കൊച്ചി കോർപറേഷൻ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെ സസ്പെൻഡ് ചെയ്തു
text_fieldsകൊച്ചി: കൈക്കൂലിക്കേസിൽ പിടിയിലായ കൊച്ചി കോർപറേഷൻ വൈറ്റില സോണൽ ഓഫിസിലെ ബിൽഡിങ് ഇൻസ്പെക്ടർ എ. സ്വപ്നയെ സസ്പെൻഡ് ചെയ്തു. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സസ്പെൻഷൻ. ഇവർക്കെതിരെ ആരോപിക്കെപ്പട്ട കുറ്റം ഗൗരവതരമായതിനാൽ കർശന നടപടികൾക്കായി എൽ.എസ്.ജി.ഡി െഡപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് തൃശൂർ സ്വദേശിനിയും കോർപറേഷനിലെ ഓവർസിയറുമായ സ്വപ്നയെ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. വൈറ്റില സോണൽ ഓഫിസിലെ ബിൽഡിങ് ഇൻസ്‌പെക്ടറായ ഇവർ കെട്ടിട നിർമാണ പ്ലാൻ അംഗീകരിക്കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വൈറ്റിലക്കുസമീപം പൊന്നുരുന്നിയിൽ റോഡരികിൽ കാറിൽ വെച്ച് പണം വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. സ്വന്തം വാഹനത്തിലാണ് സ്വപ്ന കൈക്കൂലി വാങ്ങാൻ എത്തിയത്. ഇവർ റിമാൻഡിൽ കഴിയവേയാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്.
കൊച്ചി കോര്‍പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലെ മുന്‍നിരയിലുള്ള ആളാണ് സ്വപ്ന. വിജിലന്‍സിന്‍റെ മുന്നില്‍ത്തന്നെ ഇവർക്കെതിരെ പലരും മുമ്പും പരാതിയുമായെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകളടക്കമുള്ള കാര്യങ്ങൾ വിജിലൻസ് പരിശോധിച്ചുവരുകയാണ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.
2023ൽ കൊച്ചിയിലെത്തിയ ഇവർ നൽകിയ മുഴുവൻ ബിൽഡിങ് പെർമിറ്റ് രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. വൈറ്റില സ്വദേശിയുടെ അഞ്ചുനില കെട്ടിടത്തിന് പ്ലാൻ അംഗീകരിക്കാൻ ഓരോ നിലക്കും 5000 രൂപ വീതം 25,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. അപേക്ഷകൻ സാമ്പത്തിക പ്രയാസം പറഞ്ഞതോടെ 15,000ത്തിൽ ഒതുക്കുകയായിരുന്നു. സാധാരണ ഏജൻറുമാർ വഴിയാണ് കൈക്കൂലി സ്വീകരിച്ചിരുന്നത്. എന്നാൽ, അവധിക്ക് നാട്ടിൽ പോകേണ്ടതിനാലാണ് കാറിൽ മക്കളുമായി ഇവർ പൊന്നുരുന്നിയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

