിക്ക് കോൺഗ്രസ് പ്രവർത്തകരുടെ മർദനം
text_fieldsകൊച്ചി: കോൺഗ്രസിന്റെ ഉപരോധ സമരത്തിനിടെ കൊച്ചി കോർപറേഷൻ സെക്രട്ടറിക്ക് മർദനം. സമരം മൂലം സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർക്ക് ഇന്ന് ഓഫീസിൽ ജോലിക്കെത്താൻ സാധിച്ചിരുന്നില്ല. കോർപറേഷൻ ഓഫീസിന് സമീപത്തെ പാർക്കിലിരുന്ന് ജീവനക്കാർ ഫയൽ നോക്കുകയാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് മർദനം.
കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദറിന് പുറമേ ക്ലർക്ക് വിജയകുമാറിനും മർദനമേറ്റു. പിന്നീട് പൊലീസെത്തിയാണ് കോർപറേഷൻ ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകരുടെ മർദനത്തിൽ നിന്നും രക്ഷിച്ചത്. പാർക്കിലിരുന്ന് ഫയൽ നോക്കിയിട്ടില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്ക് മർദനമേറ്റതിന് പിന്നാലെയാണ് കൊച്ചി കോർപറേഷനിൽ യു.ഡി.എഫ് സമരം പ്രഖ്യാപിച്ചത്. രാവിലെ അഞ്ച് മുതൽ വൈകീട്ട് അഞ്ച് വരെയാണ് സമരം. രാവിലെ സമരം തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കോർപറേഷൻ ഓഫീസിലേക്കുള്ള കവാടം അടച്ച് സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് സംഘർഷമുണ്ടായത്.