സ്ഥാനാര്‍ഥിയെ അറിയാന്‍ കെ.വൈ.സി ആപ്
text_fieldsതൊടുപുഴ: വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ നിങ്ങള്‍ക്ക് അറിയണോ? നോ യുവര്‍ കാന്‍ഡിഡേറ്റ് ആപ് (കെ.വൈ. സി) ഫോണിലുണ്ടെങ്കില്‍ വിവരങ്ങള്‍ നിങ്ങളുടെ വിരല്‍ത്തുമ്പിലുണ്ട്. സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ ലഭ്യമാക്കി സുതാര്യവും കാര്യക്ഷമവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുക എന്നത് ലക്ഷ്യമിട്ടാണ് ഇലക്ഷന് കമീഷന് ഇത്തരത്തിലൊരു ആപ് ഒരുക്കിയത്. സ്ഥാനാര്‍ഥിയുടെ പേര് വിവരങ്ങള്‍, പാര്‍ട്ടി, മത്സരിക്കുന്ന മണ്ഡലം, അവരുടെ പേരില്‍ നിലവിലുള്ളതോ മുമ്പ് ഉണ്ടായിരുന്നതോ ആയ കേസുകളുടെ വിവരങ്ങള്‍, മറ്റ് സാമ്പത്തിക വിവരങ്ങള്‍ തുടങ്ങിയവ ആപ്പില്‍ ലഭിക്കും.
നാമനിർദേശ പത്രികയുടെ കൂടെ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. പ്ലേ സ്റ്റോറില്‍നിന്നോ ആപ് സ്റ്റോറില്‍നിന്നോ ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഒരു മണ്ഡലത്തിലെ എല്ലാ സ്ഥാനാര്‍ഥികളെയും ലഭിക്കണമെങ്കില്‍ തൊട്ട് താഴെയുള്ള ‘സെലക്ട് ക്രൈറ്റീരിയ’ ലിങ്കില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ലഭിക്കുന്ന കോളങ്ങളില്‍ പാര്‍ലമെന്റ് മണ്ഡലം, ഇലക്ഷന്റെ പേര്, സംസ്ഥാനം, മണ്ഡലം എന്നിവ രേഖപ്പെടുത്തി 'സബ്മിറ്റ്' ചെയ്യണം.
സ്ഥാനാര്‍ഥിയുടെ ഫോട്ടോയോടൊപ്പം പേര്, രാഷ്ട്രീയ പാര്‍ട്ടി, നാമനിർദേശ പത്രികയുടെ നില, മത്സരിക്കുന്ന മണ്ഡലം, ക്രിമിനല്‍ പശ്ചാത്തലം ഉണ്ട്/ഇല്ല എന്നീ വിവരങ്ങളാണ് ആദ്യം ലഭിക്കുക. വീണ്ടും ക്ലിക്ക് ചെയ്താല്‍ അഫിഡവിറ്റ്, ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെങ്കില്‍ അവയുടെ വിവരങ്ങള്‍ ലഭ്യമാകുന്ന ലിങ്കുകള്‍ കാണാന്‍ സാധിക്കും. അഫിഡവിറ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫയല്‍ നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ആകും.
ഉപഭോക്താകള്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ആപ്പിന്റെ പ്രധാന പേജില്‍ വിവരങ്ങള്‍ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള ലിങ്കുകളും നല്‍കിയിട്ടുണ്ട്. നാമനിര്‍ദേശ പത്രികകള്‍ (മുഴുവന്‍), മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികള്‍, സ്വീകരിച്ച നാമനിര്‍ദ്ദേശ പത്രികകള്‍, തള്ളിയ നാമനിർദേശ പത്രികകള്‍, പിന്‍വലിച്ച നാമനിർദേശ പത്രികകള്‍ എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസറാണ് നോമിനേഷന് സ്വീകരിച്ച ശേഷം സ്ഥാനാര്‍ഥിയുടെ വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

