പി.എം ശ്രീ: സംസ്ഥാനഭാവി അപകടപ്പെടുത്താന്‍ തലവെച്ചുകൊടുക്കുന്നത് ലജ്ജാകരം, കരാര്‍ റദ്ദാക്കണം -കെ.എന്‍.എം
text_fieldsകോഴിക്കോട്: നവോത്ഥാന മതേതരമൂല്യങ്ങളെ തകര്‍ത്തെറിയുന്ന ദേശീയ പാഠ്യപദ്ധതി നടപ്പാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പി.എം ശ്രീ കരാറില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മന്ത്രിസഭയെയും പാര്‍ട്ടിയെയും മുന്നണിയെയും വിശ്വാസത്തിലെടുക്കാതെ കരാര്‍ ഒപ്പിട്ടതില്‍ ദുരൂഹതയുണ്ട്. ആശങ്കയകറ്റാന്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് കരാറില്‍നിന്ന് പിന്മാറണം. വിദ്യാഭ്യാസത്തിന്റെ കാവിവത്കരണത്തിനെതിരെ മുന്നില്‍ നടന്ന ഇടതുപക്ഷം കേവല കോടികള്‍ കിട്ടുമെന്നായാല്‍ സംസ്ഥാനഭാവി തന്നെ അപകടപ്പെടുത്താന്‍ തലവെച്ചുകൊടുക്കുന്നത് ലജ്ജാകരമാണ്. കരാറിനെതിരെ സംസ്ഥാനത്തെ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങള്‍ രംഗത്തിറങ്ങും.
പൗരത്വം തെളിയിക്കാനുള്ള ബാധ്യത ജനങ്ങളില്‍ കെട്ടിയേൽപിച്ച് കേന്ദ്രസര്‍ക്കാറും തെരഞ്ഞെടുപ്പ് കമീഷനുംകൂടി നടത്തുന്ന ഭരണഘടന വിരുദ്ധ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയ നേതൃത്വങ്ങള്‍ തുടരുന്ന മൗനം ആശങ്കാജനകമാണെന്നും അവർ വ്യക്തമാക്കി.
കെ.എൻ.എം പ്രസിഡന്റ് സി.പി. ഉമര്‍സുല്ലമി, അഡ്വൈസര്‍ ഡോ. ഇ.കെ. അഹ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി എം. അഹമ്മദ്കുട്ടി മദനി, എ.കെ. അബ്ദുല്‍ ഹമീദ് മദനി, എന്‍.എം. അബ്ദുല്‍ ജലീല്‍, ബി.പി.എ. ഗഫൂര്‍, പ്രഫ. കെ.പി. സകരിയ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

