100 കോടി പിഴ ഒഴിവാക്കാൻ വഴിതേടി കോർപറേഷൻ
text_fieldsകൊച്ചി: ബ്രഹ്മപുരം തീപിടിത്തവും പുകയും നിമിത്തം ഉണ്ടായ പരിസ്ഥിതി മലിനീകരണത്തിന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ട 100 കോടി രൂപ പിഴ ഒഴിവാക്കി കിട്ടാൻ കോർപറേഷൻ വഴിതേടുന്നു. ഹൈകോടതിയെയോ, സുപ്രീംകോടതിയെയോ സമീപിക്കാനാണ് കോർപറേഷൻ നീക്കം. ഇതു സംബന്ധിച്ച നിയമവശങ്ങൾ പരിശോധിച്ചുവരുകയാണ്. കോർപറേഷന്റെ വാദം കേൾക്കാതെ ഏകപക്ഷീയ വിധിയാണെന്നതും നഷ്ടം കണക്കാക്കാതെയാണ് പിഴ വിധിച്ചതെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് നീക്കം.
ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ മാലിന്യസംസ്കരണത്തിൽ കോർപറേഷൻ കർമ പദ്ധതി തയാറാക്കി. ഉറവിട മാലിന്യ സംസ്കരണം ഊർജിതമാക്കാൻ നടപടി തുടങ്ങി. ഉറവിട മാലിന്യസംസ്കരണത്തിന് സൗകര്യമില്ലാത്തവരിൽനിന്ന് മാലിന്യം തരംതിരിച്ച് കോർപറേഷൻ തൊഴിലാളികൾ വീടുകളിലെത്തി ശേഖരിക്കും. ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്ന മാലിന്യത്തിന്റെ അളവ് പരമാവധി കുറക്കുന്നതിനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. സ്ഥലമുള്ളവർക്ക് വീട്ടുവളപ്പിലും അല്ലാത്തവർക്ക് വീട്ടുവളപ്പിന് പുറത്ത് വീപ്പ സ്ഥാപിച്ച് ഉറവിട മാലിന്യസംസ്കരണം നടത്താനും സൗകര്യമൊരുക്കും.