ബ്രോഡ് വേ തീപിടിത്തം: കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക റിപ്പോർട്ട്
text_fieldsകൊച്ചി: ബ്രോഡ് വേ മാർക്കറ്റിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക റിപ്പോർട്ട്. അഗ്നിസുരക്ഷാ വിഭാഗത്തിന്‍റെ റിപ്പോർട്ട് എറണാകുളം ജില്ലാ കലക്ടർക്ക് കൈമാറി.
കെ.സി പാപ്പു ആൻഡ് സൺസ് എന്ന കടയുടെ മുകൾവശത്ത് ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് വഴിവെച്ചത്. തീപിടിത്തം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് അഗ്നിസുരക്ഷാ വിഭാഗം വൈകാതെ സമർപ്പിക്കും.
ബ്രോഡ് വേയിലടക്കം നഗരത്തിലെ പല കെട്ടിടങ്ങൾക്കും അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഇല്ല. ഇക്കാര്യത്തിൽ കർശന മാർഗരേഖ പുറപ്പെടുവിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ വ്യാപാരികളുമായി പൊലീസ് കമീഷണർ ഇന്ന് ചർച്ച നടത്തും.
എറണാകുളം ബ്രോഡ്വേയിലെ ക്ലോത്ത് ബസാറിലാണ് ഇന്നലെ വൻ തീപിടിത്തമുണ്ടായത്. തയ്യലുപകരണങ്ങളും മറ്റും വിൽക്കുന്ന കെ.സി. പപ്പു ആൻഡ് സൺസ് എന്ന സ്ഥാപനത്തിന്റെ രണ്ടാം നിലയിലുണ്ടായ അഗ്നിബാധ വളരെ വേഗത്തിൽ സമീപത്തെ രണ്ട് കടകളിലേക്കു കൂടി വ്യാപിക്കുകയായിരുന്നു.
രാവിലെ ജീവനക്കാരെത്തി സ്ഥാപനം തുറന്ന ശേഷം 9.50ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം. രാവിലെ കട തുറന്ന ശേഷം മെയിൻ സ്വിച്ച് ഓണാക്കി അൽപസമയം കഴിഞ്ഞതോടെയാണ് തീ പടർന്നു പിടിച്ചതെന്നാണ് കെട്ടിട ഉടമകളുടെ മൊഴി.
ഫയർഫോഴ്സിന്‍റെയും പൊലീസിന്‍റെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ വലിയ ദുരന്തമൊഴിവാക്കി. രണ്ടുകോടിയുടെ നഷ്ടമുണ്ടായെന്നാണ് കെട്ടിട ഉടമകളുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
