ഭിന്നത മറനീക്കി; രഞ്ജിത്തിനെതിരെ അന്വേഷണത്തിന് കെ.ഒ.എ
text_fieldsഎം.ആർ. രഞ്ജിത്
തിരുവനന്തപുരം: ദേശീയ ഗെയിംസിലെ മോശം പ്രകടനത്തെ തുടർന്ന് സംസ്ഥാന സ്പോർട്സ് കൗൺസിലും കേരള ഒളിമ്പിക് അസോസിയേഷനും (കെ.ഒ.എ) തമ്മിലുള്ള പോര് രൂക്ഷമാകുന്നു.
കായികമന്ത്രിക്കെതിരെ താരങ്ങളുമായി പരസ്യപ്രതിഷേധം നടത്തിയതിന് തിരുവനന്തപുരം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീറിനെ സർക്കാർ നീക്കിയതിന് ‘പ്രതികാരമായി’ മന്ത്രിക്ക് അനുകൂലമായി നിന്ന സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റും കെ.ഒ.എ ട്രഷററുമായ എം.ആർ. രഞ്ജിത്തിനെതിരെ കേരള ഒളിമ്പിക് അസോസിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഒളിമ്പിക് അസോസിയേഷനെ ‘കേരള ഒഴിക്കൽ അസോസിയേഷ’നെന്നാണ് പ്രസിഡന്റ് യു. ഷറഫലി വിശേഷിപ്പിച്ചത്. രഞ്ജിത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഈ അധിക്ഷേപ പരാമർശം. അസോസിയേഷനെ മോശമായി വിശേഷിപ്പിച്ചിട്ടും സംഘടനയുടെ പ്രമുഖ സ്ഥാനത്തിരിക്കുന്നയാൾ ആ പരാമർശം തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനോ തിരുത്താനോ തയാറായില്ലെന്ന് കെ.ഒ.എ പ്രസിഡന്റ് വി. സുനിൽകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രഞ്ജിത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഇന്നലെ ചേർന്ന കെ.ഒ.എ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. കൂടാതെ സ്പോർട്സ് കൗൺസിൽ വിളിച്ച വാർത്തസമ്മേളനത്തിലെ രഞ്ജിത്തിന്റെ പരാമർശങ്ങളും നിലപാടുകളും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പി. മോഹൻദാസ്, വൈസ്. പ്രസിഡന്റുമാരായ എസ്.എൻ. രഘുചന്ദ്രൻ നായർ, അസോ.വൈസ് പ്രസിഡന്റുമാരായ പത്മിനി തോമസ്, അഡ്വ. അജിത്ത് എന്നിവരടങ്ങിയ നാലംഗ കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചു.
കെ.ഒ.എ ട്രഷററായ രഞ്ജിത്ത് എസ്.എസ്. സുധീറിനെതിരെ അച്ചടക്കനടപടി വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുമ്പോൾ സുധീറിന് സർക്കാറിനെതിരെയുള്ള നിയമപോരാട്ടത്തിന് വേണ്ട എല്ലാ സഹായവും നൽകാനാണ് ഒളിമ്പിക് അസോസിയേഷന്റെ തീരുമാനം.
ഹാൻഡ്ബാൾ അസോസിയേഷൻ ഭാരവാഹി കൂടിയായ സുധീറിനെതിരെയുള്ള നടപടി സർക്കാർ പിൻവലിക്കണമെന്നും കായിക സംഘടനകൾ സർക്കാറിൽ നിന്ന് കാശുവാങ്ങി പുട്ടടിച്ചുവെന്നും ഹാൻഡ്ബാൾ ടീം ഒത്തുകളിച്ചെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്ന് സുനിൽകുമാർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ദേശീയ ഗെയിംസിൽ മെഡൽ നേടിയ താരങ്ങളെ അണിനിരത്തി സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് കെ.ഒ.എയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

