അറിവിനെ ജനോപകാരപ്രദമാക്കി മാറ്റണം- ഡോ.ആർ. ബിന്ദു
text_fieldsതിരുവനന്തപുരം:അറിവിനെ ജനോപകാരപ്രദമാക്കി മാറ്റണമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. തൃക്കാക്കര ഗവ മോഡൽ എഞ്ചിനീയറിങ് കോളജിൽ പുതിയതായി നിർമിച്ച മെഷീൻ ടൂൾ ലാബിന്റെയും കോമൺ കമ്പ്യൂട്ടിങ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പഠന - ഗവേഷണങ്ങളിലായി വിദ്യാർഥികൾ ആർജ്ജിക്കുന്ന അറിവ് പൊതുസമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉപകരിക്കണം.
വിദ്യാർഥി കേന്ദ്രീകൃതമായ വിദ്യാഭ്യാസ സമ്പ്രദായം വളർത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി കരിക്കുലം പരിഷ്കാരമുൾപ്പെടെ നടപ്പിലാക്കി. വിദ്യാർഥികൾ തന്നെ അറിവിന്റെ സ്രഷ്ടാക്കളായി മാറണം. അറിവ് ഉപയോഗിച്ച് ജീവിതനിലവാരം ഉയർത്തുന്നതിനോടൊപ്പം നാടിന്റെ സമ്പദ്ഘടനയുടെ വിപുലീകരണവും സാധ്യമാകണം.
ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകി മുന്നേറുന്ന സർക്കാർ സ്ഥാപനമാണ് തൃക്കാക്കര മോഡൽ എൻജിനീയറിങ് കോജ്. സംസ്ഥാനത്ത് എഞ്ചിനീയറിങ് മേഖലയിൽ മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആലോചിച്ചപ്പോൾ അതിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടത് മോഡൽ എൻജിനീയറിങ് കോജ് ആണ്.
അതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് സയൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നീ മേഖലകളിൽ ഏറ്റവും പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുള്ള പഠന അന്തരീക്ഷം ഇവിടെ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ രണ്ട് മികവിന്റെ കേന്ദ്രങ്ങളിൽ ഒന്ന് തൃക്കാക്കര മോഡൽ എൻജിനീയറിങ് കോജ് ആണെന്നും മന്ത്രി പറഞ്ഞു.
മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഈ കലാലയത്തിൽ നിന്ന് ജനോപകാരപ്രദമായ ധാരാളം ശ്രമങ്ങൾ ഏറ്റെടുക്കപ്പെട്ടിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായ സ്പീച്ച് തെറാപ്പിക്ക് സഹായകമാകുന്ന സാങ്കേതികവിദ്യ, പച്ചക്കറികളിലും പഴങ്ങളിലും ഹാനികരമായ കീടനാശിനികൾ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള സാങ്കേതികവിദ്യ, മറവി രോഗമുള്ളവർക്ക് സഹായകമാവുന്ന സാങ്കേതികവിദ്യ തുടങ്ങിയവ വികസിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദാർഹമാണ്. നവ കേരള സൃഷ്ടിയിൽ വഴികാട്ടിയായി മാറാൻ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിയട്ടെ എന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികളിൽ ഉടലെടുക്കുന്ന നൂതനാശയങ്ങളെ സംരംഭങ്ങളായി വളർത്താനുള്ള എല്ലാവിധ പിന്തുണയും സർക്കാർ നൽകുന്നുണ്ട്. യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം, ഇൻക്യുബേഷൻ സെന്ററുകൾ, ഇൻഡസ്ട്രി ഓൺ കാമ്പസ്, കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ മുതലായ പദ്ധതികൾ ഇതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
ഐ.എച്ച്.ആർ.ഡിയുടെ വാർഷിക പദ്ധതി വിഹിതത്തിൽ നിന്നും 220 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക നിലവാരത്തിൽ ആണ് മെഷീൻ ടൂൾ ലബോറട്ടറിയും കോമൺ കമ്പ്യൂട്ടിംഗ് സെന്ററും നിർമിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ഉമ തോമസ് എം.എൽ.എ ഓൺലൈനായി അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, ഐ.എച്ച്.ആർ.ഡി ഡയറക്ടർ വി.എ അരുൺകുമാർ, നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ നൗഷാദ് പല്ലച്ചി, നഗരസഭ കൗൺസിലർ ഇ.പി കാദർ കുഞ്ഞ്, കോളേജ് ഡീൻ ഡോ. വി.ജി രാജേഷ്, പ്രിൻസിപ്പാൾ ഡോ. എം.ജി മിനി, കമ്പ്യൂട്ടർ വകുപ്പ് മേധാവി ഡോ. വി.പി ബിനു, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി. രാകേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് അനിൽ ജോസഫ്, കോളേജ് സെനറ്റ് ചെയർപേഴ്സൺ സന മരിയ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.