അതിവേഗം വളരുന്ന പത്ത് നഗരങ്ങളിൽ കൊച്ചിയും തിരുവനന്തപുരവും
text_fieldsകൊച്ചി: രാജ്യത്ത് അതിവേഗം വളരുന്ന പത്ത് നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും കൊച്ചിയും ഇടംപിടിച്ചു. 17 ടയർ-2 നഗരങ്ങളിൽനിന്ന് തയാറാക്കിയ പത്ത് നഗരങ്ങളുടെ ചുരുക്കപ്പട്ടികയിലാണ് കേരളത്തിലെ രണ്ട് നഗരങ്ങൾ ഉൾപ്പെട്ടത്. അതിവേഗം വളരുന്ന രണ്ട് നഗരങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്.
ക്രെഡായ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖ റിയൽ എസ്റ്റേറ്റ് സേവനദാതാവായ കുഷ്മൻ ആൻഡ് വേക്ക്ഫീൽഡ് ഇന്ത്യ തയാറാക്കിയ റിപ്പോർട്ടിലാണ് കേരളത്തിലെ രണ്ട് നഗരങ്ങൾ അതിവേഗ വളർച്ചയുടെ പാതയിലാണെന്ന് കണ്ടെത്തലുള്ളത്. റിപ്പോർട്ട് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. ജയ്‌പൂർ, സൂറത്ത്, കോയമ്പത്തൂർ, വിശാഖപട്ടണം, ഇൻഡോർ, നാഗ്പൂർ, ലഖ്നോ, ഭുവനേശ്വർ തുടങ്ങിയ മഹാനഗരങ്ങൾക്കൊപ്പമാണ് കൊച്ചിയും തിരുവനന്തപുരവും സ്ഥാനംപിടിച്ചത്.
സ്വതന്ത്ര വീടുകൾ എന്ന കാഴ്ചപ്പാടിൽനിന്ന് മികച്ച അപ്പാർട്മെന്‍റുകൾ എന്നതിലേക്ക് മലയാളിയുടെ അഭിരുചി അതിവേഗം മാറുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ അടുത്ത റിയൽ എസ്റ്റേറ്റ് വികസനകുതിപ്പിൽ കേരളത്തിന് നിർണായക സ്ഥാനമുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു. രാജ്യത്തെ പൊതു നിരക്കിനേക്കാൾ ഉയർന്ന തോതിലാണ് കേരളത്തിലെ നഗരവത്കരണം. കോഴിക്കോട്, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ അതിവേഗം വളരുന്ന നഗരങ്ങളെന്നും റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

